ഭൂമി വിവാദം : കർദിനാളിനെതിരെ കേസെടുത്തു എന്നാൽ അറസ്റ്റ് ചെയ്യില്ലെന്ന് പോലീസ്

#

കൊച്ചി (12-03-18) : എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാട് കേസിൽ കർദിനാൾ ആലഞ്ചേരിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കർദിനാളിനെ ഒന്നാംപ്രതിയാക്കി വിശ്വാസ വഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്സെടുത്തിരിക്കുന്നത്. എന്നാൽ കർദിനാളിന്റെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങില്ലെന്നാണ് പോലീസ് പറയുന്നത്.    സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർദിനാൾ ആലഞ്ചേരി ഡിവിഷൻ ബെഞ്ചിൽ ഹർജി നൽകി. ഇതിന്റെ വിധി വന്നശേഷം തുടർനടപടിയെന്നാണ് പോലീസ് നിലപാട്.

ഭൂമി ഇടപാടിൽ  കേസ് എടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും കർദിനാളിനെതിരെ കേസെടുക്കാൻ പോലീസ് തയ്യാറായില്ല.വിശ്വാസവഞ്ചന, ഗൂഢാലോചന ഉൾപ്പെടെയുള്ളവ അന്വേഷിക്കണമെന്നായിരുന്നു കോടതി ഉത്തരവിട്ടത്. കോടതിയിൽ നിന്ന് ഉത്തരവ് ലഭിച്ചശേഷം മാത്രമേ കേസെടുക്കൂ എന്നായിരുന്നു പോലീസ്  വൈകിക്കുന്നതിന് കാരണമായി പറഞ്ഞിരുന്നത്. എന്നാൽ ഉത്തരവ് ലഭിച്ചശേഷവും പോലീസ് കേസെടുത്തില്ല. നിയമോപദേശം തേടിയശേഷം മാത്രം നടപടി എന്നായി അടുത്ത വാദം.  നിയമോപദേശം ലഭിച്ചശേഷവും ഒത്തുകളി തുടർന്ന പോലീസ് നിയമോപദേശം ലഭിച്ചില്ലെന്നായി. എന്നാൽ നിയമോപദേശം നൽകിയതായി ഡി.ജി.പിയുടെ ഓഫീസിൽ സ്ഥിരീകരിച്ചതായുള്ള വാർത്തകൾ പുറത്തുവന്നതോടെ കേസെടുക്കാൻ പോലീസ് നിർബന്ധിതമാകുകയായിരുന്നു. കൂടാതെ കർദിനാളിനെതിരെ കേസെടുക്കാത്ത പോലീസിനെതിരെ കോടതി അലക്ഷ്യ ഹർജി ഹൈക്കോടതിയിൽ എത്തുകയും ചെയ്തു. ഇതോടെ കോടതിയിൽനിന്ന് കടുത്ത പരാമർശം ഉണ്ടാകുമെന്ന് ഭയന്ന പോലീസ്  എഎഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് തല്ക്കാലം തടി രക്ഷിക്കാനുള്ള നീക്കമാണിപ്പോൾ നടത്തിയിരിക്കുന്നത്.