ഭൂമി വിവാദം: കർദിനാളിനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം

#

(12-03-18) : സീറോമലബാർ സഭയിലെ ഭൂമി ഇടപാടിൽ കർദിനാൾ ആലഞ്ചേരിക്കെതിരെ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശം ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ വിശ്വാസ വഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരിക്കും കര്‍ദിനാളിനും മറ്റ് മൂന്നുപേർക്കുമെതിരേ പോലീസ് കേസെടുക്കുക. ഇതിനിടെ ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും കർദിനാളിനെതിരെ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച്‌ ഹർജിക്കാരൻ  കോടതി അലക്ഷ്യത്തിന് ഹൈക്കോടതിയെ സമീപിച്ചു.

നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ഉച്ചയോടെ അദ്ദേഹത്തിനെതിരേ കേസെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ കേസെടുത്താല്‍ കാര്‍ദിനാള്‍ കോടതിയെ സമീപിച്ചാലും എഫ്‌ഐആര്‍ റദ്ദാക്കാന്‍ സാധിക്കില്ല. അതിലെ തുടര്‍ നടപടികള്‍ മാത്രമേ റദ്ദാക്കാന്‍ സാധിക്കുകയുള്ളൂ.കർദിനാൾ ആലഞ്ചേരിക്ക് പുറമെ ഫാ. ജോഷി പുതുവ, മോൺ. സെബാസ്റ്റ്യൻ വടക്കുംപാടൻ, ഇടനിലക്കാരൻ സാജു വർഗ്ഗീസ് കുന്നേൽ എന്നിവർക്കെതിരെയാണ് കേസെടുക്കുക.

എന്നാല്‍ തനിക്കെതിരേ കേസെടുക്കാന്‍ വിധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ കര്‍ദിള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്ന് ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവർ നൽകുന്ന സൂചന.