ചവറ പാറുക്കുട്ടി : പൊരുതി ജയിച്ച കലാവൈഭവം

#

(08-03-18) : (കഥകളിയുടെ അരങ്ങിൽ ഒരു സ്ത്രീ, അതും സവർണ്ണ വിഭാഗത്തിൽ നിന്നല്ലാത്ത ഒരു സ്ത്രീ 57 വർഷം നിറഞ്ഞാടി എന്നത് നിസ്സാര കാര്യമല്ല. ചവറ പാറുക്കുട്ടിക്ക് കേരളീയ കലാലോകത്ത് അനന്യമായ സ്ഥാനമാണുള്ളത്. ആ കലാവൈഭവത്തെയും എന്നും പൊരുതിനിന്ന ഉജ്ജ്വല വ്യക്തിത്വത്തെയും ഈ വനിതാദിനത്തിൽ ഞങ്ങൾ ആദരവോടെ പ്രണമിക്കുന്നു.)

സ്ത്രീവിരുദ്ധത സഹജസ്വഭാവവും ശീലവുമാക്കിയിരുന്ന കഥകളിയുടെ അരങ്ങിലേക്ക് നിശ്ചയദാര്‍ഢ്യത്തോടെയും ഇച്ഛാശക്തിയോടെയും കടന്നുവന്ന അപൂര്‍വ്വ വ്യക്തിത്വമാണ് ചവറ പാറുക്കുട്ടി. 17-ാം വയസ്സില്‍ അഭ്യസിച്ചു തുടങ്ങിയപ്പോള്‍ ഉടലെടുത്ത  ആത്മബന്ധം 74-ാം വയസ്സിലും ജീവിതത്തിലുടനീളം നേരിട്ട തീഷ്ണമായ തിരിച്ചടികള്‍ക്കിടയിലും കഥകളി എന്ന കലാരൂപത്തോട് നിലനിറുത്തി പോകാന്‍ പാറുക്കുട്ടിയമ്മയ്ക്ക് കഴിയുന്നുണ്ടെന്നത് വിസ്മയാവഹമാണ്.

14 വര്‍ഷം മാങ്കുളം വിഷ്ണു നമ്പൂതിരിയുടെ ശിക്ഷണത്തില്‍ ഗുരുകുലരീതിയില്‍ അഭ്യസനം. കലാമണ്ഡലം കൃഷ്ണന്‍നായര്‍, ഗുരു ചെങ്ങന്നൂര്‍, ചെന്നിത്തല ചെല്ലപ്പന്‍പ്പിള്ള, മങ്കൊമ്പ് ശിവശങ്കരപ്പിള്ള, ഹരിപ്പാട് രാമകൃഷ്ണപ്പിള്ള, കോട്ടയ്ക്കല്‍ ശിവരാമന്‍, മടവൂര്‍ വാസുദേവന്‍ നായര്‍, കലാമണ്ഡലം രാമന്‍കുട്ടി നായര്‍, ചിറക്കര മാധവന്‍കുട്ടി, ഓയൂര്‍ കൊച്ചുനാരായണപിള്ള തുടങ്ങിയ അതിപ്രഗത്ഭരോടൊത്തുള്ള കൂട്ടുവേഷങ്ങള്‍. മന്നാടിയാരാശാന്‍, കലാമണ്ഡലം കേശവന്‍, വാരണാസി നമ്പൂതിരിമാര്‍, അപ്പുക്കുട്ടി പൊതുവാള്‍, നമ്പീശന്‍മാര്‍ തുടങ്ങിയ മേളക്കാര്‍, കുറുപ്പാശാന്‍, കലാമണ്ഡലം ഗംഗാധരന്‍, ഹൈദരലി, ശങ്കരന്‍ എമ്പ്രാന്തിരി, വെണ്‍മണി ഹരിദാസ് തുടങ്ങിയ സംഗീതജ്ഞന്‍മാര്‍. കഥകളിയുടെ മാസ്മരിക ലോകത്തിനുള്ളില്‍ സ്വയം മുഴുകി സ്വന്തം വ്യക്തിജീവിതം കരുപിടിപ്പിക്കാന്‍ ചവറ പാറുക്കുട്ടി മറന്നുപോയി.

