നടിയെ ആക്രമിച്ച കേസ് : വിചാരണ വൈകിപ്പിക്കില്ലെന്ന് ഹൈക്കോടതി

#

കൊച്ചി (12-03-18) : നടിയെ ആക്രമിച്ച കേസിൽ വിചാരണ വൈകിപ്പിക്കാൻ ഉദ്ദേശമില്ലെന്ന് ഹൈക്കോടതി. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ തനിക്ക് ലഭിക്കാത്തതിനാൽ വിചാരണ നീട്ടണമെന്നുള്ള ദിലീപിന്റെ ഹർജിയിലാണ് കോടതി പരാമർശം. കേസിൽ കോടതി സർക്കാരിനോട് വിശദീകരണം തേടി. ഹർജി മാർച്ച് 21 വീണ്ടും പരിഗണിക്കും.

നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ നല്കണമെന്ന ദിലീപിന്റെ ആവശ്യം അങ്കമാലി കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട രേഖകൾ ലഭിക്കേണ്ടത് പ്രതിയെന്ന നിലയിൽ തന്റെ അവകാശം ആണെന്നും അതിനാൽ ഇവ ലഭിക്കാതെ വിചാരണ തുടങ്ങരുതെന്നുമാണ് ദിലീപിന്റെ വാദം. സിആര്‍പിസി 207 പ്രകാരം കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകള്‍ക്കും പ്രതിക്ക് അവകാശമുണ്ട്. ഇക്കാര്യത്തില്‍ നിയന്ത്രണങ്ങളോ, നിബന്ധനകളോ കൊണ്ടുവരാന്‍ കോടതിക്ക് അധികാരമില്ല. മറ്റെല്ലാ രേഖകളും പോലെ ഒരു ഇലക്ട്രോണിക് രേഖ മാത്രമാണ് ദൃശ്യങ്ങൾ. അത് ലഭിച്ചാൽ മാത്രമേ തനിക്ക് തന്റെ ഭാഗം ന്യായീകരിക്കാൻ കഴിയൂ എന്നും ദിലീപ് വാദിച്ചു.

ഹൈക്കോടതിയിലെ ജസ്റ്റിസ് സുനിൽതോമസിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസിന്റെ വിചാരണ ഈമാസം 14 നു തുടങ്ങാനിരിക്കെയാണ് ദിലീപ് ഹർജിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.