ശാസ്‌താംകോട്ട തടാകത്തിന്റെ കാവലാൾ

#

ശാസ്‌താംകോട്ട (22-03-18) : ഇന്ന് (മാർച്ച് 22) ലോക ജലദിനം. അമിത ജലചൂഷണവും, വറ്റിയ നീരുറവകളും നിത്യേന വര്‍ദ്ധിക്കുന്ന മലിന്യനിക്ഷേപവും മൂലം മരണത്തിലേക്കടുത്തുകൊണ്ടിരിക്കുന്ന ഒരു ശുദ്ധജലതടാകമുണ്ട് കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ താലൂക്കില്‍ പ്രശസ്തമായ ശാസ്താംകോട്ട കായല്‍. അതീവശ്രദ്ധയോടെ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് രാജ്യാന്തരതലത്തില്‍ പോലും വിലയിരുത്തപ്പെട്ട റംസാര്‍ പ്രഖ്യാപനത്തില്‍ ഇടം നേടിയ തടാകം വരുംതലമുറയ്ക്ക് മുന്നില്‍ വെറുമൊരു ചതുപ്പ് നിലമായി മറിയേക്കാം. അത്തരത്തിലൊരു ഗതി ശാസ്താംകോട്ട തടാകത്തിന് വരാതിരിക്കാന്‍ ഒരു നാടിനെയാകെ ഒപ്പം ചേര്‍ത്ത് സമരത്തിനിറങ്ങിയിരിക്കുന്ന തടാകസംരക്ഷണസമിതിയുടെ  ചെയര്‍മാന്‍ കെ.കരുണാകരന്‍പിള്ള ലോകജലദിനത്തിൽ ലെഫ്റ്റ് ക്ലിക്‌ന്യൂസിനോട് തന്റെ പ്രതീക്ഷകളും ആശങ്കകളും പങ്കുവെയ്ക്കുന്നു.

കേരളം മറ്റൊരു രൂക്ഷമായ വരള്‍ച്ചയെ നേരിടാന്‍ പോകുന്ന സന്ദര്‍ഭത്തില്‍, ജലസ്രോതസ്സുകളെയും പാറക്കെട്ടുകളെയും കുന്നുകളെയും വയലേലകളെയും സംരക്ഷിക്കാതെ, കണ്ണില്ലാത്ത നിര്‍മ്മാണപ്രവര്‍ത്തനം സ്ഥാപിതതാല്പര്യക്കാരുടെ താല്ക്കാലികസാമ്പത്തിക, രാഷ്ട്രീയ ലാഭങ്ങള്‍ക്കായി നടപ്പാക്കപ്പെടുന്ന പ്രത്യേക സാഹചര്യത്തില്‍, അപൂർവം ചില മനുഷ്യരുടെ ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങൾകൊണ്ടാണ് നമ്മുടെ ജലാശയങ്ങൾ ഇങ്ങനെയെങ്കിലും നിലനിൽക്കുന്നത്. കേരളത്തിലെ ജലാശയ സംരക്ഷണ പ്രവർത്തകരുടെ കൂട്ടത്തിൽ ആദ്യം ഓർക്കേണ്ട പേരുകളിലൊന്നാണ് കെ.കരുണാകരൻ പിള്ളയുടേത്. സുരക്ഷിതമായ ജോലിയും ഭഭ്രതയുള്ള കുടുംബവും മെച്ചപ്പെട്ട വിദ്യാഭ്യാസവും പൊങ്ങച്ചങ്ങളെ തൃപ്തിപ്പെടുത്താനുള്ള വരുമാനവും മാത്രം ജീവിതലക്ഷ്യമായി കരുതുന്നവര്‍ക്കിടയില്‍ കെ.കരുണാകരന്‍ പിള്ളയെപ്പോലെയുള്ളവര്‍ വേറിട്ടു നിൽക്കുന്നു.

