ട്രംപും കിം ജോങ് ഉന്നും തമ്മില്‍ കാണും

#

വാഷിംഗ്ടണ്‍ (09-03-18) : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നും തമ്മില്‍ കൂടിക്കാഴ്ച നടത്തും. അമേരിക്കയുടെയും ദക്ഷിണകൊറിയയുടെയും നയതന്ത്ര വിദഗ്ദ്ധര്‍ തമ്മിലുള്ള ചര്‍ച്ചയിലാണ് കിം ജോങ് ഉന്നും ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കുള്ള കളമൊരുങ്ങിയത്. അമേരിക്കന്‍ പ്രസിഡന്റിനെ എത്രയും വേഗം നേരിട്ടു കാണാനുള്ള ആഗ്രഹം ഉത്തരകൊറിയന്‍ പ്രസിഡന്റ് പ്രകടിപ്പിച്ചെന്ന വിവരം ദക്ഷിണകൊറിയന്‍ സുരക്ഷാ ഉപദേഷ്ടാവ് അമേരിക്കന്‍ അധികൃതരെ അറിയിക്കുകയായിരുന്നു. മേയ് മാസത്തിനു മുമ്പായി കിം ജോങ് ഉന്നിനെ കാണാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമ്മതിച്ചു.

ആണവായുധ നിര്‍മ്മാര്‍ജ്ജനത്തിന് കിം ജോങ് ഉന്‍ തയ്യാറാണെന്നും എല്ലാ ആണവ-മിസൈല്‍ പരീക്ഷണങ്ങളും നിറുത്തി വയ്ക്കാമെന്ന് അദ്ദഹം സമ്മതിച്ചെന്നും ദക്ഷിണകൊറിയ സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റും ഉത്തരകൊറിന്‍ പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ചയുടെ സമയവും സ്ഥലവും ഇനി തീരുമാനിക്കുകയേ ഉള്ളൂ എന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്‌സ് അറിയിച്ചു. ആണവായുധ നിര്‍മ്മാര്‍ജ്ജനത്തിനുള്ള ഉത്തര കൊറിയയുടെ നീക്കത്തെ തങ്ങള്‍ താല്പര്യത്തോടെയാണ് കാണുന്നതെന്നും എന്നാല്‍ ഉപരോധങ്ങളും സമ്മര്‍ദ്ദവും തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.