ഫാറൂഖ് കോളേജ്: വിദ്യാർത്ഥി സമരം വിജയം

#

കോഴിക്കോട്(16-03-2018): കോഴിക്കോട് ഫാറൂഖ് കോളേജിൽ വിദ്യാർത്ഥികൾ നടത്തി വന്ന സമരം വിജയം. കഴിഞ്ഞ ദിവസം വിദ്യാർത്ഥികൾ നടത്തിയ ഹോളി ആഘോഷങ്ങൾക്കിടെ വിദ്യാർത്ഥികളെ 40 ഓളം അധ്യാപകരും കോളേജ് ജീവനക്കാരും ചേർന്ന് ക്രൂരമായി മർദിച്ചിരുന്നു. ഇതിനെതിരെ നടപടി ആവിശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ ഇന്ന് രാവിലെ മുതൽ പഠിപ്പു മുടക്കി സമരം ആരംഭിച്ചത്.

പ്രിസിപ്പലിന്റെ ഓഫീസിനു മുന്നിൽ 300 ഓളം വിദ്യാർത്ഥികളാണ് സമരം നടത്തിയത്. വിദ്യാർത്ഥികളെ മർദിച്ച അധ്യാപകരെയും ജീവനക്കാരെയും പുറത്താക്കുക വിദ്യാർത്ഥികൾക്കെതിരെ കൊടുത്ത കള്ള കേസുകൾ പിൻവലിക്കുക കോളേജിൽ നിലവിലുള്ള ഡിസിപ്ലിനറി കമ്മിറ്റി പിരിച്ചു വിടുക എന്നിവയായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ. ഇവയിൽ ഭൂരിഭാഗം ആവശ്യങ്ങളും കോളേജ് മാനേജ്മെൻറ്റ് അംഗീകരിക്കുകയായിരുന്നു.

കുറ്റാരോപിതരായ അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കാനായി ഒരു അന്വേഷണ കമ്മീഷനെ നിയോഗിച്ചു. ഈ കമ്മിറ്റിയിൽ വിദ്യാർത്ഥികൾക്കും പ്രാതിനിധ്യം ഉണ്ടായിരിക്കും. എന്നാൽ ഇപ്പോൾ വാക്കാൽ ഉള്ള ഉറപ്പു മാത്രമാണ് ലഭിച്ചിരിക്കുന്നതെന്നും ഇവയിൽ എന്തെങ്കിലും മാറ്റം ഉണ്ടായാൽ ശക്തമായ സമരപരിപാടികളുമായി തിരിച്ചു വരുമെന്നും വിദ്യാർത്ഥി നേതാക്കൾ അറിയിച്ചു.