വിജയാഹ്ലാദത്തില്‍ കര്‍ഷകര്‍ നാസിക്കിലേക്ക് മടങ്ങി

#

മുംബൈ (13-03-18) : നാസിക്കില്‍ നിന്ന് 180 കി.മീറ്റര്‍ കാല്‍നടയായി യാത്ര ചെയ്ത് മുംബൈയിലെത്തിയ കര്‍ഷകമാര്‍ച്ചില്‍ പങ്കെടുത്ത കര്‍ഷകര്‍ വിജയാഹ്ലാദത്തോടെ നാസിക്കിലേക്ക് മടങ്ങി. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച വിജയമായതിനെ തുടര്‍ന്ന് ചര്‍ച്ചയില്‍ അംഗീകരിച്ച വ്യവസ്ഥകള്‍ കിസാന്‍സഭ നേതാക്കള്‍ മാര്‍ച്ചില്‍ പങ്കെടുത്തവരെ വായിച്ചു കേള്‍പ്പിച്ചു. തലമുറകളായി കൃഷി ചെയ്യുന്ന ഭൂമിക്ക് പട്ടയം നല്‍കാമെന്നും വായ്പകള്‍ എഴുതിത്തള്ളാമെന്നുമുള്ള ഉറപ്പുകള്‍ നീണ്ടുനിന്ന കരാഘോഷത്തോടെയാണ് കര്‍ഷകര്‍ സ്വീകരിച്ചത്. ചര്‍ച്ചയില്‍ ധാരണയായ കാര്യങ്ങള്‍ സംബന്ധിച്ച് രേഖാമൂലമായ ഉറപ്പ് ലഭിച്ചതായി സംഘടനാ നേതാക്കള്‍ കര്‍ഷകരെ അറിയിച്ചു. വാക്കാലുള്ള ഉറപ്പല്ലാതെ രേഖാമൂലമുള്ള ഉറപ്പ് കര്‍ഷകര്‍ക്ക് ലഭിക്കാറില്ലെന്നും ആ നിലയില്‍ രേഖാമൂലമുള്ള ഉറപ്പു നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായത് മാര്‍ച്ചിന്റെ വലിയ വിജയമാണെന്നും കര്‍ഷകര്‍ അഭിപ്രായപ്പെട്ടു.

സ്ത്രീകളുള്‍പ്പെടെ മാര്‍ച്ചില്‍ പങ്കെടുത്ത ആയിരക്കണക്കിനാളുകളെ തിരികെ സ്വദേശങ്ങളിലെത്തിക്കാന്‍ സെന്‍ട്രല്‍ റെയില്‍വേയും മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട് കോര്‍പ്പറേഷനും സൗകര്യം ഒരുക്കി. സെന്‍ട്രല്‍ റെയില്‍വേ രണ്ട് സ്‌പെഷ്യല്‍ ട്രയിനുകളും റോഡ് ട്രാന്‍സ്‌പോര്‍ട് കോര്‍പ്പറേഷന്‍ 23 ബസ്സുകളും മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്കുവേണ്ടി പ്രത്യേകമായി ഓടിക്കുകയുണ്ടായി.