ഹാദിയയുടെ വിവാഹം നിയമപരം : സുപ്രീംകോടതി

#

ന്യൂഡൽഹി (08-03-18) : ഹാദിയയുടെയും ഷെഫിൻ ജഹാന്റെയും വിവാഹം സാധുവെന്ന് സുപ്രീംകോടതി. ഇരുവരുടെയും വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. എന്നാൽ എൻ.ഐ.എ അന്വേഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കോടതി ഇടപെട്ടിട്ടില്ല. വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന് എതിരെ ഷെഫിന്‍ ജഹാന്‍ നൽകിയ ഹര്‍ജിയിലാണ് നിര്‍ണ്ണായക വിധി.

പ്രായപൂർത്തിയായവർ നിയമപരമായി നടത്തിയ വിവാഹത്തിൽ ഇടപെടാൻ ഹൈക്കോടതിക്ക് അധികാരമില്ല എന്നുപറഞ്ഞ സുപ്രീംകോടതി അധികാരപരിധി ലംഘിച്ചാണ് ഹൈക്കോടതി വിവാഹം റദ്ദാക്കിയതെന്ന് വ്യക്തമാക്കി.

ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലൂടെ രണ്ടുപേരുടെ വിവാഹം റാദ്ദാക്കാന്‍ കഴിയുമോയെന്നതാണ് കോടതി പരിശോധിച്ചത്. വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന്റെ നിയമവശം മാത്രമാണ് സുപ്രീം കോടതി പരിശോധിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണു കേസ് പരിഗണിച്ചത്.