ഉല്‍ക്കാപതനത്തിലോ, ഭൂചലനത്തിലോ രൂപപ്പെട്ടതാണ് ശാസ്താംകോട്ട തടാകമെന്നാണ് പൊതുവേ കരുതപ്പെടുന്നത്. ചുറ്റിലും നിലകൊള്ളുന്ന കുന്നുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന മനോഹര കാഴ്ചകളൊരുക്കി തരുന്ന കായല്‍ പ്രത്യക്ഷത്തില്‍ മറ്റൊരു ജലാശയമായും നേരിട്ട് ബന്ധപ്പെടുന്നില്ല. കൊല്ലം പട്ടണത്തിന്റെയും നീണ്ടകര, ശക്തികുളങ്ങര, ചവറ, പന്മന, തേവലക്കര എന്നിങ്ങനെയുള്ള പഞ്ചായത്തുകളുടെയും കുടിവെള്ളസ്രോതസ്സായ തടാകം വരളാന്‍ തുടങ്ങിയത് 1997 മാര്‍ച്ചിലാണ്. ഇന്‍ഡോ-നോര്‍വീജിയന്‍ പദ്ധതിപ്രകാരമുള്ള കുടിവെള്ള വിതരണം സുഗമമാക്കാന്‍ കായലിന്റെ വടക്ക് ഭാഗത്ത് സ്ഥാപിച്ചിരുന്ന ബണ്ട് തെളിഞ്ഞുവന്നതാണ് ആദ്യസംഭവം. കായല്‍ സംരക്ഷണത്തിനായി അന്ന് ചില കോലാഹലങ്ങളുണ്ടായെങ്കിലും പിന്നീടുണ്ടായ മഴയില്‍ ബണ്ട് മറഞ്ഞതോടെ നാട്ടുകാരും പിന്‍വാങ്ങി. എന്നാല്‍ അടുത്തവേനലില്‍ കായല്‍ വരളുന്നതായി മനസ്സിലാക്കിയ നാട്ടുകാരില്‍ കുറച്ചുപേര്‍ തടാകം നാശത്തിലേക്കാണ് പോകുന്നതെന്ന് തിരിച്ചറിഞ്ഞു. 2003 ൽ പ്രൊഫ.ആർ.ഗംഗാപ്രസാദ് ചെയര്‍മാനും കെ.കരുണാകരന്‍പിള്ള ജനറല്‍ കണ്‍വീനറും എസ്. ബാബുജി കണ്‍വീനറുമായി ശാസ്‌താംകോട്ട തടാകസംരക്ഷണസമിതി രൂപീകരിച്ചു. സമിതി നടത്തിയ ബോധവത്ക്കരണവും സമരങ്ങളുമാണ് തടാകത്തിന്റെ നിലനിൽപ്പ് അപകടത്തിലാണെന്ന ഗുരുതരമായ അവസ്ഥ പുറംലോകത്തിന്റെ ശ്രദ്ധയിലെത്തിച്ചത്.

സമാനതകളധികമില്ലാത്ത പ്രക്ഷോഭങ്ങളായിരുന്നു പിന്നീട് സമിതി നടത്തിയത്. പമ്പ്ഹൗസ് ഉപരോധം, താലൂക്ക് ഓഫീസ് ഉപരോധം, കളക്‌ട്രേറ്റിലേക്കും സെക്രട്ടേറിയറ്റിലേക്കും നടത്തിയ മാര്‍ച്ചുകള്‍ അനിശ്ചിതകാലനിരാഹാരസമരം, ഹൈക്കോടതി വരെ നീണ്ട നിയമപോരാട്ടങ്ങള്‍ എന്നിവയ്‌ക്കൊടുവില്‍ ശാസ്താംകോട്ട തടാകത്തെപ്പറ്റി ചിന്തിക്കുവാന്‍ അധികാരികള്‍ നിര്‍ബന്ധിതരായി. സെസ്, കേരളാ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പഠനഗവേഷണകേന്ദ്രം എന്നിവര്‍ കാര്യങ്ങളെ ഗൗരവത്തില്‍ പരിശോധിക്കുകയും വസ്തുതകള്‍ ശാസ്ത്രീയമായി മനസ്സിലാക്കി പിരഹാരങ്ങള്‍ നിര്‍ദ്ദേശികുകയും ചെയ്തു.

വിവിധ ഏജന്‍സികളുടെ പഠനങ്ങളെല്ലാം തന്നെ കണ്ടെത്തിയ സുപ്രധാനകാര്യം കായലിന്റെ നിലനില്‍പ്പിനാധാരമായ ഭൂഗര്‍ഭജലത്തിന്റെ ഒഴുക്കില്‍ വന്ന ദിശാവ്യതിയാനമായിരുന്നു. സമീപപ്രദേശത്തു കൂടി ഒഴുകുന്ന കല്ലടയാറിന്റെയും അതിനോട് ചേര്‍ന്നുകിടക്കുന്ന വിശാലമായ പടിഞ്ഞാറേകല്ലട പാടശേഖരത്തിന്റെയും ശാസ്താംകോട്ട തടാകത്തിന്റെയും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഭൂഗര്‍ഭ ഉറവയാണ് കായലിന്റെ വാട്ടര്‍ഷെഡായി പ്രവര്‍ത്തിച്ചിരുന്നത്. അനിയന്ത്രിതമായ മണലൂറ്റും ചെളിയെടുപ്പും കരമണല്‍ ഖനനവും മൂലം കല്ലടയാറിന്റെയും പടിഞ്ഞാറെകല്ലട പാടശേഖരത്തിന്റെയും അടിത്തട്ടിന്റെ ആഴം ശാസ്താംകോട്ട കായലിന്റെ ആഴത്തിനെക്കാള്‍ കൂടുകയും ഭൂഗര്‍ഭ ജലത്തിന്റെ ഒഴുക്ക് പാടശേഖരത്തിലേക്കും കല്ലടയാറിലേക്കുമായി മാറുകയും ചെയ്തു. കായലിന്റെ ചുറ്റുമുണ്ടായിരുന്ന കുന്നുകള്‍ മണ്ണെടുപ്പ് കേന്ദ്രങ്ങളായി പരിണമിച്ചപ്പോള്‍ തകര്‍ച്ചയുടെ വേഗം കൂടി. ഇതിനു പുറമെയായിരുന്നു കായലിനുചുറ്റും വനവത്ക്കരണമെന്ന പേരില്‍ വളരെയധികം ജലമൂറ്റുന്ന അക്കേഷ്യമരങ്ങള്‍ നട്ടുപിടിപ്പിച്ചത്. തുടര്‍ച്ചയായി മാലിന്യം നിക്ഷേപിക്കുന്നതിലൂടെ നാട്ടുകാരില്‍ ചിലരും തങ്ങള്‍ക്കാവുന്നത് തടാകത്തിനോട് ചെയ്തു.

