ഭൂമി തിരിമറി : പോലീസ് കൊല്ലം ബിഷപ്പിന്റെ മൊഴിയെടുത്തു

#

കൊല്ലം (07-03-18) : സഭയുടെ സ്ഥലം കൈമാറ്റം ചെയ്തതിൽ അഴിമതി നടത്തി എന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് എതിരായ ആരോപണം ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നതരായ പുരോഹിതന്മാർക്ക് എതിരേ ഉയരുന്ന ആരോപണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. സഭയുടെ വസ്തുവകകൾ കൈകാര്യം ചെയ്യുന്നതിൽ അഴിമതി കാണിച്ചു എന്നാരോപിച്ച് കൊല്ലം ബിഷപ്പ് സ്റ്റാൻലി റോമന് എതിരെയുള്ള പരാതിയിൽ പോലീസ് ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്തി. കൊല്ലം രൂപതയുടെ കീഴിലുള്ള ഒരു സ്‌കൂളിൽ അധ്യാപകനായ തങ്കച്ചൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പോലീസ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴി രേഖപ്പെടുത്തിയത്. ആരോപണങ്ങളെല്ലാം ബിഷപ്പ് നിഷേധിച്ചു.

കൊല്ലം ബിഷപ്പ് സ്റ്റാൻലി റോമൻ പൊലീസിന് നൽകിയ മൊഴിയുടെ പൂർണ്ണരൂപം :

കൊല്ലം വെസ്റ്റ് വില്ലേജില്‍ തങ്കശ്ശേരി ബിഷപ്പ് പാലസില്‍ ബിഷപ്പ് ഹൗസില്‍ ബിഷപ്പ് സ്റ്റാന്‍ലിറോമന്‍ വയസ് 76 പറഞ്ഞത്

