മറ്റൊരു മുത്തങ്ങ സൃഷ്ടിക്കരുത്: സാംസ്കാരിക പ്രവർത്തകർ

#

തിരുവനന്തപുരം(11.03.2018): ആദിവാസി യുവാക്കൾക്ക് സ്വയംഭരണാവകാശം നൽകാൻ അനുവദിക്കുന്ന നിയമങ്ങൾ നടപ്പിലാക്കാൻ സർക്കാറുകൾ തയ്യാറാകണമെന്നും മറ്റൊരു മുത്തങ്ങയിലേക്ക് ആദിവാസികളെ പ്രകോപിപ്പിക്കരുതെന്നും എഴുത്തുകാരും സാമൂഹിക-സാംസ്കാരിക പ്രവർത്തകരുമായ 50 പേർ ആവശ്യപ്പെട്ടു. സെക്രട്ടറിയേറ്റിനു മുമ്പിലെ കുടിൽ കെട്ടി സമരത്തിനുശേഷം ആൻറ്റണി സർക്കാരുമായും നിൽപ്പ്സമരത്തെ തുടർന്ന് ഉമ്മൻചാണ്ടി സർക്കാരുമായുമുണ്ടാക്കിയ കരാറുകളിലൂടെ കേരളത്തിലും ആദിവാസി സ്വയംഭരണം തത്വത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധമായുള്ള കഴിഞ്ഞ സർക്കാരിൻറ്റെ ശുപാർശ രാഷ്ട്രപതിയുടെ മേശപ്പുറത്ത് അംഗീകാരം കാത്തു കിടക്കുകയാണ്. കേരളത്തിൻറ്റെ സവിശേഷ സാഹചര്യമനുസരിച്ച് ആദിവാസികൾ ഒരുമിച്ച് താമസിക്കുന്ന പ്രദേശങ്ങൾ സ്വയംഭരണ മേഖലകളായി പ്രഖ്യാപിക്കാവുന്നതേയുള്ളുവെന്ന് മേധാ പട്കർ, ബി.ആർ.പി.ഭാസ്കർ, എം.ജി.എസ്. നാരായണൻ, കെ.വേണു, സച്ചിദാനന്ദൻ, ബി.രാജീവൻ, സാറാ ജോസഫ്, സിവിക് ചന്ദ്രൻ, സി.ആർ.പരമേശ്വരൻ, ടി.ടി.ശ്രീകുമാർ തുടങ്ങിയവരാണ് പ്രസ്താവനയിൽ ഒപ്പുവച്ചിട്ടുള്ളത്. പ്ലാച്ചിമട നഷ്ടപരിഹാര ബില്ലിൻറ്റെ കാര്യത്തിലെന്ന പോലെ സർക്കാരിൻറ്റെ ഇച്ഛാശക്തിയില്ലായ്മയല്ലാതെ മറ്റെന്താണ് തടസ്സമെന്ന് പ്രസ്താവന ചോദിക്കുന്നു.

ആദിവാസി ഭൂമി തിരിച്ചുപിടിച്ച് അവർക്ക് നൽകുന്നതുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയിലുണ്ട്. ഈ കേസ് ത്വരിതപ്പെടുത്തുക, ആദിവാസികൾക്ക് ഭൂമിയും ഉപജീവന സഹായവും ചെയ്യുക എന്നീ ഉറപ്പുകളും സ്വയംഭരണത്തിൻറ്റെ കാര്യത്തിലെന്ന പോലെ പാലിക്കപ്പെട്ടിട്ടില്ലെന്ന് പ്രസ്താവന കുറ്റപ്പെടുത്തുന്നു. പട്ടിണി മരണങ്ങളുടെയും ചികിത്സ കിട്ടാതുള്ള മരണങ്ങളുടെയും ആൾക്കൂട്ട കൊലപാതകത്തിൻറ്റെയും പശ്ചാത്തലമിതാണ്. അടിയന്തിരമായി എന്തെങ്കിലും ചെയ്തില്ലെങ്കിൽ മുത്തങ്ങ ആവർത്തിക്കുകയോ മാവോയിസ്റ്റുകളുടെ കൈകളിലവർ പെട്ടു പോകുകയോ ആയിരിക്കും സംഭവിക്കുക എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നുവെന്ന് പ്രസ്താവന ഓർമ്മിപ്പിക്കുന്നു.

ആദിവാസികൾക്ക് ഭൂമിയും ജീവിതവും സ്വയംഭരണവും നൽകുക എന്ന ക്യാമ്പയിൻ പൊതു സമൂഹത്തിൻറ്റെ നേതൃത്വത്തിൽ നടക്കേണ്ടതുണ്ടെന്നും പ്രസ്താവന അടിവരയിടുന്നു. അടിയന്തിരമായി ആദിവാസി പ്രശ്നത്തിലിടപെട്ട് സാധ്യമാകുന്നതെല്ലാം ചെയ്യണമെന്നും പ്രസ്താവന കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് അഭ്യർഥിക്കുന്നു.