എന്റെ കവിത പഠിപ്പിക്കരുതേ : ബാലചന്ദ്രൻ ചുള്ളിക്കാട്

#

കൊച്ചി (19-03-18) : സ്‌കൂളുകളിലും കോളേജുകളിലും സർവകലാശാലകളിലും തന്റെ കവിത പഠിപ്പിക്കരുതെന്ന് പ്രശസ്ത കവി ബാലചന്ദ്രൻ ചുള്ളിക്കാട്. എല്ലാ പാഠ്യപദ്ധതികളിൽനിന്നും തന്റെ രചനകളെ ഒഴിവാക്കണമെന്നും ചുള്ളിക്കാട് അഭ്യർത്ഥിച്ചു. തന്റെ കവിതയില്‍ ഗവേഷണം അനുവദിക്കരുതെന്നും അക്കാദമിക് ആവശ്യങ്ങള്‍ക്ക് ദുര്‍വിനിയോഗം ചെയ്യരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചിയിൽ വാർത്താസമ്മേളനത്തിലാണ് ബാലചന്ദ്രൻ ചുള്ളിക്കാട് ഈ അഭ്യർത്ഥന നടത്തിയത്. കേരളജനതയ്ക്കും അധികാരികള്‍ക്കും സമര്‍പ്പിക്കുന്ന അപേക്ഷ എന്ന നിലയിലാണ് അഭ്യർത്ഥന.

അക്ഷരത്തെറ്റും വ്യാകരണത്തെറ്റും ആശയത്തെറ്റും പരിശോധിക്കാതെ വാരിക്കോരി മാര്‍ക്കു കൊടുത്ത് വിദ്യാര്‍ത്ഥികളെ വിജയിപ്പിക്കുകയും അവര്‍ക്ക് ഉന്നതബിരുദങ്ങള്‍ നല്‍കുകയും ചെയ്യുന്നു, മലയാളഭാഷയും സാഹിത്യവും പഠിപ്പിക്കാന്‍ ആവശ്യമായ അറിവും കഴിവും ഇല്ലാത്തവരെ കോഴ, മതം, ജാതി, രാഷ്ട്രീയസ്വാധീനം, സ്വജനപക്ഷപാതം എന്നിവയുടെ അടിസ്ഥാനത്തില്‍ അദ്ധ്യാപകരായി നിയമിക്കുന്നു, അബദ്ധപ്പഞ്ചാംഗങ്ങളായ മലയാള പ്രബന്ധങ്ങള്‍ക്കുപോലും ഗവേഷണ ബിരുദം നല്‍കുന്നു എന്നിങ്ങനെ കാരണങ്ങൾ അക്കമിട്ടു നിരത്തിയാണ് ബാലചന്ദ്രൻ ചുള്ളിക്കാട് ഈ അഭ്യർത്ഥന നടത്തിയത്.മുമ്പും സമാനമായ നിലപാടുകൾ പരസ്യമായി സ്വീകരിച്ചിട്ടുള്ള എഴുത്തുകാരനാണ് ബാലചന്ദ്രൻ ചുള്ളിക്കാട്. അവാർഡുകൾ വാങ്ങാൻ തയ്യാറാകാത്ത മലയാളത്തിലെ ഏക എഴുത്തുകാരനാണ് അദ്ദേഹം. നമ്മുടെ സർവകലാശാലകളിലും കോളേജുകളിലും സ്‌കൂളുകളിലും നടക്കുന്ന സാഹിത്യപഠനത്തെക്കുറിച്ച്  ഗൗരവപൂർവ്വമായ ചർച്ചയ്ക്ക് പ്രേരണ നൽകുന്നതാണ് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പ്രസ്താവന.