വിവിധ ഏജന്‍സികള്‍ നിര്‍ദ്ദേശിച്ച സംരക്ഷണ പദ്ധതികള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് തടാകസംരക്ഷണസമിതി വീണ്ടും സമരരംഗത്തെത്തിയത് 2013 ലായിരുന്നു. സി.പി.എം ഒഴികെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാമൂഹ്യസംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും വിദ്യാര്‍ത്ഥി സംഘടനകളും ഒക്കെ കൂടിച്ചേര്‍ന്ന വലിയൊരു സമരസമിതി രൂപീകരിച്ചു. 34 സംഘടനകള്‍ ഉള്‍പ്പെട്ട സമരസമിതി 2014 ഏപ്രില്‍ 24 ന് അനിശ്ചിതകാല നിരാഹാരസമരം  തുടങ്ങി. സമരം നാടേറ്റെടുത്തു. അന്ന് മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി ചര്‍ച്ചയ്ക്ക് സന്നദ്ധനായി. മെയ് 4 ന്  തിരുവനന്തപുരത്ത് ചര്‍ച്ച നടന്നു. തടാകസംരക്ഷണസമിതി ഉന്നയിച്ച കാര്യങ്ങളെല്ലാം  ശരിയാണെന്ന് സമ്മതിച്ച മുഖ്യമന്ത്രി ശാസ്താംകോട്ടയിലെത്തി തടാകസംരക്ഷണത്തിനായുള്ള പാക്കേജ് പ്രഖ്യാപിക്കാമെന്ന് ഉറപ്പ് നല്‍കിയതിനാല്‍ സമരം പിന്‍വലിക്കാന്‍ സമരസമിതി പ്രിതിനിധികള്‍ തയ്യാറായി.  എന്നാല്‍ പ്രദേശത്തെ എം.എല്‍.എ കോവൂര്‍ കുഞ്ഞുമോന് സമരത്തില്‍ വേണ്ടത്ര റോള്‍ കിട്ടാത്തതിനാല്‍, എം.എല്‍.എ രണ്ട് ദിവസത്തെ അനിശ്ചിതകാല നിരാഹാരസമരം കിടന്നതിനുശേഷം പ്രഖ്യാപനം നടത്താന്‍ അവസരം തരണമെന്നൊരു വിചിത്ര നിര്‍ദ്ദേശം മുഖ്യമന്ത്രി മുന്നോട്ട് വച്ചതായി കരുണാകരന്‍പിള്ള പറഞ്ഞു. കായലിന്റെ നന്മയെക്കരുതി സമരസമിതി ഇതിന് മൗനാനുവാദം നല്‍കി. പ്രഖ്യാപനങ്ങളുണ്ടായി. സമരം പിന്‍വലിച്ചു. എം.എല്‍.എ സന്തുഷ്ടനായി. പക്ഷേ പദ്ധതികള്‍ മാത്രം ഇപ്പോഴും നടപ്പിലായിട്ടില്ല.

