വിചാരണ തുടങ്ങി : പ്രത്യേക കോടതി വേണമെന്ന് നടി

#

അങ്കമാലി (14-03-18) : നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ അങ്കമാലി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഇന്ന് ആരംഭിച്ചു. വിചാരണ നടപടികള്‍ ആരംഭിച്ച ഇന്ന് ദിലീപ് ഉള്‍പ്പെടെ 10 പ്രതികളും കോടതിയില്‍ ഹാജരായിരുന്നു.

കേസിലെ വിചാരണ പ്രത്യേക കോടതിയില്‍ നടത്തണമെന്ന് നടിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. വിചാരണ അതിവേഗം പൂര്‍ത്തിയാക്കണമെന്നും രഹസ്യമായി വേണം വിചാരണ നടത്തേണ്ടതെന്നും ആവശ്യപ്പെട്ട അഭിഭാഷകന്‍ വിചാരണയുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന ആവശ്യവും മുന്നോട്ടുവെച്ചു. കേസില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരാകുന്ന നിലയ്ക്ക്, നടിക്കു വേണ്ടി പ്രത്യേക അഭിഭാഷകന്‍ എന്തിനാണെന്ന് കോടതി ആരാഞ്ഞു. ആക്രമിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് സ്വന്തം അഭിഭാഷകരെ വയ്ക്കാന്‍ അനുവാദമുണ്ടെന്ന് അഭിഭാഷകന്‍ അറിയിച്ചു.

നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പ്രോസിക്യൂഷന്‍ ഹാജരാകുന്ന എല്ലാ തെളിവുകളും തനിക്ക് ലഭ്യമാക്കണമെന്ന് ദിലീപ് ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ നല്‍കുന്നതു സംബന്ധിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ ദൃശ്യങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ദൃശ്യങ്ങള്‍ ഒഴികെയുള്ള രേഖകള്‍ ദിലീപിന് നല്‍കാന്‍ കോടതി ഉത്തരവിട്ടു. കേസ് വീണ്ടും മാര്‍ച്ച് 28 ന് പരിഗണിക്കും.