പാതയോരത്തെ കള്ളുഷാപ്പുകള്‍ തുറക്കാം : സുപ്രീം കോടതി

#

ന്യൂഡല്‍ഹി (13-03-18) : ദേശീയപാതകളുടെയും സംസ്ഥാന പാതകളുടെയും സമീപത്തുള്ള കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറന്നുപ്രവര്‍ത്തിക്കാമെന്ന് സുപ്രീംകോടതി. പാതയോരത്തെ മദ്യശാലകള്‍ സംബന്ധിച്ച് കോടതി മുമ്പ് പുറപ്പെടുവിച്ച വിധിയുടെ പരിധിയില്‍ കള്ളുഷാപ്പുകളും ഉള്‍പ്പെടുമെന്ന് ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ മൂന്നംഗബഞ്ച് പുറപ്പെടുവിച്ച വിധിയില്‍ പറയുന്നു. കേരളത്തിലെ കള്ളുഷാപ്പുടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബഞ്ചിന്റെ വിധി.

ദേശീയ പാതകളുടെയും സംസ്ഥാന പാതകളുടെയും 500 മീറ്റര്‍ ചുറ്റളവില്‍ മദ്യശാലകള്‍ അനുവദിക്കാന്‍ പാടില്ലെന്ന മുന്‍ ഉത്തരവില്‍ നിന്ന് നഗരപാതകളെ ഒഴിവാക്കിക്കൊണ്ട് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. നഗര സ്വഭാവമുള്ള പഞ്ചായത്തുകളെ ഒഴിവാക്കിക്കൊണ്ടാണ് പുതിയ വിധി. നഗരസ്വഭാവമുള്ള പഞ്ചായത്തുകള്‍ ഏതൊക്കെയെന്ന് തീരുമാനിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനായിരിക്കും.