സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു

#

ലണ്ടന്‍ (14-03-18) : വിഖ്യാത ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ്(76) അന്തരിച്ചു. കേംബ്രിഡ്ജ് സര്‍വ്വകലാശാലയ്ക്കു സമീപമുള്ള സ്വന്തം വസതിയില്‍ വച്ചായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. ഭാര്യയും രണ്ടു മക്കളുമുണ്ട്. 21-ാം വയസ്സില്‍ അപൂര്‍വ്വമായ തരം മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച സ്റ്റീഫന്‍ ഹോക്കിംഗ്‌, ഒരു വര്‍ഷത്തിനപ്പുറം ജീവിച്ചിരിക്കില്ല എന്ന ഡോക്ടര്‍മാരുടെ നിഗമനത്തെ അപ്രസക്തമാക്കി 55 വര്‍ഷക്കാലത്തോളം ജീവിക്കുകയും തന്റെ കാലഘട്ടത്തിലെ ഏറ്റവും വലിയ ഭൗതികശാസ്ത്രജ്ഞന്‍ എന്ന അംഗീകാരം നേടുകയും ചെയ്തു.

1964 ൽ രോഗബാധിതനായ സ്റ്റീഫന്‍ ഹോക്കിംഗ് പിന്നീടുള്ള ജാവിതകാലമത്രയും വീല്‍ ചെയറിലാണ് കഴിഞ്ഞത്. 1985 ല്‍ മാരകമായ ന്യുമോണിയ രോഗം ബാധിച്ച ഹോക്കിംഗ് ശ്വാസ്വോച്ഛ്വാസം ചെയ്തത് ട്യൂബ് വഴിയാണ്. ഇലക്‌ട്രോണിക് വോയ്‌സ് സിന്തസൈസര്‍ വഴിയായിരുന്നു ആശയവിനിമയം. ചലനശേഷി മിക്കവാറും നഷ്ടപ്പെട്ട അവസ്ഥയില്‍ വീല്‍ ചെയറില്‍ കഴിഞ്ഞുകൊണ്ട്  ഭൗതികശാസ്ത്രരംഗത്ത് നിസ്തുലസംഭാവനകള്‍ നല്‍കിയ ഹോക്കിംഗ് ഇച്ഛാശക്തിയുടെ അത്യപൂര്‍വ്വമായ മാതൃകയാണ്.

തമോഗർത്തങ്ങളെ മനസിലാക്കുന്നതിലും കണികാ പ്രപഞ്ചഘടനാ വിജ്ഞാനീയത്തിലും നൽകിയ സംഭാവനകൾ ഹോക്കിംഗിനെ തന്റെ കാലഘട്ടത്തിലെ ഏറ്റവും വലിയ ശാസ്ത്രജ്ഞയാക്കിമാറ്റി. ആപേക്ഷികതാ സിദ്ധാന്തവും ക്വാണ്ടം ബലതന്ത്രവും യോജിപ്പിച്ച് കോസ്‌മോളജിയെ സംബന്ധിച്ച് ഹോക്കിംഗ് ആവിഷ്‌കരിച്ച സിദ്ധാന്തം അദ്ദേഹത്തിന് വിശ്വപ്രശസ്തി നേടിക്കൊടുത്തു. 1988 ല്‍ സ്റ്റീഫന്‍ ഹോക്കിംഗ് രചിച്ച "എ ബ്രീഫ് ഹിസ്റ്ററി ഒഫ് ടൈം" ഏറ്റവുമധികം വായിക്കപ്പെട്ട ശാസ്ത്രഗ്രന്ഥമാണ്.1974 ൽ റോയൽ സൊസൈറ്റി ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ട സ്റ്റീഫൻ ഹോക്കിംഗിന് വിശ്വവിഖ്യാതമായ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ക്രേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ സെന്റെര്‍ ഫോര്‍ തിയററ്റിക്കല്‍ കോസ്‌മോളജിയുടെ ഡയറക്ടറായിരുന്നു.

ഉറച്ച ഇടതുപക്ഷ നിലപാടുകൾ സ്വീകരിച്ച ശാസ്ത്രജ്ഞൻ എന്ന സവിശേഷത കൂടിയുണ്ട് ഈ വിശ്വ വിഖ്യാത ശാസ്ത്രജ്ഞന്. 1968 ൽ വിയറ്റ്‌നാമിൽ അമേരിക്ക നടത്തുന്ന യുദ്ധത്തിനെതിരായ മാർച്ചിൽ സ്റ്റീഫൻ ഹോക്കിംഗ് പങ്കെടുക്കുകയുണ്ടായി. അമേരിക്കയും സഖ്യശക്തികളും ഇറാക്കിൽ നടത്തിയ ആക്രമണത്തെ ശക്തമായ ഭാഷയിൽ അദ്ദേഹം അപലപിച്ചു. ഇസ്രയേലിനെതിരെയും ആണവ നിരായുധീകരണത്തിനു വേണ്ടിയുമുള്ള പ്രസ്ഥാനങ്ങൾക്കും അദ്ദേഹത്തിന്റെ പിന്തുണയുണ്ടായിരുന്നു. എല്ലാവർക്കും ആരോഗ്യ പരിരക്ഷ എന്ന ആശയത്തിൽ വിശ്വസിച്ചിരുന്ന സ്റ്റീഫൻ ഹോക്കിംഗ് ബ്രിട്ടനിലെ പൊതുജനാരോഗ്യരംഗം ശക്തമായതുകൊണ്ടാണ് തനിക്ക് ജീവിതം സാധ്യമായതെന്ന് വിശ്വസിച്ചു. ആരോഗ്യമേഖലയുടെ സ്വകാര്യവൽക്കരണത്തിന് എതിരെ ഏറ്റവും ശക്തമായി വാദിച്ചവരിൽ ഒരാളായിരുന്നു അദ്ദേഹം. താൻ മതവിശ്വാസിയല്ലെന്നും ശാസ്ത്രത്തിന്റെ നിയമങ്ങളാണ് ലോകത്തെ നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.