കര്‍ഷക ജാഥ ആസാദ് മൈതാനത്ത്

#

മുംബൈ (12-03-18) : ഇന്നലെ രാവിലെ മുംബൈ നഗരത്തില്‍ പ്രവേശിച്ച കര്‍ഷകജാഥ അര്‍ദ്ധരാത്രിയോടെ ആസാദ് മൈതാനത്തേക്ക് മാര്‍ച്ച് ചെയ്തു. ഇന്ന് വെളുപ്പിന് മാര്‍ച്ച് ആസാദ് മൈതാനത്തെത്തി. ഇന്ന് 10-ാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പൊതുപരീക്ഷ നടക്കുന്നതിനാല്‍ ഗതാഗതം തകരാറിലാക്കി കുട്ടികളുടെ പരീക്ഷയ്ക്ക് തടസ്സം സൃഷ്ടിക്കാതിരിക്കാനാണ് അര്‍ദ്ധരാത്രി തന്നെ കര്‍ഷകര്‍ ആസാദ് മൈതാനത്തേക്ക് നീങ്ങിയത്. ആസാദ് മൈതാനത്തുനിന്ന് വിധാന്‍ സഭയിലേക്ക് നീങ്ങുന്ന മാര്‍ച്ച് മൈതാനത്തുവെച്ച് തന്നെ തടയാനാണ് പോലീസിന്റെ തീരുമാനം. നാസിക്കില്‍ നിന്ന് 180 കി.മീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചെത്തിയ കര്‍കര്‍ നാടന്‍ പാട്ടുകള്‍ക്കൊപ്പമാണ് മാര്‍ച്ച് ചെയ്തത്.

കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളണമെന്നും സ്വാമിനാഥന്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നുമുള്ളതാണ് കര്‍ഷകരുടെ മുഖ്യ ആവശ്യങ്ങള്‍. അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതാക്കളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ചര്‍ച്ചയുടെ ഫലത്തെ ആശ്രയിച്ചായിരിക്കും കര്‍ഷകര്‍ ഭാവി സമരപരിപാടികള്‍ നിശ്ചയിക്കുക.