അമ്മയുടെ കോളേജ് ഹോസ്റ്റലില്‍ ഭക്ഷണത്തിൽ പുഴു : പ്രതിഷേധിച്ചവര്‍ക്ക് മര്‍ദ്ദനം

#

കൊല്ലം (21-03-18) : അമൃതാനന്ദമയി മഠം നടത്തുന്ന വള്ളിക്കാവ് അമൃതകോളേജ് ഒഫ് എന്‍ജിനീയറിംഗ്, അമൃതകോളേജ് ഒഫ് ആര്‍ട്‌സ് സയന്‍സസ്, അമൃത കോളേജ് ഒഫ് ബയോടെക്‌നോളജി എന്നീ കോളേജുകള്‍ക്ക് പൊതുവായുള്ള ഹോസ്റ്റലിലെ ഭക്ഷണത്തില്‍ പുഴു. ഇന്നലെ രാത്രി വിളമ്പിയ ചപ്പാത്തിയിലും കറിയിലുമാണ് പുഴുവിനെ കണ്ടത്. പഴകിയ വൃത്തിഹീനമായ ഭക്ഷണത്തെക്കുറിച്ച് പരാതി പറഞ്ഞ വിദ്യാര്‍ത്ഥികളോട് തികച്ചും ധിക്കാരപരമായാണ് അധികൃതര്‍ പ്രതികരിച്ചത്. ഇത് അഞ്ചാമത്തെ തവണയാണ് ഭക്ഷണത്തില്‍ പുഴുവിനെ കണുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഭക്ഷണത്തില്‍ പുഴുവിനെ കണ്ടതിനെക്കുറിച്ചുള്ള പരാതിയില്‍ ഒരു നടപടിയും സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധസമരം ആരംഭിച്ചു. "ഇങ്ങനെയൊക്കെ കഴിക്കാമെങ്കില്‍ ഇവിടെ നിന്നാല്‍ മതി" എന്നായിരുന്നു അധികൃതരുടെ പ്രതികരണം. ഹോസ്റ്റലിനു മുന്നില്‍ പ്രതിഷേധവുമായി തടിച്ചുകൂടിയ വിദ്യാര്‍ത്ഥികള്‍ രാത്രി മുഴുവന്‍ മുദ്രാവാക്യം വിളിയുമായി പ്രതിഷേധിച്ചു. രാത്രി 2 മണിയോടെ സ്ഥലത്തെത്തിയ പോലീസ്, വിദ്യാര്‍ത്ഥികളുടെ പരാതി കേള്‍ക്കാന്‍ തയ്യാറായില്ല. പിരിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട പോലീസിനോട് പരാതി പറയാന്‍ തുനിഞ്ഞ വിദ്യാര്‍ത്ഥികളെ പോലീസ് തല്ലിയതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. വിദ്യാര്‍ത്ഥികളുടെ പേരില്‍ കള്ളക്കേസ് എടുക്കുമെന്ന ഭീഷണിയും പോലീസ് മുഴക്കി.

മെസ് ഫീസായി പ്രതിവര്‍ഷം 64000 രൂപ മുന്‍കൂറായി വാങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷണത്തില്‍ പുഴുവിനെ നല്‍കുന്നത്. വായില്‍വെയ്ക്കാന്‍ കൊള്ളാത്ത ഭക്ഷണത്തെയും വൃത്തിഹീനമായ സാഹചര്യത്തെയും കുറിച്ച് പരാതി പറയുന്ന വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കുകയാണ് പതിവ്. "അമ്മ"യ്‌ക്കെതിരേ ശബ്ദമുയര്‍ത്താന്‍ ഒരാളും ധൈര്യപ്പെടില്ലെന്നും അതിനു തയ്യാറാകുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നുമാണ് കോളേജിന്റെയും ഹോസ്റ്റലിന്റെയും നടത്തിപ്പുകാര്‍ പരസ്യമായിത്തന്നെ പറയുന്നത്. വൃത്തിഹീനമായ ഭക്ഷണം നല്‍കുന്നത് ആവര്‍ത്തിക്കില്ല എന്ന ഉറപ്പ് അധികൃതര്‍ നല്‍കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാകാതെ കോളേജ് പ്രവര്‍ത്തിക്കേണ്ട എന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.

വിദ്യാഭ്യാസത്തിന്റെയും ആതുരശുശ്രൂഷയുടെയും പേരില്‍ തനിക്കച്ചവടം നടത്തുന്ന അമൃതാനന്ദമയിയുടെ സ്ഥാപനങ്ങള്‍ കച്ചവടത്തില്‍ പോലും പാലിക്കേണ്ട സാമാന്യ മര്യാദ പാലിക്കുന്നില്ല. ഇന്ത്യന്‍ പ്രസിഡന്റും ഉന്നത നീതിപീഠത്തിലിരിക്കുന്നവരും മുതല്‍ അധികാരവും സമ്പത്തുമുള്ളവര്‍ മുഴുവന്‍ തന്റെ കാല്‍ക്കീഴിലാണെന്ന് അഹങ്കരിക്കുന്ന ആള്‍ദൈവത്തിന്റെ സ്ഥാപനത്തില്‍ നടക്കുന്ന അനീതിക്കെതിരേ മറ്റാരുടെയും പിന്തുണയില്ലാതെ വിദ്യാര്‍ത്ഥികള്‍ ഒറ്റക്കെട്ടായി പ്രതിഷേധരംഗത്തുണ്ട്.