എം.സുകുമാരൻ : വിശ്വാസത്തകർച്ചയുടെ മൗനം

#

(17-03-18) : ആധുനികകഥയെ രാഷ്ട്രീയവല്കരിക്കുകയും രാഷ്ട്രീയകഥയെ ആധുനികവല്കരിക്കുകയും ചെയ്ത എം.സുകുമാരന്‍ ക്ഷുബ്ധയൗവ്വനത്തിന്റെ ഇതിഹാസകാരനായാണ് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുക. വെറും 10 വര്‍ഷത്തെ ഔദ്യോഗികജീവിതവും 17 വര്‍ഷത്തെ എഴുത്തുജീവിതവുമാണ് 75-ാമത്തെ വയസ്സില്‍ നിര്യാതനാകുമ്പോള്‍ അദ്ദേഹം ബാക്കിവെച്ചത്. ഏജീസ് ഓഫീസിലെ ആദ്യത്തെ സംഘടനാപ്രവര്‍ത്തകനും നേതാവുമെന്ന നിലയില്‍ ഉശിരനായ ട്രേഡ് യൂണിയന്‍ നേതാവിനെ പഴയ തിരുവനന്തപുരം ഇപ്പോഴും ഓര്‍ക്കുന്നുണ്ടാകും.

ഇന്ത്യന്‍ പ്രസിഡന്റ് നേരിട്ടാണ് അന്ന് ഈ ട്രേഡ് യൂണിയന്‍ നേതാവിനെ ഡിസ്മിസ് ചെയ്തത്. പിന്നീടുള്ള 17 വര്‍ഷം അദ്ദേഹം മലയാളത്തിലെ ഏറ്റവും മികച്ച ചില കഥകളും നോവലുകളും എഴുതി. തൂക്കുമരങ്ങള്‍ ഞങ്ങള്‍ക്ക്, മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍, ചരിത്രഗാഥ, ശേഷക്രിയ എന്നിവയെല്ലാം മലയാളികള്‍ തീർച്ചയായും ഓര്‍ക്കുന്നുണ്ടാവും. 10 വര്‍ഷത്തെ മൗനത്തിനുശേഷം തിരിച്ചു വന്ന എം.സുകുമാരന്‍ പിതൃതര്‍പ്പണം എന്ന നോവൽ എഴുതി. 17 വര്‍ഷം അദ്ദേഹം തുടര്‍ച്ചയായി പിന്തുടര്‍ന്നുവന്ന റാഡിക്കലായ, ആദര്‍ശവാദിയായ നായകന്റെ ആത്മഹത്യയാണ് പിതൃതര്‍പ്പണം എന്ന നോവലില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. മുത്തച്ഛന്റെ പുരാവസ്തുശേഖരത്തില്‍ നിന്നുള്ള ഗാന്ധിത്തൊപ്പി അണിഞ്ഞ് "ഐ ആം പെര്‍ഫക്റ്റ്‌ലി നോര്‍മല്‍" എന്ന് മുറുമുറുത്തുകൊണ്ട് തലയ്ക്കു മുകളിലെ കൊളുത്തില്‍ തന്നെത്തന്നെ ഞാത്തിയിടുന്ന നായകനെ അവതരിപ്പിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ നോവല്‍ അവസാനിപ്പിക്കുന്നത്.

അതിനുമുമ്പ് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഭാവി പ്രവചിക്കുന്ന ഒരു നോവല്‍ വളരെ വിവാദമാവുകയുണ്ടായി,ശേഷക്രിയ. സാധാരണക്കാർ, ദളിതരും അധസ്ഥിതരുമായ സാധാരണക്കാര്‍ എങ്ങനെയാണ് പാര്‍ട്ടിക്കു പുറത്ത് പോകുന്നത്, പാര്‍ട്ടിക്കുവേണ്ടി അദ്ധ്വാനിച്ച, പാര്‍ട്ടിക്കുവേണ്ടി ജീവിതം ഹോമിച്ച ആയിരക്കണക്കിന് കുഞ്ഞയ്യപ്പന്മാര്‍ പാര്‍ട്ടിക്കു പുറത്തുപോകുമ്പോള്‍ എങ്ങനെയാണ് പാര്‍ട്ടിക്കുള്ളില്‍ പുതിയ ഒരു അഭിജാത, സവര്‍ണ്ണ നേതൃത്വം രൂപപ്പെടുന്നത് എന്നു പറയാന്‍, കേരളത്തിലെ ഇടതുപ്രസ്ഥാനത്തിന്റെ അപചയം പ്രവചിക്കാനാണ് അദ്ദേഹം ശേഷക്രിയ എന്ന നോവല്‍ എഴുതിയത്.

