നിങ്ങൾ പൊതുസേവകൻ മാത്രം : ജേക്കബ് തോമസിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

#

കൊച്ചി (12-03-18) : ഡി.ജി.പി ജേക്കബ് തോമസിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ജേക്കബ് തോമസ് പബ്ലിക് സെര്‍വന്‍റ് മാത്രമാണെന്നും പബ്ലിക് മാസ്റ്ററല്ലെന്നും നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നും ഹൈക്കോടതി പറഞ്ഞു. അഴിമതിക്കെതിരെ നടപടി എടുത്തതിനാൽ തന്റെ ജീവന് ഭീഷണി ഉണ്ടെന്നും കോടതി ഇടപെട്ട് സുരക്ഷ ഉറപ്പാക്കണമെന്നുമുള്ള ജേക്കബ് തോമസിന്റെ ഹർജിയിലായിരുന്നു കോടതിയുടെ വിമർശനം.

താനും കുടുംബവും ഭീഷണി നേരിടുന്നുണ്ടെന്നും തങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് മുന്‍വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കിയത്. തനിക്ക് സംസ്ഥാന സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്ന് ഉറപ്പില്ലെന്നും അതിനാല്‍ പരാതി എത്രയും വേഗം പരിഹരിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ജേക്കബ് തോമസ് ആവശ്യപ്പെട്ടിരുന്നു. വിജിലന്‍സ് ഡയറക്ടറായിരിക്കേ പ്രമുഖര്‍ക്കെതിരെ 28 കേസുകള്‍ താന്‍ എടുത്തിരുന്നുവെന്നും അതിനാലാണ് താന്‍ ഭീഷണി നേരിടുന്നതെന്നും ഹര്‍ജിയില്‍ ജേക്കബ് തോമസ് പറഞ്ഞിരുന്നു. വിസില്‍ ബ്ലോവേഴ്‌സ് നിയമ പ്രകാരം സംരക്ഷണം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ജേക്കബ് തോമസ് ആവശ്യപ്പെട്ടത്.

എന്നാല്‍ ഈ 28 കേസിലും ജേക്കബ് തോമസല്ല പരാതിക്കാരനെന്നും അതിനാല്‍ ആരില്‍ നിന്നും ജേക്കബ് തോമസ് ഭീഷണി നേരിടുന്നില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഹര്‍ജി തിങ്കളാഴ്ച വീണ്ടും കോടതി പരിഗണിക്കും.