സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ മരണം ലോകത്തെ പ്രതിഭാ ശൂന്യമാക്കുന്നു

#

(14-03-18) : ഗലീലിയോയും ന്യൂട്ടനും മുതല്‍ ഐന്‍സ്റ്റൈനും സ്റ്റീഫന്‍ ഹോക്കിങും വരെയുള്ള പ്രതിഭകളായ ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളും സിദ്ധാന്തങ്ങളുമാണ് സമാകാലീന ലോകത്തിന്റെ ഏറ്റവും വലിയ പൈതൃകം. യൂറോപ്പിലെ ചില രാജ്യങ്ങളില്‍ ജനിക്കുകയും എന്നാല്‍, മനുഷ്യരാശിയ്ക്ക് മുഴുവന്‍ അഭിമാനിക്കാവുന്ന പൈതൃകസൃഷ്ടാക്കളായി മാറുകയും ചെയ്യുന്നത് പ്രത്യക്ഷത്തില്‍ ഒരു വിരോധാഭാസമായി തോന്നാം. ഈ വിരോധാഭാസത്തെയാണ് "പ്രതിഭ"(genius)യെന്ന് വിളിക്കുന്നത്. ഒരാള്‍ക്ക്, സ്വന്തം ജീവിതത്തിന്റെ സ്ഥല-കാല പശ്ചാത്തലങ്ങളെ അതിജീവിക്കാനും സാര്‍വ്വലൗകിക മാനവികതയുടെ മഹാപ്രതിനിധിയായി ഉയരാനും കഴിയണമെങ്കില്‍, "പ്രതിഭ"കൂടിയേ തീരൂ.

ചിന്തയുടെയും തത്വചിന്ത, ശാസ്ത്രം, കല എന്നീ ചിന്താരൂപങ്ങളുടെയും (modes of thinking) തലത്തില്‍ മാത്രമേ, മനുഷ്യന് "പ്രതിഭാശാലി" ആകാന്‍ കഴിയൂ. ഗലീലിയോയിലാരംഭിക്കുന്ന മഹാപ്രതിഭകളുടെ വംശാവലിയുടെ സഞ്ചിത സംഭാവനകളില്ലായിരുന്നുവെങ്കില്‍, മനുഷ്യരാശിയുടെ അവസ്ഥ എന്താകുമായിരുന്നു? മതവും ശാസ്ത്രവും തമ്മിലുള്ള യുദ്ധത്തില്‍ ശാസ്ത്രം പരാജയപ്പെട്ടിരുന്നുവെങ്കില്‍, ഈ ഭൂമി ഇന്നത്തെപ്പോലെ ജീവയോഗ്യമാകുമായിരുന്നില്ല. മഹാപ്രതിഭകളായ എല്ലാ ശാസ്ത്രജ്ഞരും ഒരര്‍ത്ഥത്തില്‍, മനുഷ്യരാശിക്കുവേണ്ടി യുദ്ധം നയിച്ചവരും നയിക്കുന്നവരുമാണ്. ഇവര്‍ നടത്തിയ യുദ്ധം-ആശയങ്ങളെയും പരികല്പനകളെയും പ്രകൃതിനിയമങ്ങളെയും സിദ്ധാന്തങ്ങളെയും ആയുധമാക്കിയ യുദ്ധം- ജീവനുവേണ്ടിയുള്ള യുദ്ധം-കൂടിയായിരുന്നു. അല്ലെങ്കില്‍ സേച്ഛ്വാധിപതികളും ഫാസിസ്റ്റുകളും യുദ്ധക്കൊതിയന്മാരും ജീവന്‍ തന്നെ ഇല്ലാതാക്കുമായിരുന്നു.

ജീവന്റെ യുദ്ധമുന്നണിയിലെ അവസാനത്തെ സര്‍വസൈന്യാധിപനായിരുന്നു സ്റ്റീഫന്‍ ഹോക്കിങ്. സ്വന്തം ശാരീരികപരാധീനതകള്‍ കൊണ്ട് "ദന്തഗോപുര വാസി"യാകാന്‍ നിര്‍ബന്ധിതനായ ഹോക്കിങ് ചിന്തകൊണ്ട് ലോകമാകെ പ്രവഹിക്കുകയും ചെയ്തിരുന്നു. ഗാസയിലെ ആക്രമത്തിനിരയാകുന്ന കുഞ്ഞുങ്ങള്‍ക്കൊപ്പവും പട്ടിണികൊണ്ടും കുടിവെള്ളക്ഷാമം കൊണ്ടും പോഷകാഹാരക്കുറവുകൊണ്ടും മരിക്കുന്ന ആഫ്രിക്കയിലെ കുട്ടികള്‍ക്കൊപ്പവും അദ്ദേഹത്തിന്റെ മനസ് സഞ്ചരിച്ചു. താനൊരു നിരീശ്വരവാദിയാണെന്ന് നിരന്തരം പ്രഖ്യാപിച്ച് കൊണ്ടിരുന്നു അദ്ദേഹം. ഡൊണാള്‍ഡ് ട്രംപിനെ അമേരിക്കന്‍ വോട്ടര്‍മാരാണ് തിരഞ്ഞെടുത്തതെങ്കിലും, സ്റ്റീഫന്‍ ഹോക്കിങിനെ സംബന്ധിച്ചിടത്തോളം ട്രംപ് വെറുമൊരുഡെമഗോഗ് (demagogue) മാത്രമാണ്. "വഷളന്‍", "വാചകമടിക്കാരന്‍", "ആഭാസന്‍" എന്നിങ്ങനെ അര്‍ത്ഥം വരുന്ന ഈ വാക്കുകൊണ്ടാണ് അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ട്രംപിനെ ഹോക്കിങ് വിശേഷിപ്പിച്ചത്.