രാജ്യത്തെ ഒന്നിപ്പിക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ : രാഹുല്‍

#

ന്യൂഡല്‍ഹി (17-03-18) : ബി.ജെ.പി ഭരണത്തില്‍ രാജ്യമാകെ ജനങ്ങളില്‍ രോഷം പടരുകയാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ് ഭരിക്കുന്നവര്‍ ചെയ്യുന്നത്. ജാതിക്കും മതത്തിനുമപ്പുറം എല്ലാ മനുഷ്യരെയും ഒന്നായി കാണാനും ഒന്നിപ്പിക്കാനും കോണ്‍ഗ്രസിനു മാത്രമേ കഴിയൂ എന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ഇന്ന് ഡല്‍ഹിയില്‍ ആരംഭിച്ച കോണ്‍ഗ്രസിന്റെ ത്രിദിന പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമായി 15000ത്തോളം നേതാക്കളും പ്രവര്‍ത്തകരും പ്ലീനറിസമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്തതിനുശേഷമുള്ള ആദ്യത്തെ പ്ലീനറിയോഗം എന്ന പ്രാധാന്യം 84-ാം പ്ലീനറി സമ്മേളനത്തിനുണ്ട്. രണ്ടു പ്രസംഗങ്ങള്‍ താന്‍ സമ്മേളനത്തില്‍ നടത്തുമെന്ന് രാഹുല്‍ അറിയിച്ചു. ആമുഖപ്രസംഗത്തില്‍ കൂടുതല്‍ സംസാരിക്കില്ല. എല്ലാവര്‍ക്കും പറയാനുള്ളത് കേട്ടതിനുശേഷം സമാനപ്രസംഗത്തില്‍ വിശദമായി സംസാരിക്കുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ പറഞ്ഞു.

രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ഉപതെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ വിജയവും യു.പിയിലെയും ബീഹാറിലെയും ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കുണ്ടായ പരാജയവും കോണ്‍ഗ്രസ് ക്യാമ്പുകളില്‍ വലിയ ഉത്സാഹം പകര്‍ന്നിട്ടുണ്ട്.