ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി

#

ന്യൂഡല്‍ഹി (14-03-18) : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും രാജിവെച്ച ഒഴിവുകളില്‍ ലോക്‌സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി പിന്നില്‍. ഗോരഖ്പൂര്‍ മണ്ഡലത്തില്‍ 14  റൗണ്ട് വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ സമാജ്‌വാദി പാര്‍ട്ടിയുടെ പ്രവീൺകുമാർ നിഷാദ് ബി.ജെ.പി സ്ഥാനാർത്ഥി ഉപേന്ദ്രദത്ത് ശുക്ലയെക്കാള്‍ 15000 ത്തിലേറെ വോട്ടുകള്‍ക്ക് മുന്നിലാണ്. ഫുല്‍പൂര്‍ മണ്ഡലത്തില്‍ വോട്ടെണ്ണൽ 15 റൗണ്ട് കഴിഞ്ഞപ്പോൾ എസ്.പിയുടെ നാഗേന്ദ്ര പ്രതാപ്‌സിംഗ് ബി.ജെ.പിയുടെ കൗശലേന്ദ്ര പ്രതാപ്‌സിംഗിനെ 23000 ത്തിലേറെ വോട്ടുകള്‍ക്ക് പിന്നിലാക്കി. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗോരഖ്പൂരില്‍ യോഗി ആദിത്യനാഥ് 312783 വോട്ടുകളുടെയും ഫുല്‍പ്പൂരില്‍ കേശവ്പ്രസാദ് മൗര്യ 308308 വോട്ടുകളുടെയും ഭൂരിപക്ഷത്തിലായിരുന്നു ജയിച്ചത്. ബി.ജെ.പി.യുടെ ഉറച്ച കോട്ടകളിലാണ് സമാജ്‌വാദി പാര്‍ട്ടി മുന്നേറ്റം നടത്തുന്നത്.

ബീഹാറില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരരിയ ലോക്‌സഭാ മണ്ഡലത്തില്‍ ലാലുപ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി 15000 ത്തിലേറെ വോട്ടുകള്‍ക്ക് ബി.ജെ.പി സ്ഥാനാര്‍ത്ഥിയെക്കാള്‍ മുന്നിലാണ്. ജഹാനബാദ് നിയമസഭാ മണ്ഡലത്തില്‍ ആര്‍.ജെ.ഡി സ്ഥാനാര്‍ത്ഥി ജെ.ഡി.യു സ്ഥാനാര്‍ത്ഥിയെക്കാള്‍ മുന്നിലാണ്. ബീഹാറില്‍ ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റായ ഭബുവ നിയമസഭാ മണ്ഡലത്തില്‍ ബി.ജെ.പി ആര്‍.ജെ.ഡി.യെ പിന്നിലാക്കി. നിതീഷ്കുമാറിന്റെ ജെ.ഡി.യുവുമായി വഴി പിരിഞ്ഞത് തങ്ങൾക്ക് ഒരു പോറലും ഏല്പിച്ചിട്ടില്ലെന്ന ലാലു പ്രസാദ് യാദവിന്റെ അവകാശവാദം ശരി വയ്ക്കുന്ന തരത്തിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്.