ഭയം ബി.ജെ.പിയെ വിഴുങ്ങുന്നു ; സാമൂഹ്യ മാധ്യമങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഭീഷണി

#

ന്യൂഡല്‍ഹി (21-03-18) : വഴിവിട്ട മാര്‍ഗ്ഗങ്ങളിലൂടെ രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങള്‍ക്ക് സര്‍ക്കാരിന്റെ മുന്നറിയിപ്പ്. കോണ്‍ഗ്രസ് പാര്‍ട്ടി, 2019 ലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനുവേണ്ടി കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന സ്ഥാപനത്തെ നിയോഗിച്ചുവെന്ന് ഐ.ടി, നിയമവകുപ്പ് മന്ത്രി രവിശങ്കര്‍പ്രസാദ് ആരോപിച്ചു. ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനുവേണ്ടി അനധികൃതമായി ചോര്‍ത്തി എന്ന ആരോപണം നേരിടുന്ന സ്ഥാപനമാണ് കേംബ്രിഡ്ജ് അനലിറ്റിക്ക.

തെരഞ്ഞെടുപ്പ് വിജയിപ്പിക്കുന്നതിന് ഡാറ്റാ ചോര്‍ത്തലിനെയും ഡാറ്റാ മോഷണത്തെയുമാണോ കോണ്‍ഗ്രസ് ആശ്രയിക്കുന്നതെന്ന് രവിശങ്കര്‍പ്രസാദ് ചോദിച്ചു. സാമൂഹ്യമാധ്യമങ്ങളിലെ രാഹുല്‍ ഗാന്ധിയുടെ പ്രൊഫൈലില്‍ കേംബ്രിഡ്ജ് അനലിറ്റിക്കയുടെ സ്ഥാനമെന്താണെന്ന് വിശദീകരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ലമെന്റ് മന്ദിരത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കേംബ്രിഡ്ജ് അനലിറ്റിക്ക, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബ്രഹ്മാസ്ത്രമാണെന്ന് പരിഹസിച്ച രവിശങ്കര്‍ പ്രസാദ്, ഫെയ്‌സ്ബുക്കില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താനും രാഷ്ട്രീയ നേതാക്കളെ കെണിയിലാക്കാനും കൈക്കൂലി നല്‍കുകയും ലൈംഗികത്തൊഴിലാളികളെ ഉപയോഗിക്കുകയുമാണ് പാര്‍ട്ടി ചെയ്യുന്നതെന്ന് ആക്ഷേപിച്ചു. പ്രചരണത്തിനു വേണ്ടി കോണ്‍ഗ്രസ് പാര്‍ട്ടി കേംബ്രിഡ്ജ് അനലിറ്റിക്കയെ നിയോഗിച്ചതായുള്ള പ്രചരണം പച്ചക്കള്ളമാണെന്ന് കോണ്‍ഗ്രസിന്റെ സാമൂഹ്യമാധ്യമങ്ങളുടെ ചുമതലയുള്ള ദിവ്യസ്പന്ദന അറിയിച്ചു.