ജെ.എന്‍.യുവില്‍ ലൈംഗികാതിക്രമം : ഗൈഡിനെതിരേ വിദ്യാര്‍ത്ഥിനികള്‍

#

ന്യൂഡല്‍ഹി (16-03-18) : ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ നിന്ന് ഏതാനും ദിവസം മുമ്പ് കാണാതായ വിദ്യാര്‍ത്ഥിനിയെ ലക്‌നൗവില്‍ കണ്ടുകിട്ടി. സ്‌കൂള്‍ഓഫ് ലൈഫ് സയന്‍സസിലെ ഒന്നാംവര്‍ഷ ഗവേഷണ വിദ്യാര്‍ത്ഥിനി പൂജ കാസനയെയാണ് ലക്‌നൗവില്‍ പോലീസ് കണ്ടെത്തിയത്. വിദ്യാര്‍ത്ഥിനി ഡല്‍ഹിയിലേക്ക് മടങ്ങി. സ്‌കൂള്‍ ഒഫ് ലൈഫ് സയന്‍സസിലെ അദ്ധ്യാപകനും തന്റെ ഗൈഡുമായ എ.കെ.ജോഹ്‌റിയുടെ അപമര്യാദയോടെയുള്ള പെരുമാറ്റത്തില്‍ സഹികെട്ടാണ് താന്‍ ക്യാമ്പസ് വിട്ടുപോയതെന്ന് വിദ്യാര്‍ത്ഥിനി ലക്‌നൗ പോലീസിനോട് പറഞ്ഞു.

തന്നോടുള്ള പെരുമാറ്റം സംബന്ധിച്ച്, എ.കെ.ജോഹ്‌റിക്ക് താന്‍ ഇമെയില്‍ അയച്ചതായി കാസന പറഞ്ഞു. പെണ്‍കുട്ടികളോട് എങ്ങനെ സംസാരിക്കണമെന്നോ പെരുമാറണമെന്നോ അറിയാത്ത സംസ്‌കാരമില്ലാത്തയാളാണ് ജോഹ്‌റി എന്ന് മെയിലില്‍ താന്‍ എഴുതിയതായി പോലീസിനോട് വിദ്യാര്‍ത്ഥിനി പറഞ്ഞു. പെണ്‍കുട്ടികള്‍ ഒന്നിനും കൊള്ളാത്തവരാണ് എന്ന ധാരണ അവരില്‍ സൃഷ്ടിക്കുന്ന തരത്തിലാണ് ജോഹ്‌റിയുടെ പെരുമാറ്റമെന്ന് കാസന ആരോപിക്കുന്നു.

കാസനയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ സ്‌കൂള്‍ ഒഫ് ലൈഫ് സയന്‍സസിലെ 12 വിദ്യാര്‍ത്ഥിനികള്‍ ജോഹ്‌റിക്കെതിരേ ലൈംഗികാതിക്രമ ആരോപണങ്ങളുമായി രംഗത്തുവന്നു. ലാബില്‍ മറ്റാരുമില്ലാത്തപ്പോള്‍, ലാബിലേക്ക് വരാന്‍ ജോഹ്‌റി തങ്ങളോട് ആവശ്യപ്പെടുമായിരുന്നെന്നും വൃത്തികെട്ട എസ്.എം.എസ്സുകള്‍ അയയ്ക്കുന്നതും ലൈംഗികമായി വഴങ്ങാന്‍ ആവശ്യപ്പെടുന്നതും പതിവായിരുന്നെന്നും വിദ്യാര്‍ത്ഥിനികള്‍ ആരോപിക്കുന്നു. പോലീസില്‍ ഉടന്‍തന്നെ പരാതി നല്‍കുമെന്ന് വിദ്യാര്‍ത്ഥിനികള്‍ അറിയിച്ചു.