പുത്തൻ ഐക്യത്തിന്റെ സന്ദേശവുമായി കർഷകമാർച്ച്

#

മുംബൈ (12-03-18) : നാസിക്കില്‍ നിന്ന് 180 കി.മീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് മുംബൈയിലെത്തിയ കര്‍ഷകമാര്‍ച്ചിന് മുംബൈ നഗരത്തിലെ ഇടത്തരക്കാരും സാധാരണക്കാരും വലിയ സ്വീകരണമാണ് നല്‍കിയത്. രാജ്യത്തെ ജനങ്ങള്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടി അദ്ധ്വാനിക്കുന്ന കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്കെതിരേ അവര്‍ നടത്തുന്ന പോരാട്ടത്തില്‍ ഒപ്പം നില്‍ക്കാന്‍ മുംബൈ നഗരവാസികള്‍ സ്വമേധയാ മുന്നോട്ടു വരികയായിരുന്നു. ഹൃദയസ്പര്‍ശിയും ആവേശകരവുമായ കാഴ്ചകളാണ് മാര്‍ച്ചിലുടനീളം കാണാന്‍ കഴിഞ്ഞത്.

ഇന്ന് 10-ാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പൊതുപരീക്ഷയുള്ളതിനാല്‍ പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ ഇന്നലെ അര്‍ദ്ധരാത്രി തന്നെ കര്‍ഷകര്‍ ആസാദ് മൈതാനത്തേക്കുള്ള മാര്‍ച്ച് ആരംഭിച്ചു. വഴിയരികില്‍ കാത്തുനിന്ന ജനങ്ങള്‍ ജാഥാംഗങ്ങള്‍ക്ക് വെള്ളവും ലഘുഭക്ഷണവും നല്‍കി. കര്‍ഷകജാഥ ശരിയായ ആവശ്യങ്ങള്‍ക്കു വേണ്ടിയാണെന്നും തങ്ങള്‍ അതിനെ പിന്തുണയ്ക്കണമെന്നുമുള്ള തിരിച്ചറിവിലാണ് സാധാരണക്കാരായ മുംബൈ നിവാസികള്‍. ബി.എം.സി ഒക്‌ടോയ് മൈതാനത്ത് തമ്പടിച്ച ജാഥാംഗങ്ങള്‍ക്ക് താനെ മാതദത ജാഗരണ്‍ മഞ്ച് 500 കിലോ ഭക്ഷ്യധാന്യങ്ങള്‍ സംഭാവന ചെയ്തു. സംഭാവന വാങ്ങാന്‍ സംഘാടകര്‍ വിസമ്മതിച്ചെങ്കിലും മാതദത ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ നിര്‍ബ്ബന്ധപൂര്‍വ്വം സംഭാവന നല്‍കിയിരുന്നു.

നഗ്നപാദരായാണ് ജാഥാംഗങ്ങളില്‍ പലരും മാര്‍ച്ചില്‍ പങ്കെടുക്കുന്നതെന്നറിഞ്ഞ ചിലര്‍ ജാഥാംഗങ്ങള്‍ക്ക് പാദരക്ഷകള്‍ വാങ്ങി നല്‍കി. തങ്ങളുടെ കാലില്‍ കിടന്ന ചെരുപ്പ് ഊരി കര്‍ഷക സ്ത്രീകള്‍ക്ക് നല്‍കിയ സ്ത്രീകളുമുണ്ട്. മാര്‍ച്ച്, താനെ നഗരാതിര്‍ത്തി കടക്കുമ്പോള്‍, വഴിയരികില്‍ കൂടിനിന്ന ആളുകള്‍ ജാഥാംഗങ്ങള്‍ക്കു മേല്‍ പുഷ്പവൃഷ്ടി നടത്തി. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുടെ ഇരുവശവും നിരന്നുനിന്ന ആളുകള്‍ ജാഥയെ അഭിവാദ്യം ചെയ്തു. റസിഡന്റ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ജാഥാംഗങ്ങള്‍ക്ക് വെള്ളവും ലഘുഭക്ഷണങ്ങളും വിതരണം ചെയ്തു. ബോംബേ ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം വിളികളോടെയാണ് ജാഥയെ അഭിവാദ്യം ചെയ്തത്.

തൊഴിലാളികള്‍, കൈത്തൊഴില്‍കാര്‍, കൂലിവേലക്കാര്‍, ഇടത്തരക്കാര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ബുദ്ധിജീവികള്‍ എന്നിങ്ങനെ സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളുടെ പിന്തുണ ആര്‍ജ്ജിക്കാന്‍ കഴിഞ്ഞ മാര്‍ച്ച് രാജ്യത്തെ കര്‍ഷക മുന്നേറ്റങ്ങളുടെ ചരിത്രത്തില്‍ വ്യത്യസ്തമായ ഒരദ്ധ്യായമാണ് എഴുതിച്ചേര്‍ക്കുന്നത്.