പെന്‍ഷന്‍ പ്രായം കൂട്ടാന്‍ ആലോചനയില്ല : മുഖ്യമന്ത്രി

#

തിരുവനന്തപുരം (13-03-18) : കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍പ്രായം വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ച് എല്ലാവരുമായും ചര്‍ച്ച ചെയ്ത് മാത്രമേ തീരുമാനമെടുക്കുകയുള്ളൂ എന്ന് മുഖ്യമന്ത്രി. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലില്ല. കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നതു സംബന്ധിച്ച് വി.ടി.ബല്‍റാം നല്‍കിയ അടിയന്തിര പ്രമേയനോട്ടീസിനു നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ശമ്പളവും പെന്‍ഷനും പോലും നല്‍കാന്‍ കഴിയാത്ത തരത്തില്‍ രൂക്ഷമായ പ്രതിസന്ധി കെ.എസ്.ആര്‍.ടി.സിയിലുണ്ട്. പക്ഷേ, പെന്‍ഷന്‍പ്രായം കൂട്ടുന്നതു സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല.

കെ.എസ്.ആര്‍.ടി.സിയെ മറയാക്കി എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കെ.എസ്.ആര്‍.ടി.സി മെച്ചപ്പെടുത്താനുള്ള സുശീല്‍ഖന്ന റിപ്പോര്‍ട്ടിലെ ഒരു നിര്‍ദ്ദേശം മാത്രമാണ് പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കണമെന്നത് എന്നും സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്റെ പേരില്‍ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ വി.ടി.ബല്‍റാം കുറ്റപ്പെടുത്തി.