സുകുമാരന്‍ ഒരു വ്യക്തി എന്ന നിലയ്ക്കല്ല, ഇടതുപക്ഷ എഴുത്തുകാരുടെ ഒരു തലമുറയെ പ്രതിനിധീകരിച്ചാണ് എഴുത്ത് നിറുത്തിയത്. അദ്ദേഹത്തിന്റെ ദീര്‍ഘമായ മൗനത്തെ, മരണത്തിനുമുമ്പ് എഴുത്തുകാരനെന്ന നിലയിലുള്ള ദീര്‍ഘമൗനത്തെ, ഒരു പ്രമേയത്തിന്റെ പര്യവസാനം, ഒരു പ്രത്യയശാസ്ത്രത്തിന്റെ പര്യവസാനം എന്ന ഭൂമികയില്‍ സ്ഥാനപ്പെടുത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. 1935 ഓടെയാണ് മലയാളത്തില്‍ ആ നായകന്‍ പിറക്കുന്നത്. സ്റ്റാലിന്‍ മീശയും ചങ്ങമ്പുഴക്കുപ്പായവുമായി ഒന്നാമത്തെ ചുവന്ന ദശകത്തില്‍ ആ നായകന്‍ പിറക്കുന്നത് കൃത്യമായും റഷ്യൻ വിപ്ലവത്തിന്റെയും ലോകത്തെങ്ങും നടന്ന മറ്റു വിപ്ലവശ്രമങ്ങളുടെയും ആവേശോന്മാദത്തിലാണ്.

കമ്മ്യൂണിസ്റ്റ്പാര്‍ട്ടി കേരളത്തില്‍ ആദ്യമായി അധികാരത്തില്‍ വന്ന് അധികം കഴിയുംമുമ്പേ കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികളില്‍ ഏറെപ്പേരും നിര്‍വീര്യരാകുകയോ കമ്മ്യൂണിസ്റ്റ് വിരുദ്ധ ചേരിയിലേക്ക് നയിക്കപ്പെടുകയോ ചെയ്തു. പിന്നീടാണ് മലയാളത്തില്‍ ശൂന്യതയുടെയും അസ്തിത്വവാദത്തിന്റെയും സാഹിത്യമുണ്ടാകുന്നത്. 1970 കളില്‍ എം.സുകുമാരനോടു കൂടി അടുത്ത ചുവന്നദശകം പിറക്കുന്നു. പട്ടത്തുവിള കരണാകരനും കടമ്മനിട്ടയും സച്ചിദാനന്ദനും കെ.ജി.ശങ്കരപ്പിള്ളയും സി.ആര്‍.പരമേശ്വരനും യു.പി.ജയരാജുമടക്കമുള്ള എഴുത്തുകാരുടെ നിര. അധികം വൈകാതെ ഈ റാഡിക്കല്‍ എഴുത്തുകാരും പിന്‍വാങ്ങുകയാണുണ്ടായത്. ആദ്യ തലമുറയിലെ റാഡിക്കല്‍ എഴുത്തുകാര്‍ കോടമ്പാക്കത്തേക്കോ രണ്ടാം തലമുറയിലെ മിക്കവാറും എഴുത്തുകാര്‍ മൗനത്തിലേക്കോ പിന്‍വാങ്ങാന്‍ കാരണമെന്താണ്? ഒന്നാമതായും രണ്ടാമതായും അവസാനമായും അവര്‍ക്ക് പ്രധാനം പ്രത്യയശാസ്ത്രമായിരുന്നു. അവരുടെ എഴുത്ത് തന്നെ പ്രത്യയശാസ്ത്രമായിരുന്നു. അവരുടെ സര്‍ഗ്ഗാത്മക ജീവിതം തന്നെ രാഷ്ട്രീയമായിരുന്നു. ആദര്‍ശ രാഷ്ട്രീയത്തിന്റെ അധികാര ആരോഹണവും ആദര്‍ശ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രപരമായ പതനവുമാണ് നമ്മള്‍ ഈ രണ്ടു കാലഘട്ടങ്ങളില്‍ കാണുന്നത്. ആദർശ രാഷ്ട്രീയത്തിന്റെ അധികാരാരോഹണം എങ്ങനെയാണ് അധസ്ഥിത വിഭാഗങ്ങളില്‍ നിന്ന് ചെങ്കൊടി തട്ടിപ്പറിക്കുന്നത് എന്നാണ് ആദ്യ തലമുറ ബോധ്യപ്പെടുത്തിയത്. അങ്ങനെയാണ് സി.ജെ.തോമസും പി.കേശവദേവും അടക്കമുള്ളവര്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ ചേരിയിലേക്ക് പോകുന്നത്.