പച്ചയോ, കത്തിയോ, താടി-കരിവേഷങ്ങളോ കെട്ടിയിരുന്ന നടന്മാര്‍ക്കു കിട്ടിയിരുന്ന പരിഗണനയോ പ്രാധാന്യമോ പ്രതിഫലമോ സ്ത്രീവേഷക്കാര്‍ക്ക് ഒരു കാലത്തും കിട്ടിയിരുന്നില്ല. എത്ര പ്രഗത്ഭരായിരുന്നാലും സ്ത്രീവേഷക്കാരെ രണ്ടാംതരക്കാരായാണ് കരുതിയിരുന്നത്. ചിട്ടപ്പെടുത്തിയ ആട്ടക്കഥകളില്‍  സ്ത്രീകഥാപാത്രങ്ങള്‍ ഉണ്ടെങ്കില്‍ പോലും അരങ്ങില്‍ അവ വേണ്ടെന്ന് നിഷ്‌കര്‍ഷിച്ചിരുന്ന ഒരുകാലം കഥകളിക്കുണ്ടായിരുന്നു. പുരുഷ കഥാപാത്രങ്ങളുടെ ഇടതുവശം ഒരു പീഠമോ പലകയോ ഇട്ടശേഷം അതില്‍ വിരിക്കുന്ന പട്ടിനെ സ്ത്രീകഥാപാത്രങ്ങളായി കരുതിയായിരുന്നു കുറേക്കാലം കഥകളിയാടിയിരുന്നത്. അന്നത്തെ മനോഭാവത്തില്‍ നിന്ന് കഥകളിയുടെ കളരികളും സമ്പ്രദായങ്ങളും ഏറെ ഒന്നും മുക്തമായിട്ടില്ലെന്നതാണ് സ്ത്രീവേഷക്കാരോടുള്ള ഇന്നത്തെ സമീപനവും സ്വയം വെളിപ്പെടുത്തുന്നത്.

നൃത്തം, നൃത്യം, നാട്യം, നടനം എന്നിങ്ങനെ നാലായി തരംതിരിക്കപ്പെടുന്ന കഥകളിയുടെ അഭിനയസങ്കേതത്തില്‍ നൃത്തത്തിലും നൃത്യത്തിലും സഹജമായ പ്രത്യേകതകള്‍ നിമിത്തം പുരുഷന്മാരേക്കാള്‍ മുന്നിലുള്ളത് സ്ത്രീകളാണെന്നത് അവിതര്‍ക്കിതമാണ്. നാട്യത്തിലും നടനത്തിലും മികവ് തീരുമാനിക്കുന്നതാകട്ടെ അഭ്യസനവും തുടര്‍പരിശീലനവും രംഗബോധവും പാത്രബോധവും ഉള്‍പ്പെടെയുള്ള ആര്‍ജ്ജിത ശേഷിയുമാണ്. വസ്തുത ഇതായിരിക്കെ നിലവിലുള്ള മുന്‍നിര വേഷക്കാരുടെ കൂട്ടത്തിലോ പഴയ തലമുറയിലെ പേരുകേട്ട വേഷക്കാരുടെ പട്ടികയിലോ വിവിധ പാരിതോഷികങ്ങള്‍ ലഭിച്ചവരുടെ കൂട്ടത്തിലോ ഒരു സ്ത്രീപോലും ഉള്‍പ്പെട്ടിട്ടില്ലെന്നത് ഗൗരവമായി വിലയിരുത്തപ്പെടേണ്ടതാണ്.

