റെയില്‍വേ ട്രാക്കില്‍ കുത്തിയിരിപ്പ് സമരം : മുംബൈയില്‍ റെയില്‍ ഗതാഗതം തടസ്സപ്പെട്ടു

#

മുംബൈ (20-03-18) : റെയില്‍വേയുടെ വിവിധ സാങ്കേതിക വര്‍ക്‌ഷോപ്പുകളില്‍ അപ്രന്റീസുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികള്‍ റെയില്‍ രോകോ സമരത്തില്‍. ജോലിയില്‍ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ റെയില്‍വേ ട്രാക്കില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. ഇതേതുടര്‍ന്ന് കുര്‍ള, ദാദര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ ട്രയിന്‍ഗതാഗാതം നിറുത്തിവെച്ചിരിക്കുകയാണ്. രാവിലെ 7 മണിക്കാണ് വിദ്യാര്‍ത്ഥികള്‍ റയില്‍രോകോ സമരം ആരംഭിച്ചത്.

സമരക്കാരെ പിരിച്ചുവിടാനുള്ള റെയില്‍വേ പോലീസിന്റെയും റെയില്‍വേ സുരക്ഷാ സേനയുടെയും ശ്രമങ്ങള്‍ ഇതുവരെ വിജയിച്ചില്ല. ലാത്തിച്ചാര്‍ജില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റെങ്കിലും റെയില്‍വേ ട്രാക്കില്‍ നിന്ന് പിന്തിരിയാന്‍ സമരക്കാര്‍ തയ്യാറായിട്ടില്ല. സ്ഥിരം ജോലിക്കായുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 31 ആണ്. തങ്ങളെ പിരിച്ചുവിട്ട് സ്ഥിരം ജോലിക്കാരെ നിയമിക്കാനുള്ള നീക്കത്തെയാണ് വിദ്യാര്‍ത്ഥികള്‍ എതിര്‍ക്കുന്നത്.