5 ജില്ലകളില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യം : മുഖ്യമന്ത്രി

#

തിരുവനന്തപുരം (14-03-18) : ഇടതുതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് കേരളത്തില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള ജില്ലകളെ കൂടി കേന്ദ്രസര്‍ക്കാരിന്റെ എസ്.ആര്‍.ഇ (സെക്യൂരിറ്റി റിലേറ്റഡ് എക്‌സ്പന്‍ഡിച്ചര്‍ സ്‌കീം) പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി. മലപ്പുറം, വയനാട്, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ളതായി കണക്കാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ കെ.എം.ഷാജി തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

മാവോയിസ്റ്റ് ഭീഷണി നേരിടുന്നതിനായി ആദിവാസി വിഭാഗങ്ങളില്‍ നിന്ന് 75 യുവതീ യുവാക്കള്‍ക്ക് പി.എസ്.സി വഴി പ്രത്യേക നിയമനം നല്‍കാനുള്ള നടപടി സ്വീകരിച്ചു വരുന്നതായും മുഖ്യമന്ത്രി അറിയിച്ചു. മാവോയിസ്റ്റുകളെ സമൂഹത്തിന്റെ പൊതുധാരയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനുവേണ്ടി പുനരധിവാസ കീഴടങ്ങൽ പദ്ധതി സര്‍ക്കാര്‍ ആസൂത്രണം ചെയ്തു വരികയാണ്. മാവോയിസ്റ്റ് ഭീഷണി നിലവിലുള്ള മേഖലകളിലെ പോലീസ് സ്റ്റേഷനുകളിലെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഭീഷണി നേരിടാനുള്ള പരിശീലനം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.