തണ്ണിമത്തൻ വെറുമൊരു ദാഹശമനിയല്ല

#

(17-03-18) : കൊടിയ വേനൽ കാലത്തെ മലയാളികൾ കൈക്കുമ്പിളിൽ നിർത്തുന്നത് ഫ്രഷ് ജ്യൂസുകളുടെ സഹായത്താലാണ്.   അതിൽ ഏറ്റവും പ്രധാന സ്ഥാനമാണ്  തണ്ണിമത്തൻ എന്ന വാട്ടർ മെലണുള്ളത്. പ്രത്യേകരീതിയിലുള്ള  ഈ ആഫ്രിക്കൻ പഴം  ഒരു ദാഹശമനി മാത്രമല്ല വേനൽ വിശപ്പിന്റെ  അന്തകൻ കൂടിയാണ്.

വേനലിൽ വിശപ്പ്?
ശരീരത്തിന്റെ ചൂടും   അന്തരീക്ഷത്തിന്റെ ചൂടും തമ്മിൽ കിട പിടിക്കുന്ന വേനലിൽ ക്ഷീണം, മടി, വിശപ്പില്ലായ്മ, അസാധാരണ അളവിലുള്ള വിയർപ്പ് എന്നിവ സാധാരണമാണ്. എന്നാൽ  എന്തുകൊണ്ട് ഇങ്ങനെ  എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? വേനലിൽ ശരീരത്തിൽ അനുഭവപ്പെടുന്ന ചൂടിനെ കുറയ്ക്കാൻ  വേണ്ടി ശരീരം സ്വയം കണ്ടെത്തുന്ന  ഒരു ഉപായമാണിത്. വിയർക്കുമ്പോൾ വിയർപ്പിനൊപ്പം ശരീരത്തിന്റെ  ചൂടും പുറംതള്ളപ്പെടുന്നു. ശരീരത്തിൽ ജലാംശം കുറയുന്നതിനാൽ ദാഹം കൂടുന്നു. ദഹനപ്രക്രിയ ശരീരത്തിന്ചൂടു കൂട്ടുന്നതിനാൽ വിശപ്പില്ലായ്മ അനുഭവപ്പെടുന്നു. അങ്ങനെ ശരീരം തന്റെ ചൂടിനെ സ്വയം നിയന്ത്രിക്കുന്നു.

തണ്ണിമത്തന്റെ ചുവന്ന മാംസളഭാഗത്ത് നിറഞ്ഞുനില്ക്കുന്ന ലൈക്കോപ്പിൻ എന്ന ആന്റി ഓക്സിഡന്റ് ഹൃദയത്തിന്റെ ആരോഗ്യസ്ഥിതിക്ക് അത്യന്താപേക്ഷിതമാണ്. തണ്ണിമത്തന് പുറമേ തക്കാളിയിലും ലൈക്കോപ്പിൻ അടങ്ങിയിരിക്കുന്നു. ഇവ ശരീരത്തിലെ രക്തത്തിന്റെ ഒഴുക്കിനെ നിയന്ത്രിക്കാൻ സഹായിക്കുകയും രക്തധമനികളുടെ വികാസത്തിന്  സഹായിക്കുകായും ചെയ്യുന്നു. മാത്രമല്ല ശരീരത്തിൽ  എൽ.ഡി.എൽ അഥവ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഇത് സഹായിക്കുന്നു. ഇവ ഓക്സിഡേറ്റീവ് സ്റ്റ്രെസ്സ് കുറച്ച് എല്ലിനെ ബലമുള്ളതും ആരോഗ്യമുള്ളതും ആകുന്നു .പുത്തൻ പഠനങ്ങൾ ഓസ്റ്റിയോപോറോസിസ് എന്ന രോഗത്തിന്റെ മരുന്നായും അത് ഒഴിവാക്കുവാനുള്ള വഴിയായും  ലൈക്കോപ്പിൻ അടങ്ങിയ ആഹാരങ്ങൾ ഉത്തമമാണ് എന്ന് തെളിയിക്കുന്നു.

നോൺ എസൻഷ്യൽ ആൽഫ അമിനോആസിഡ് ആയ സിട്രൂലിൻ തണ്ണിമത്തനിൽ ധാരാളം ഉണ്ട്. ശരീരത്തിലേക്ക് എടുക്കപ്പെടുന്ന തണ്ണിമത്തനിലെ സിട്രൂലിൻ വൃക്കയിൽ വച്ച് അർജിനിൻ ആയിമാറുന്നു. ഇത് ശരീരത്തിൽ കൊഴുപ്പടിയുന്നതിനെ ഒരു പരിധിവരെ തടയുന്നു. തണ്ണിമത്തനിലെ വെള്ളം ശരീരത്തിലെ ജലാംശം മാത്രമല്ല എലെക്ട്രോലൈറ്റിന്റെ അളവിനെയും കൂട്ടുന്നു. ഇവയുടെ സാന്നിധ്യം മൂത്രവിസ്സർജ്ജനത്തെ ത്വരിപ്പിക്കുകയും കിഡ്നികളെ ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുന്നു. തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന ഫിനോളിക് ഘടകങ്ങൾ നീർക്കെട്ടിനെ കുറയ്ക്കുന്നു. അതുകൊണ്ട് തന്നെ പ്രകൃതിദത്തമായ ഈ പഴം പല നീർക്കെട്ട് രോഗങ്ങളെയും ശമിപ്പിക്കാൻ ഉപയോഗിച്ചു വരുന്നു. ശരീരത്തിന്റെ പ്രതിരോധ ശേഷിയെ വർദ്ധിപ്പിക്കാനും ഇവയ്ക്ക് കഴിവുണ്ട്. മനുഷ്യ ശരീരത്തിൽ ഒരു ദിവസം ആവശ്യമുള്ള വിറ്റാമിൻ സി യുടെ അളവിന്റെ ഏകദേശം 16% വരെ തണ്ണിമത്തൻ തരുന്നു.

കൊടും ചൂടിൽ ഒരു ദാഹശമനി എന്നതിൽ കൂടുതലൊന്നും നമുക്ക് തണ്ണിമത്തനെ കുറിച്ച് അറിയില്ല എന്നതാണ് സത്യം. അതിന്റെ ഗുണങ്ങളെക്കുറിച്ച് ശാസ്ത്രീയമായി അറിഞ്ഞുകൊണ്ടു താനെ നമുക് ഇനി തണ്ണിമത്തൻ കഴിക്കാം.

ടേസ്റ്റി ടിപ്പ് : തണ്ണിമത്തൻ ജ്യൂസിൽ നാരങ്ങ നീരും ഓറഞ്ച് നീരും ആപ്പിൾ നീരും ചേർത്ത് കഴിക്കുന്നത്‌ അത്യുത്തമം.