കിംകി ഡുക്കിനെതിരേ ലൈംഗികാതിക്രമ ആരോപണങ്ങളുമായി നടിമാര്‍

#

(07-03-18) : വിഖ്യാത ദക്ഷിണകൊറിയന്‍ ചലച്ചിത്ര സംവിധായകന്‍ കിംകിഡുക് ബലാത്സംഗം ചെയ്യുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തെന്ന  ആരോപണവുമായി നിരവധി നടിമാര്‍. പി.ഡി നോട്ട്ബുക് എന്ന ടെലിവിഷനിലെ കുറ്റാന്വേഷണ പരിപാടിയിലാണ് നടിമാര്‍ കിംകിഡുക്കിനെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ എന്ന പ്രസിദ്ധീകരണത്തെ ഉദ്ധരിച്ചുകൊണ്ട് സ്‌ക്രോള്‍.ഇന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2013 ല്‍ നിർമ്മിച്ച മീബിയസ് എന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ച് കിംകിഡുക് തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പേര് വെളിപ്പെടുത്താന്‍ ഇഷ്ടപ്പെടാത്ത ഒരു നടി ആരോപിച്ചു. അതിനുശേഷം നടിയെ ആ സിനിമയില്‍ നിന്നുമാറ്റി. നടിയെ ശാരീരികമായി പീഡിപ്പിച്ചതിന് 5000 പൗണ്ടിന് തുല്യമായ തുക നല്‍കാന്‍ ഒരു പ്രാദേശിക കോടതി വിധിക്കുകയുണ്ടായി. കൂടുതല്‍ തെളിവുകളുടെ അഭാവത്തില്‍ കേസ് മുന്നോട്ട് പോയില്ല. മറ്റൊരു നടിയോടൊപ്പം ചേര്‍ന്ന് താനുമായി കൂട്ടരതിയില്‍ ഏര്‍പ്പെടാന്‍ കിംകിഡുക് ശ്രമിച്ചതായി മീബിയാസ് എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് പീഡിപ്പിക്കപ്പെട്ട നടി പി.ഡി.നോട്ടുബുക്കിന്റെ ഏറ്റവും ഒടുവിലത്തെ എപ്പിസോഡില്‍ ആരോപിച്ചു. താന്‍ സഹകരിക്കാന്‍ തയ്യാറാകാതിരുന്നപ്പോള്‍ സിനിമയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നുവെന്ന് അവര്‍ വെളിപ്പെടുത്തി. ഒരു പ്രമുഖ സംവിധായകനെതിരേ പരസ്യമായി പ്രതികരിക്കാന്‍ സിനിമാ സെറ്റിലുണ്ടായിരുന്നവര്‍ തയ്യാറാകാതിരുന്നതുകൊണ്ട് നിയമനടപടികള്‍ സ്വീകരിക്കാന്‍ 4 വര്‍ഷം കാത്തിരിക്കേണ്ടി വന്നുവെന്ന് നടി പറഞ്ഞു.

കിംകിഡുക്കിന്റെ സിനിമാ സെറ്റുകളില്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ സംഭവിക്കാറുണ്ടായിരുന്നുവെന്ന് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന ഒരു സാങ്കേതിക വിദഗ്ദ്ധനും ഒരു ചലച്ചിത്ര സംവിധായകനും പി.ഡി.നോട്ടുബുക്കില്‍ പറഞ്ഞു. ഒരു സിനിമയുടെ നിര്‍മ്മാണ പൂര്‍വ്വഘട്ടത്തില്‍, കിംകിഡുക്കും അദ്ദേഹത്തിന്റെ സ്ഥിരം പങ്കാളിയായ  ചോജാഹ്യൂനും തന്നെ ബലാത്സംഗം ചെയ്തതായി മറ്റൊരു നടി വെളിപ്പെടുത്തി. സിനിമയുടെ നിര്‍മ്മാണവേളയില്‍ ചോജാ ഹ്യൂനിന്റെ മാനേജരും തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായി അവര്‍ പറഞ്ഞു. ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ പിന്നീട് നിര്‍മ്മിക്കുന്ന സിനിമയിലും അഭിനയിപ്പിക്കാമെന്ന് കിംകിഡുക് വാഗ്ദാനം ചെയ്‌തെന്നും ആ നടി വെളിപ്പെടുത്തി. സിനിമ നിര്‍മ്മാണത്തിനു മുമ്പുള്ള കൂടിക്കാഴ്ചയില്‍ ലൈംഗികമായി അനുചിതമായ ചോദ്യങ്ങള്‍ ചോദിച്ച് കിംകിഡുക് തന്നെ പീഡിപ്പിച്ചതായി മറ്റൊരു നടി ആരോപിച്ചു.

ആരോപണങ്ങള്‍ കിംകിഡുക് നിഷേധിച്ചു. വ്യക്തിപരമായ അഭിലാഷങ്ങള്‍ സിനിമയിലൂടെ പൂര്‍ത്തീകരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് പി.ഡി.നോട്ടുബുക്കിന് നല്‍കിയ കുറിപ്പില്‍ കിംകിഡുക് പറഞ്ഞു. സത്യം വെളിപ്പെടുന്നതിന് മുമ്പ് തന്നെ നടക്കുന്ന മിടൂ ക്യാമ്പയിന്‍ ആളുകളെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു. അനുവാദം ചോദിക്കാതെ പെട്ടെന്ന് ഉമ്മ വച്ചിട്ടുണ്ട് എന്നതിനപ്പുറം സ്ത്രീകളുടെ സമ്മതമില്ലാതെ താന്‍ ഒന്നും ചെയ്തിട്ടില്ലെന്നാണ് കിംകിഡുക്കിന്റെ വിശദീകരണം.