ഭക്ഷണത്തില്‍ പുഴു : അമൃത ക്യാംപസിൽ പ്രതിഷേധം ആളിക്കത്തുന്നു

#

കൊല്ലം (21-03-18) : വള്ളിക്കാവ് അമൃതകോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തില്‍ പുഴു കണ്ടെത്തിയിട്ടും നടപടി സ്വീകരിക്കാന്‍ തയ്യാറാകാത്ത മാനേജ്‌മെന്റിനെതിരേ വിദ്യാര്‍ത്ഥി പ്രതിഷേധം ആളിക്കത്തുന്നു. 64000 രൂപ പ്രതിവര്‍ഷം മെസ് ഫീസായി മുന്‍കൂര്‍ വാങ്ങുന്ന ഹോസ്റ്റലില്‍ നല്‍കുന്നത് ഒട്ടും നിലവാരമോ വൃത്തിയോ ഇല്ലാത്ത ഭക്ഷണമാണ്. പരാതിപ്പെടുന്ന വിദ്യാര്‍ത്ഥികളോട് തികച്ചും ധിക്കാരത്തോടെയാണ് അധികൃതരുടെ പെരുമാറ്റം. "വേണമെങ്കില്‍ കഴിച്ചാല്‍ മതി" എന്നാണ് പരാതി പറയുന്നവര്‍ക്ക് ലഭിക്കുന്ന മറുപടി.

ഏഴായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനത്തിലെ മിക്കവാറും എല്ലാ വിദ്യാര്‍ത്ഥികളും പ്രതിഷേധത്തിലാണ്. അമൃതകോളേജ് ഒഫ് എഞ്ചിനിയറിംഗ്, അമൃത കോളേജ് ഒഫ് ആര്‍ട്‌സ് സയന്‍സസ്, അമൃതകോളേജ് ഒഫ് ബയോടെക്‌നോളജി എന്നീ സ്ഥാപനങ്ങളിലെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തി പ്രതിഷേധിക്കുകയാണ് ഇപ്പോള്‍. സഹിക്കാവുന്നതിനപ്പുറം സഹിച്ചു എന്നും അനീതിക്കു മുന്നില്‍ തോറ്റു കൊടുക്കാന്‍ തയ്യാറല്ല എന്നും സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. ഒരു സംഘടനയുടെയും പിന്തുണയില്ലാതെയാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.

അമൃതക്യാംപസില്‍ ചരിത്രം സൃഷ്ടിക്കുന്ന വിദ്യാര്‍ത്ഥി പ്രതിഷേധം