മുസഫർ നഗർ കലാപം കേസുകള്‍ എഴുതിതള്ളാന്‍ യു.പി സര്‍ക്കാര്‍

#

ലക്‌നൗ (22-03-18) : മുസഫര്‍നഗറിലും ശാംലിയിലും നടന്ന വര്‍ഗ്ഗീയ കലാപങ്ങളുമായി ബന്ധപ്പെട്ട 131 കേസുകള്‍ എഴുതിതള്ളാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. ഇതില്‍ 13 കൊലപാതകക്കേസുകളും 11 വധശ്രമക്കേസുകളും ഉള്‍പ്പെടുന്നു. മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമം നടത്തിയതിന്റെ പേരിലുള്ള 16 കേസുകളും മറ്റു മതങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിനുള്ള കേസുകളും 7 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഹീനമായ കുറ്റകൃത്യങ്ങളും ഇക്കൂട്ടത്തിലുള്ളതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2013 സെപ്റ്റംബറില്‍ നടന്ന മുസഫര്‍ നഗര്‍ വര്‍ഗ്ഗീയ കലാപത്തില്‍ കുറഞ്ഞത് 62 പേര്‍ കൊല്ലപ്പെട്ടിരുന്നു. 1455 പേര്‍ക്കെതിരേ 503 കേസുകള്‍ മുസഫര്‍ നഗര്‍, ശാംലി പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. ബി.ജെ.പി.യുടെ എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെടെ ആവശ്യപ്പെട്ടതനുസരിച്ചാണ് കേസുകള്‍ പിന്‍വലിക്കാനുള്ള നടപടി ആരംഭിച്ചത്. കേസുകളിലെ എല്ലാ പ്രതികളും ഹിന്ദുക്കളാണ്.