ഷാമിയുടെ ഭാര്യ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു

#

കൊല്‍ക്കത്ത (13-03-18) : കൊല്‍ക്കത്തയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ക്രിക്കറ്റ്താരം മുഹമ്മദ് ഷാമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ പൊട്ടിത്തെറിച്ചു. കൊല്‍ക്കത്ത സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിനു പുറത്ത് വെച്ച്  ചോദ്യങ്ങള്‍ ചോദിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരോടാണ് ഹസിന്‍ ജഹാന്‍ തട്ടിക്കയറിയത്. ഒരു മാധ്യമപ്രവര്‍ത്തകന്റെ വീഡിയോ ക്യാമറ തകരുകയും ചെയ്തു. രോഷാകുലയായ ഹസിന്‍ ജഹാന്‍ ഉടന്‍തന്നെ വാഹനത്തില്‍ കയറി സ്ഥലം വിട്ടു.

മുഹമ്മദ് ഷാമിയ്ക്ക് എതിരെ ഗാര്‍ഹിക പീഡനം ആരോപിച്ച് പരാതി നല്‍കിയതിനു ശേഷം ഹസിനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. ഇനി എന്താണ് അടുത്ത നടപടി എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം പറയാന്‍ ഹസിന്‍ ജഹാന്‍ കൂട്ടാക്കിയില്ല. മാധ്യമങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും തന്റെ സ്വകാര്യതയില്‍ തലയിടാന്‍ മാധ്യമങ്ങള്‍ക്ക് അവകാശമില്ലെന്നും ഹസിന്‍ പറഞ്ഞു. ജാദവ്പൂര്‍ പോലീസ് സ്റ്റേഷനില്‍ ഹസിന്‍ ജഹാന്‍ മുഹമ്മദ് ഷാമിക്കെതിരേ നല്‍കിയ പരാതിയില്‍ മാര്‍ച്ച് 19 ന് പോലീസ് ഹസിന്റെ മൊഴി രേഖപ്പെടുത്തും.