നിയമാനുസൃത കുറ്റവാളികൾ

#

ന്യൂ ഡൽഹി(12-03-2018): ഓരോ തിരഞ്ഞെടുപ്പും ഓരോ വിധിയെഴുത്ത് ആണ്. നമ്മളെ ആരു ഭരിക്കണം ആരാൽ നമ്മൾ നയിക്കപ്പെടണം എന്നുള്ള വിധിയെഴുത്ത്. എന്നാൽ ഓരോ തിരഞ്ഞെടുപ്പും കഴിയും തോറും നമ്മുടെ തീരുമാനങ്ങൾ ചോദ്യം ചെയ്യപ്പെടുകയാണ്. നമ്മൾ പുനർ വിചിന്തനം നടത്തേണ്ടിയിരിക്കുന്നു. തക്ക യോഗ്യതയുള്ളവരെത്തന്നെയാണോ നമുക്ക് വേണ്ടി ഭരിക്കുവാനും നിയമ നിർമ്മാണം നടത്തുവാനും നമ്മൾ തിരഞ്ഞെടുക്കുന്നത്.

കേന്ദ്ര സർക്കാർ ഇന്നു സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം തെളിയിക്കുന്നത് പൊതുജനം വീണ്ടും വീണ്ടും കഴുതകളായിക്കൊണ്ടിരിക്കുന്നു എന്ന് തന്നെയാണ്. ഇന്ത്യയിൽ ഇപ്പോൾ ഉള്ള എം.എൽ.എ മാരിലും എം.പി മാരിലും 1765 പേരാണ് ഗുരുതര ക്രിമിനൽ കുറ്റങ്ങളിൽ പ്രതികളായിട്ടുള്ളത്. 3816 ഓളം കേസുകൾ ഇത്രയും പേർക്കെതിരായി ഉണ്ട്. അവയിൽ തന്നെ 3045 എണ്ണത്തിൽ കേസ് നടന്നു കൊണ്ടിരിക്കുന്നു. ഉത്തർപ്രദേശ് ആണ് മറ്റു പല ചീത്തപ്പേരുകളിലും എന്ന പോലെ ക്രിമിനൽ സാമാജികരുടെ എണ്ണത്തിലും മുന്നിൽ. 248 ക്രിമിനലുകൾ യു.പി നിയമസഭയിൽ നിയമ നിർമ്മാണം നടത്തുന്നു. തൊട്ടു പിറകിൽ നമ്മുടെ അയൽ സംസ്ഥാനമായ തമിഴ് നാടും. 178 ക്രിമിനൽ സാമാജികർ തമിഴ് നാട്ടിൽ ഉണ്ട്. 144 ക്രിമിനൽ എം.എൽ.എ മാരുമായി ഒറിസ്സയും തൊട്ടു പിന്നിൽ തന്നെ ഉണ്ട്.

കുറ്റവാളികളായ സാമാജികരെ വിചാരണ ചെയ്യുന്നതിന് വേണ്ടി പ്രത്യേക അതിവേഗ കോടതികൾ സ്ഥാപിക്കണമെന്നുള്ള ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിൻറ്റെ 2017 ലെ വിധിയിന്മേൽ കേന്ദ്ര സർക്കാരിൻറ്റെ ആദ്യ പ്രതികരണമായിരുന്നു ഇന്നത്തെ സത്യവാങ്മൂലം. ഈ ആവശ്യത്തിലേക്കായി ഏകദേശം 78 കോടി രൂപ മാറ്റി വച്ചിട്ടുണ്ട് എന്നു കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.

ഏകദേശം 125 ഓളം ക്രിമിനൽ കേസുകൾ ഓരോ വർഷവും സാമാജികർക്കെതിരായി പുതുതായി ഫയൽ ചെയ്യപ്പെടുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. രാഷ്ട്രീയക്കാർ പ്രതികളാകുന്ന കേസുകൾ വിചാരണ ചെയ്യുന്നതിനായി പ്രത്യേക കോടതികൾ രാജ്യമൊട്ടാകെ സ്ഥാപിക്കണമെന്നു കോടതി കേന്ദ്ര സർക്കാരിനോട് കഴിഞ്ഞ വർഷം നിർദ്ദേശിച്ചിരുന്നു.

കുറ്റവാളികളായ രാഷ്ട്രീയക്കാർക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്ന് സുപ്രീം കോടതി അഭിഭാഷകനായ അശ്വിനി ഉപാധ്യായ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു സുപ്രീം കോടതി.