എം.സുകുമാരൻ അന്തരിച്ചു

#

തിരുവനന്തപുരം ( 16.03.2018): എഴുത്തിലും ജീവിതത്തിലും വിട്ടു വീഴ്ചയില്ലാത്ത സത്യസന്ധത പുലർത്തുകയും നിശിതമായ രാഷ്ട്രീയ ബോധം പുലർത്തിയ കഥകളിലൂടെയും നോവലുകളിലൂടെയും മലയാള കഥാ സാഹിത്യത്തിന് ഉന്നതമായ രാഷട്രീയമാനം നല്കുകയും ചെയ്ത എം.സുകുമാരൻ അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്രാ മെഡിക്കൽ സെൻറ്ററിൽ രാത്രി 9നായിരുന്നു അന്ത്യം. കുറച്ചു കാലമായി ഹൃദ്രോഗ ബാധിതനായിരുന്നു.

അക്കൗണ്ടൻറ് ജനറൽ ഓഫീസിൽ ഉദ്യോഗസ്ഥനായിരുന്ന സുകുമാരൻ സമരത്തിൽ പങ്കെടുത്തതിന് 1974ൽ ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടു. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിൻറ്റെ അപചയം ശക്തമായി ആവിഷ്കരിക്കുന്ന "ശേഷക്രിയ" എന്ന നോവൽ മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ കൃതികളിലൊന്നാണ്. "തൂക്കുമരങ്ങൾ ഞങ്ങൾക്ക്, മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങൾ, സംഘഗാഥ, പിതൃതർപ്പണം, ജനിതകം" തുടങ്ങിയവ പ്രധാന കൃതികൾ. കേരള, കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡുകൾ ലഭിച്ചു. ഭാര്യ, മകൾ, മരുമകൻ, ചെറുമകൾ എന്നിവരോടൊപ്പം തിരുവനന്തപുരം പടിഞ്ഞാറെക്കോട്ട പ്രശാന്ത് നഗറിലായിരുന്നു താമസം. മകൾ എഴുത്തുകാരി രജനി മന്നാടിയാർ.