കഥകളി അഭ്യസിപ്പിക്കാന്‍ മുതിരാത്തതെന്താണെന്ന ചോദ്യത്തിന് ഇത്രയുംകാലം അരങ്ങില്‍ തുടര്‍ന്നത് തന്നെ അത്ഭുതമല്ലേയെന്ന മറുചോദ്യമാണ് പാറുക്കുട്ടിയമ്മ ഉത്തരമായി നല്‍കിയത്. കഥകളിയിലെ സ്ത്രീപര്‍വ്വം ചവറ പാറുക്കുട്ടിയോടെ അവസാനിക്കുന്നില്ലെന്നും ഏതു വേഷവും ഏറ്റവും തന്മയത്വത്തോടെ ചെയ്യാന്‍ കഴിവും ശേഷിയും അഭ്യാസബലവും മനോധൈര്യവും ആര്‍ജ്ജവവുമുള്ള ഒരുപറ്റം പിന്മുറക്കാര്‍ തന്നോടൊപ്പമുണ്ടെന്നും കഥകളിലോകത്തിന്റെ അമ്മ ഞങ്ങളോട് പറഞ്ഞു. ഇരിങ്ങാലക്കുട ഗീത, രഞ്ജിനി സുരേഷ്, ഗീതാവര്‍മ്മ, പാര്‍വ്വതിമേനോന്‍, ഹരിപ്രിയാ നമ്പൂതിരി എന്നിവരോടൊപ്പം പാറുക്കുട്ടിയമ്മയുടെ നാട്ടുകാര്‍ കൂടിയായ കൊട്ടാരക്കര ഭദ്രയുടെയും കൊട്ടാരക്കര ഗംഗയുടെയും വേഷങ്ങള്‍ ഇന്ന് പ്രിയങ്കരങ്ങളായിരിക്കുന്നു.

പൂതനാമോക്ഷക്കാരിയാക്കി മാത്രം തന്നെ ഒതുക്കി നിറുത്തിയിരുന്ന ഒരു ലോകത്ത്, കഥകളിയിലെ ഏറ്റവും ദുഷ്‌കരങ്ങളായ രാവണന്റെയും ദുര്യോധനന്റെയും ജരാസന്ധന്റെയും വേഷങ്ങള്‍ കെട്ടി ചവറ പാറുക്കുട്ടി നിറഞ്ഞാടിയത് ആരുടെയും ഔദാര്യത്തിനാലോ സൗജന്യത്തിനാലോ ആയിരുന്നില്ല. കലാലോകത്തിന് അവ ആസ്വാദ്യവും പ്രിയങ്കരവും ആവശ്യവും ആയിരുന്നതുകൊണ്ടാണ്. തന്നെ ആട്ടിപ്പായിക്കാന്‍ ശ്രമിച്ചവരോട് അവഹേളിച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചവരോട് യാചിക്കാനല്ല, കയര്‍ത്ത് തോല്പിച്ച് മുന്നോട്ട് പോകാനാണ് പാറുക്കുട്ടിയമ്മ ഉടനീളം ശ്രമിച്ചത്. ലളിതയായി, ദേവയാനിയായി, ദമയന്തിയായി, ഉഷയായി, ചിത്രലേഖയായി, രംഭയായി, സതിയായി, മോഹിനിയായി, താരയായി, മണ്ണാത്തിയായി, മലയത്തിയായി പകര്‍ന്നാടിയ ജീവിതം അരങ്ങിന്റെ വൈവിധ്യം കൊണ്ടും അഭിനയത്തിന്റെ  തീവ്രതകൊണ്ടും ധന്യമാണ്. ആദ്യപുത്രനായ കര്‍ണ്ണനെ യുദ്ധഭൂമിയില്‍ കൈവിട്ട് പോകാനും നില്‍ക്കാനുമാകാതെ ഉഴലുന്ന കുന്തിയായി ചവറ പാറുക്കുട്ടിയുടെ മുഖം തെളിഞ്ഞുവരുന്നത് അഭിനയത്തിന്റെ പൂര്‍ണ്ണത കൊണ്ടുമാത്രമായിരിക്കില്ലെന്നത് തീര്‍ച്ച.