ഞാന്‍ കഴിഞ്ഞ 16 വര്‍ഷക്കാലമായി കൊല്ലം രൂപതാ മെത്രാനാണ്. എന്റെ അധീനതയിലാണ് കൊല്ലം രൂപതയുടെ കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ഹോസ്പിറ്റലുകള്‍, മറ്റ് സ്ഥാപനങ്ങള്‍, വസ്തുവകകള്‍. എനിക്കെതിരേ കേരളാമുഖ്യമന്ത്രിക്ക് കൊടുത്തിരിക്കുന്ന പരാതിയില്‍ പറഞ്ഞിരിക്കുന്ന പരാതിക്കാരനായ തങ്കച്ചനെ എനിക്കറിയാം. അയാള്‍ എന്റെ രൂപതയുടെ കീഴിലുള്ള ഒരു വിദ്യാഭ്യാസസ്ഥാപനത്തിലെ അദ്ധ്യാപകനാണ്. എനിക്കെതിരേ പറഞ്ഞിരിക്കുന്ന ആക്ഷേപങ്ങളില്‍ എനിക്ക് പറയാനുള്ളത്. രൂപതയുടെ കീഴിലുള്ള വസ്തുവകകളുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി 6 പേരടങ്ങിയ വൈദികസമിതി തെരഞ്ഞെടുത്തിട്ടുണ്ട്. അവരുടെ അംഗീകാരത്തോടെ മാത്രമേ തീരുമാനങ്ങള്‍ കൈക്കൊള്ളാറുള്ളൂ. കൊല്ലം തങ്കശ്ശേരി ലൈറ്റ് ഹൗസിനോട് ചേര്‍ന്നുള്ള ഒരേക്കറോളം വരുന്ന വസ്തു Coastal Regulatory Zone ല്‍ പെട്ട സ്ഥലമായതിനാലും കണ്‍സ്ട്രക്ഷന്‍ വര്‍ക്ക് ഒന്നുംതന്നെ ചെയ്യാന്‍ പറ്റാത്തതിനാലും സഭയുടെ അംഗീകാരത്തോടു കൂടി 6 വര്‍ഷം മുമ്പ് വിറ്റുപോയിട്ടുള്ളതാണ്. രൂപതയുടെ കീഴില്‍ ആദിച്ചനെല്ലൂരുള്ള വസ്തുവകകള്‍ സംരക്ഷിക്കുന്നതിലേക്ക് കേസുകള്‍ നടന്നുവരുന്നു. കൊല്ലം ജില്ലാ ആശുപത്രിക്ക് സമീപമുള്ള വസ്തു ചുറ്റും നാല് വശവും മതിൽ കെട്ടി pay and parking ന് ആയി rent നു കൊടുത്തിട്ടുള്ളതാണ്.  കൊട്ടിയത്തെ ഒരു സെന്റ് സ്ഥലം ജുവലറിക്കായി സഭാ തീരുമാനത്തോടെ വിറ്റിട്ടുള്ളതാണ്. പട്ടത്താനത്തുള്ള ഏലിയാമ്മ പമ്പിനോട് ചേര്‍ന്നുള്ള സഭയുടെ സ്ഥലം പാട്ടത്തിന് കൊടുത്തിട്ടുള്ളതാണ്. ഞാന്‍ റോമിലും മറ്റ് പല വിദേശരാജ്യങ്ങളിലും സഭയുമായി ബന്ധപ്പെട്ട  കാര്യങ്ങള്‍ക്ക് സന്ദര്‍ശനം നടത്താറുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്ന് സഭ നടത്തുന്ന ചാരിറ്റി സ്ഥാപനങ്ങളിലേക്ക് അയച്ച് തരുന്ന ഫണ്ടുകള്‍ സഭയുടെ അക്കൗണ്ടിലേക്കാണ് വരുന്നത്. ആയത് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ച് വരുന്നു. ആയതിന്റെ കണക്കുകള്‍ ഫിനാന്‍സ് വിഭാഗം സൂക്ഷിച്ച് വരുന്നു. സഭയുടെ കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ഹോസ്പിറ്റലുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള വരുമാനം ഫിനാന്‍സ് കമ്മിറ്റിയാണ് കൈകാര്യം ചെയ്യുന്നത്. ആയതിന്റെ കണക്ക് വിവരങ്ങള്‍ റോമിലേക്കും സര്‍ക്കാരിലേക്കും ഇന്‍കംടാക്‌സ് ഡിപാര്‍ട്‌മെന്റിലേക്കും എല്ലാവര്‍ഷവും കൃത്യമായി അയച്ചു കൊടുക്കാറുണ്ട് കൂടാതെ സഭയുടെ ഫിനാന്‍ഷ്യല്‍ കമ്മിറ്റി ഓഡിറ്റ് നടത്താറുണ്ട്. സഭയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള കണക്കുകള്‍ മറ്റുള്ളവരെ അറിയിക്കേണ്ടതില്ല. പരാതിക്കാരന്‍ എനിക്കെതിരേ ഇങ്ങനെ ഒരു പരാതി കൊടുക്കാനുണ്ടായ കാരണം ഞാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജരായിരിക്കേ പരാതിക്കാരന്‍ സ്‌കൂളില്‍ നിരന്തരം ജോലിക്ക് ഹാജരാകാതെ  വിട്ട് നില്‍ക്കുകയും ആയതിലേക്ക്  ഇയാള്‍ക്കെതിരേ സഭയില്‍ നിന്നും വിദ്യാഭ്യാസ വകുപ്പില്‍ നിന്നും വിശദീകരണം ചോദിച്ചിട്ടുള്ളതുമാണ്. കൂടാതെ ഈ കാരണത്താല്‍ പരാതിക്കാരനെ മറ്റൊരു സ്‌കൂളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുള്ളതുമാണ്. ആയതിനാലായിരിക്കണം ഇയാള്‍ ഇങ്ങനെയൊരു പരാതി മുഖ്യമന്ത്രിക്ക് കൊടുത്തത്.