ബി.ജെ.പി തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് : യശ്വന്ത് സിന്‍ഹ

#

(21-03-18) : ഉത്തര്‍പ്രദേശിലെ രണ്ട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളിലും ബീഹാറിലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും ബി.ജെ.പിക്കുണ്ടായ പരാജയം ആ പാര്‍ട്ടിയോടുള്ള ജനങ്ങളുടെ കാഴ്ചപ്പാടില്‍ വലിയ മാറ്റം സൃഷ്ടിച്ചതായി ബി.ജെ.പി നേതാവും മുന്‍ കേന്ദ്രധനമന്ത്രിയുമായ യശ്വന്ത് സിന്‍ഹ. രാജസ്ഥാനിലെ രണ്ടു ലോക്‌സഭാസീറ്റും ഒരു നിയമസഭാസീറ്റും മധ്യപ്രദേശില്‍ രണ്ടു നിയമസഭാസീറ്റുകളും തോറ്റതോടെ ബി.ജെ.പിക്കുണ്ടായ ആഘാതം ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ വിജയത്തിലൂടെ കുറയ്ക്കാന്‍ കഴിഞ്ഞെങ്കിലും യു.പിയിലെയും ബീഹാറിലെയും പരാജയം ബി.ജെ.പിക്ക് താങ്ങാന്‍ കഴിയാത്ത ആഘാതമാണുണ്ടാക്കിയിരിക്കുന്നതെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു. ഇന്ത്യാടുഡേയിലെ പതിവു പംക്തിയിലാണ് യശ്വന്ത് സിന്‍ഹ ബി.ജെ.പിയുടെ തിരിച്ചടിയെക്കുറിച്ചുള്ള നിരീക്ഷണം അവതരിപ്പിക്കുന്നത്.

ഗോരഖ്പൂരിലെ തോല്‍വിയെ കുറിച്ച് യശ്വന്ത് സിന്‍ഹ എടുത്തു പറയുന്നുണ്ട്. ആരും പ്രതീക്ഷിച്ചതായിരുന്നില്ല ഗോരഖ്പൂരിലെ ബി.ജെ.പിയുടെ തോല്‍വി. യു.പിയിലെയും ബീഹാറിലെയും തോല്‍വിയോടെ എന്‍.ഡി.എയില്‍ നിന്ന് പുറത്തുപോകാനുള്ള വഴി നോക്കുകയാണ് ഘടകകക്ഷികള്‍. എന്‍.ഡി.എ ഘടകകക്ഷികളോടുള്ള ബി.ജെ.പിയുടെ സമീപനം വളരെ മോശമാണ്. വാജ്‌പേയുടെ കാലത്ത് എന്‍.ഡി.എ ഘടകകക്ഷികളോട് ബി.ജെ.പി പുലര്‍ത്തിയ മാന്യമായ സമീപനത്തോട് യോജിക്കുന്നതല്ല ഇപ്പോഴത്തെ ബി.ജെ.പി നേതൃത്വത്തിന്റെ പെരുമാറ്റം. ഒന്നൊന്നായി ഓരോ ഘടകകക്ഷികളും എന്‍.ഡി.എ ഉപേക്ഷിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് യശ്വന്ത് സിന്‍ഹ ചൂണ്ടിക്കാണിക്കുന്നു.