70 കളിലെ ചുവന്ന ദശകത്തിലെ എഴുത്തുകാർ  ഒരു പ്രമേയത്തിന്റെ തന്നെ പര്യവസാനം എന്ന നിലയില്‍ ആദര്‍ശരാഷ്ട്രീയത്തിന്റെ പതനം ആഘോഷിക്കാന്‍ നിര്‍ബ്ബന്ധിതരാവുകയായിരുന്നു. ഇടതുപക്ഷപ്രത്യയശാസ്ത്രത്തിന്റെ ചരമശുശ്രൂഷ എന്ന് അതിനെ  വിളിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്. സോവിയറ്റ് യൂണിയന്റെയും കിഴക്കന്‍ യൂറോപ്പിന്റെയും പതനം മാത്രമല്ല, ചൈനയിലെ സാംസ്‌കാരിക വിപ്ലവം മാത്രമല്ല, പുതിയ കാലത്തിന്റെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ ഈ പ്രത്യയശാസ്ത്രം പരാജയപ്പെട്ടിരിക്കുന്നു എന്ന അറിവ് കൂടിയാണ് ഈ പിന്മാറ്റത്തിനു കാരണം. എം.സുകുമാരനെപ്പോലെ ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം പിന്നീട് എഴുത്ത് തുടരുക അസാധ്യമായിരുന്നു.

പിതൃതര്‍പ്പണത്തില്‍ ആദര്‍ശവാദിയായ റാഡിക്കല്‍ ബുദ്ധിജീവിയാണ് ആത്മഹത്യ ചെയ്യുന്നത്. ഈ ആദര്‍ശനായകന്റെ മരണം സി.ആര്‍.പരമേശ്വരന്‍ പ്രകൃതി നിയമം എന്ന നോവലിലൂടെ പ്രവചിച്ചിരുന്നു. കെ.ജി.ശങ്കപ്പിള്ള കൊച്ചിയിലെ വൃക്ഷങ്ങള്‍ എന്ന കവിതയില്‍ പറയാന്‍ ശ്രമിച്ചതും ഇതു തന്നെയാണ്. കൊച്ചിയിലെ വൃക്ഷങ്ങളില്‍, "ഒരു നേര്‍വര പോലെ വിശ്വാസം നിറഞ്ഞ, ഒരു പഴഞ്ചൊല്ല് പോലെ നാട്ടുവെളിച്ചം നിറഞ്ഞ പഴയ വഴി"യെക്കുറിച്ച് പറയുന്നത് ശ്രദ്ധിക്കുക. പ്രകൃതി നിയമം എന്ന നോവലില്‍, രക്തസാക്ഷികളുടെ കമ്മ്യൂണില്‍ നിന്ന് അര്‍ശോരോഗികളുടെ കമ്മ്യൂണിലേക്കുള്ള കേരളത്തിലെ നൈതിക ജാഗ്രതയുടെ പതനമാണ് ആവിഷ്‌കരിക്കുന്നത്.

പ്രത്യയശാസ്ത്രം സര്‍ഗ്ഗാത്മക ജീവിതമാക്കിയ ഏതൊരു എഴുത്തുകാരന്റെയും അനിവാര്യമായ ദുരന്തമാണ് ഒരു എഴുത്തുകാരന്‍ എന്ന നിലയ്ക്കുള്ള എം.സുകുമാരന്റെ മൗനം. തന്റെ രക്തവും മാംസവുമായ പ്രത്യയശാസ്ത്രത്തിന്റെ പതനത്തോടെ എഴുത്ത് അവസാനിപ്പിക്കുക എന്ന സാധ്യത മാത്രമേ സുകുമാരനു മുന്നിലുണ്ടായിരുന്നുള്ളൂ. പിതൃതര്‍പ്പണത്തിലെ നായകനായ ശ്രീകുമാരമേനോന്‍ ഒരു വ്യക്തിയല്ല, ഒരു തലമുറയാണ്, ഒരു വംശമാണ്. ആദര്‍ശവാദിയായ റാഡിക്കലില്‍ നിന്ന് ആദര്‍ശവാദിയുടെ വിമര്‍ശകയായ പെണ്‍കുട്ടിയിലേക്ക് എഴുത്തുകാരന്റെ ശ്രദ്ധ തിരിയുന്നുണ്ടെങ്കിലും പിന്നീട് ആ കുട്ടിയെ കഥാകൃത്ത് പിന്തുടരുന്നില്ല. പെണ്‍കുട്ടിയുടെ ജാലകത്തിനു പുറത്ത് ശവഘോഷയാത്ര കാത്തുകിടക്കുന്ന വിജനമായ റോഡ് കാണിച്ചുകൊണ്ടാണ് സുകുമാരൻ എഴുത്ത് അവസാനിപ്പിക്കുന്നത്. കാവിയണിഞ്ഞ ഒരു സംഘം ചെറുപ്പക്കാര്‍ കൊടിയും പേറി ഹരേരാമ, ഹരേകൃഷ്ണ എന്ന് പാടി നടന്നു പോകുന്നു. കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനം വ്യവസ്ഥാപിതമാകുന്നത് അടയാളപ്പെടുത്തുക മാത്രമല്ല, അത് ജീര്‍ണ്ണിക്കുന്നത് രേഖപ്പെടുത്തുക മാത്രമല്ല, എന്താണ് കേരളത്തിന് വരാനിരിക്കുന്നത് എന്ന് പ്രവചിക്കുക കൂടിയായിരുന്നു ആ വലിയ എഴുത്തുകാരന്‍.