പ്രതിപക്ഷ ഐക്യത്തിന് സോണിയയുടെ മുന്‍കൈ

#

ന്യൂഡല്‍ഹി (13-03-18) : രാജ്യത്തെ 17 പ്രതിപക്ഷപ്പാര്‍ട്ടി നേതാക്കള്‍ക്കായി ഇന്ന് യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധി അത്താഴവിരുന്ന് ഒരുക്കുന്നു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പായി പ്രതിപക്ഷപ്പാര്‍ട്ടികളുടെ ഐക്യത്തിന് സംഘടിതരൂപം നല്‍കാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമാണ് ഇന്ന് തന്റെ വസതിയില്‍ സോണിയ ഗാന്ധി ഒരുക്കുന്ന അത്താഴവിരുന്ന്. പ്രധാന പ്രതിപക്ഷപ്പാര്‍ട്ടി നേതാക്കളെയെല്ലാം വിരുന്നിന് ക്ഷണിച്ചിട്ടുണ്ട്. പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന സമയമായതിനാല്‍ പാര്‍ലമെന്റില്‍ മോദിയെയും ബി.ജെ.പിയെയും നേരിടാന്‍ യോജിച്ച തന്ത്രങ്ങള്‍ മെനയുന്നതിനെക്കുറിച്ചും പ്രതിപക്ഷ നേതാക്കളുടെ യോഗം ചര്‍ച്ച ചെയ്യും.

ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് ഇന്നത്തെ അത്താഴവിരുന്നില്‍ പങ്കെടുക്കും. പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാബാനര്‍ജി വിരുന്നിന് എത്തുന്നില്ലെങ്കിലും പകരം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് സുദീപ് ബന്ദോപാധ്യായയെ അയയ്ക്കുന്നുണ്ട്. ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍ യു.പി മുഖ്യമന്ത്രിയുമായ മായാവതിയെ ക്ഷണിച്ചിട്ടുണ്ടെങ്കിലും അവര്‍ എത്തില്ല. ഡി.എം.കെയെ പ്രതിനിധീകരിച്ച് കനിമൊഴി വിരുന്നില്‍ പങ്കെടുക്കാനാണ് സാധ്യത. ഇടതുപാര്‍ട്ടി നേതാക്കളും വിരുന്നില്‍ പങ്കെടുത്തേക്കും. ആര്‍.ജെ.ഡിക്കു വേണ്ടി ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവ് പങ്കെടുക്കും.

ബി.ജെ.പിയുമായി ഇടഞ്ഞുനില്‍ക്കുകയാണെങ്കിലും ഇപ്പോള്‍ എന്‍.ഡി.എയുടെ ഭാഗമായ തെലുങ്കുദേശം പാര്‍ട്ടിയെ വിരുന്നിന് ക്ഷണിച്ചിട്ടില്ല. ഒറീസ്സ മുഖ്യമന്ത്രിയും ബിജൂ ജനതാദള്‍ നേതാവുമായ നവീന്‍ പട്‌നായിക്, തെലുങ്കാന മുഖ്യമന്ത്രിയും തെലുങ്കാന രാഷ്ട്ര സമിതി നേതാവുമായ ചന്ദ്രശേഖര്‍ റാവു തുടങ്ങിയവര്‍ക്കും ക്ഷണമില്ല. രാഷ്ട്രപതി-ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളില്‍ സംഭവിച്ചതുപോലെ പ്രതിപക്ഷ ഐക്യത്തിന് വ്യക്തമായ ഒരു സംഘടിത രൂപമില്ലാത്തതുകൊണ്ടുണ്ടായ പാളിച്ച ആവര്‍ത്തിക്കാതിരിക്കാനാണ് സോണിയ ഗാന്ധിയുടെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും ശ്രമം.