ആത്മഹത്യ ചെയ്ത സുഗതന്‍ വിസ തട്ടിപ്പ് നടത്തിയെന്ന് ആരോപണം

#

കൊല്ലം (16-03-18) : പുനലൂരില്‍ ആത്മഹത്യ ചെയ്ത സുഗതന്‍ വിസ തട്ടിപ്പിലെ കണ്ണിയെന്ന് ആരോപണം. സുഗതനും ശാസ്താംകോണം സ്വദേശി രഞ്ജിത്തും അയാളുടെ ഭാര്യ അമ്പിളിയും ചേര്‍ന്ന് 6 യുവാക്കളെ മസ്‌കറ്റില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി കബളിപ്പിച്ചതായാണ് പരാതി. ആലപ്പുഴ ജില്ലയിലെ നൂറനാട് പടനിലം സ്വദേശി എം.ജഗദമ്മ, പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ സ്വദേശി വിജേഷ്, കൊല്ലം ജില്ലയിലെ പുനലൂര്‍ ശാസ്താംകോണം സ്വദേശി തമ്പി എന്നിവര്‍ ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. 2 പരാതിക്കാരുടെ മക്കളും ഒരു പരാതിക്കാരന്റെ സഹോദരനുമടക്കം 6 യുവാക്കള്‍ സുഗതനുള്‍പ്പെടെയുള്ളവരുടെ കബളിപ്പിക്കലിന് വിധേയരായതായി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പരാതി നല്‍കിയവര്‍ കഴിഞ്ഞദിവസം കൊല്ലത്ത് വാര്‍ത്താസമ്മേളനം നടത്തുകയുണ്ടായി.

സുഗതനും രഞ്ജിത്തും അമ്പിളിയും ചേര്‍ന്ന് ഒരു യുവാവില്‍ നിന്ന് 80000 രൂപയും മറ്റു 5 പേരില്‍ നിന്ന് 50000 രൂപ വീതവും തട്ടിയെടുത്തെന്ന് പരാതിയില്‍ പറയുന്നു. വര്‍ക്‌ഷോപ്പിലെയും സര്‍വ്വീസ് സെന്ററിലെയും ജോലിക്കായി വിസയുണ്ടെന്നും വിസ തരപ്പെടുത്തി നല്‍കുന്നത് സുഗതനാണെന്നുമാണ് പറഞ്ഞിരുന്നത്. നൂറുകണക്കിനാളുകള്‍ക്ക് സുഗതന്‍ ഗള്‍ഫില്‍ ജോലി ശരിയാക്കിക്കൊടുത്തിട്ടുണ്ടെന്ന് യുവാക്കളെ വിശ്വസിപ്പിച്ചു. 2017 ഡിസംബര്‍ 8,19 തീയതികളിലായി മസ്‌കറ്റിലേക്ക് പോയ യുവാക്കളെ വിമാനത്താവളത്തില്‍ സ്വീകരിച്ചത് സുഗതനാണ്. 150 റിയാല്‍ ശമ്പളവും സൗജന്യതാമസും ഭക്ഷണവും വാഗ്ദാനം ചെയ്ത് കൊണ്ടുപോയവര്‍ക്ക് പറഞ്ഞ ശമ്പളമോ സൗകര്യങ്ങളോ ലഭിച്ചില്ലെന്ന് പരാതിയില്‍ ആരോപിക്കുന്നു. 150 റിയാല്‍ വാഗ്ദാനം ചെയ്തിട്ട് മസ്‌കറ്റിലെത്തി കഴിഞ്ഞപ്പോൾ 100 റിയാല്‍ മാത്രമേ നല്‍കൂവെന്ന് പറഞ്ഞെങ്കിലും അതുപോലും നല്‍കിയില്ല. 8 മണിക്കൂര്‍ ജോലിയും ശമ്പളത്തോടുകൂടിയ 2 മണിക്കൂര്‍ അധികസമയം ജോലിയും വാഗ്ദാനം ചെയ്ത സ്ഥാനത്ത് 14 മുതൽ 18 മണിക്കൂര്‍ വരെ കഠിനാദ്ധ്വാനം ചെയ്യാന്‍ തൊഴിലുടമ നിര്‍ബ്ബന്ധിതരാക്കി. വൃത്തിഹീനമായ കുടുസ്സുമുറിയാണ് താമസത്തിന് നല്‍കിയത്. മതിയായ ഭക്ഷണവും വെള്ളവും നല്‍കിയില്ല. പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ പിടിച്ചുവെച്ചു.

മസ്‌കറ്റിലുള്ള യുവാക്കളുടെ ദയനീയാവസ്ഥ മനസ്സിലാക്കിയ ബന്ധുക്കള്‍ സുഗതന്‍ നാട്ടിലെത്തിയപ്പോള്‍ പോയികണ്ടു യുവാക്കളെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സുഗതന്‍ തങ്ങളെ ഒഴിവാക്കിയെന്ന് യുവാക്കളുടെ ബന്ധുക്കള്‍ പറയുന്നു. വീട്ടില്‍പോലും കയറ്റിയില്ല. ഗള്‍ഫിലുള്ളവര്‍ ഫോണ്‍ ചെയ്താല്‍ സുഗതന്‍ എടുക്കില്ലായിരുന്നു. മസ്‌കറ്റിലെത്തിയ യുവാക്കളെ സുഗതന്‍ ഒരു അറബിക്ക് വില്‍ക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ യുവാക്കളുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. യുവാക്കളുടെ ബന്ധുക്കള്‍ പുനലൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിന് പോലീസിന് നിര്‍ദ്ദേശം നല്‍കണമെന്ന് പരാതിയില്‍ യുവാക്കളുടെ ബന്ധുക്കൾ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.