മെഡിക്കൽ കോളേജിൽ ഐ.സി.യു സേവനം തടസ്സപ്പെട്ടില്ലെന്ന് അധികൃതർ

#

തിരുവനന്തപുരം (19-03-18) : മെഡിക്കൽ കോളേജിലെ ന്യൂറോ, ഗ്യാസ്ട്രോ, നെഫ്രോളജി, വിഭാഗങ്ങളിലെ തീവ്രപരിചരണ യൂണിറ്റുകളിലെ രോഗികൾക്ക് വിദഗ്ദ്ധ ചികിത്സ നൽകുന്നതിൽ തടസമൊന്നും ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇവിടത്തെ ശീതീകരണ സംവിധാനം മെയിന്റൻസ് ചെയ്യുന്നതിനാൽ ഇവിടെ കിടത്തിയിരുന്ന 20 രോഗികളെ ലിവർ ട്രാൻസ്പ്ലാൻറ് ഐ.സി.യു, റീനൻ ട്രാൻസ് പ്ലാന്റ് ഐ.സി.യു, ഹൈകെയർ ഐ.സി.യു എന്നിവയിലേക്ക്  മാറ്റി ചികിത്സ തുടരുകയാണ്.

എസ്.എസ്.ബി.എം.ഐ.സിയുവിൽ അഞ്ച് വെന്റിലേറ്ററുകൾ പ്രവർത്തനക്ഷമമാണ്. ഇവിടെ നിലവിൽ മൂന്ന് രോഗികൾ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുന്നുണ്ട്. പ്രവർത്തനരഹിതമായ രണ്ട് വെന്റിലേറ്ററുകൾ ബയോ മെഡിക്കൽ വിഭാഗം നന്നാക്കി വരുന്നു. ഇവിടത്തെ പ്ലാസ് മ ഫെറസിസ് മെഷീൻ പ്രവർത്തന ക്ഷമമാണ്. തുടർച്ചയായി ഒന്നിടവിട്ട ദിവസങ്ങളിൽ  ഇവിടെ പതിവ് പോലെ തന്നെ രോഗികൾക്ക് പ്ലാസ്മ ഫെറസീസ് ചെയ്യുന്നുമുണ്ട്.

എച്ച്.എൽ.എൽ ലിമിറ്റഡിനായിരുന്നു എസ്.എസ്.ബിയുടെ പരിപാലന ചുമതല ഉണ്ടായിരുന്നത്. എന്നാൽ എച്ച്.എൽ.എല്ലിന്റെ കരാർ കാലാവധി അവസാനിച്ച ശേഷം സർക്കാർ ഏറ്റെടുത്ത്  പി.ഡബ്ലയു.ഡി.വിഭാഗമാണ്  എസ്.എസ്.ബി ഇപ്പോൾ പരിപാലിക്കുന്നത്.

മെഡിക്കൽ കോളേജിൽ നെഫ്രോ, ഗാസ്ട്രോ , ന്യൂറോ വിഭാഗങ്ങളിലെ ഒരു രോഗിക്ക് പോലും ഇത് വരെ ചികിത്സ നിഷേധിക്കുകയോ, ഐ.സി യു സേവനം തടസപ്പെടുകയോ ചെയ്തിട്ടില്ലെന്നും മറിച്ചുള്ള പ്രചരണം തെറ്റാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.