അധികാരികള്‍ ആത്മാര്‍ത്ഥമായൊന്ന് വിചാരിച്ചാല്‍ തടാകത്തിനെ നാശത്തില്‍ നിന്നും രക്ഷിക്കാന്‍ ഇനിയും സമയമുണ്ടെന്ന് കരുണാകരന്‍പിള്ള പറഞ്ഞു. കല്ലടയാറ്റിലെയും പടിഞ്ഞാറേ കല്ലടയിലെയും  മണല്‍ഖനനവും ചെളിയെടുപ്പും കായല്‍ പരിസരത്തെ കുന്നിടിക്കലും എന്നെന്നേക്കുമായി അവസാനിപ്പിക്കണം. കായലിനുചുറ്റുമുള്ള അക്കേഷ്യ മരങ്ങള്‍ തൈകളോടുകൂടി യുദ്ധകാലാടിസ്ഥാനത്തില്‍ പിഴുതുമാറ്റണം. മാലിന്യം തള്ളുന്നവരെ കണ്ടെത്തി കടുത്ത ശിക്ഷ ഉറപ്പുവരുത്തണം. ദിനംപ്രതി കുടിവെള്ള വിതരണത്തിനായി 4.80ലക്ഷം ലിറ്റര്‍ വെള്ളമൂറ്റുന്ന നടപടി അവസാനിപ്പിക്കണം.  പാതിവഴിയിലുപേക്ഷിച്ച ബദല്‍ കുടിവെള്ളപദ്ധതി നടപ്പാക്കണം.

മുന്‍ മുഖ്യമന്ത്രിയും മുന്‍മന്ത്രിമാരും വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളും പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹ്യ-സാമുദായിക സംഘടനകളും സമരസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ സഹായസഹകരണങ്ങളെ നന്ദിയോടെ സ്മരിച്ച കരുണാകരന്‍പിള്ള തങ്ങളുടെ സമരത്തെ പിന്തുണയ്ക്കുമെന്ന് ഏറ്റവും അധികം പ്രതീക്ഷ നൽകിയ ഒരു നേതാവിൽ നിന്ന് മാത്രം ഒരു സഹകരണവും ഉണ്ടായില്ലെന്ന് ഖേദത്തോടെ പറഞ്ഞു. രണ്ട് തവണ സമരപരിപാടികള്‍ ഉദ്ഘാടനം ചെയ്യാമെന്നേറ്റശേഷം തലേദിവസം പിന്മാറുകയായിരുന്നു വി.എസ് ചെയ്തത്. പരിസ്ഥിതി സംരക്ഷകനായി അറിയപ്പെടുന്ന വി.എസ് ശാസ്‌താംകോട്ട തടാക സംരക്ഷണ പ്രസ്ഥാനത്തോട് മുഖം തിരിഞ്ഞു നിന്നത് എന്തുകൊണ്ടാണെന്ന് തങ്ങൾക്ക് മനസ്സിലാക്കാൻ കഴിചിട്ടില്ലെന്ന് കരുണാകരൻ പിള്ള പറഞ്ഞു. രാഷ്ട്രീയ നേതാക്കളെ വിശ്വസിച്ചുകൊണ്ട് പരിസ്ഥി പ്രസ്ഥാങ്ങൾക്ക് മുന്നോട്ടു പോകാനാവില്ലെന്നതിന്റെ ഒരു നള പാഠമാണ് വി.എസ്സുമായി ബന്ധപ്പെട്ട അനുഭവത്തിൽ നിന്ന് ലഭിച്ചത്. ഏതു രാഷ്ട്രീയ നേതാവിനും കക്ഷി രാഷ്ട്രീയ താല്പര്യങ്ങളുണ്ടാകും.പരിസ്ഥി പ്രസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് ശക്തിപ്പെടണം. ശാസ്താംകോട്ട തടാക സംരക്ഷണ സമിതി ഉൾപ്പെടെ  പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി സമരരംഗത്തുള്ള കൊല്ലം ജില്ലയിലെ സംഘടനകളെ ഒന്നിപ്പിച്ച് കൊല്ലം ജില്ലാ പരിസ്ഥിതി സംരക്ഷണ ഏകോപന സമിതി എന്ന പ്രസ്ഥാനം രൂപീകരിക്കുന്നതിന് മുൻകയ്യെടുത്തവരിൽ പ്രധാനിയാണ് കെ.കരുണാകരൻപിള്ള. കൊല്ലം ജില്ലയിലെ പരിസ്ഥിതി സംരക്ഷണ രംഗത്ത് വലിയ സംഭാവനകൾ നൽകാൻ ഏകോപന സമിതിക്ക് കഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ ബദല്‍ കുടിവെള്ള പദ്ധതിയുടെ പൂര്‍ത്തീകരണം അടിയന്തരമായി നടപ്പാക്കുകയെന്നതാണ് ഇപ്പോഴത്തെ പ്രധാന ആവശ്യമെന്ന് പറഞ്ഞ അദ്ദേഹം പദ്ധതി നിറുത്തിവെച്ചിരിക്കുന്നതിനു പിന്നില്‍ അഴിമതിയുണ്ടെന്ന് വിശ്വസിക്കുന്നു. അതിനെ ചോദ്യം ചെയ്ത് വിജിലന്‍സ് കോടതിയില്‍ പോകാനൊരുങ്ങുകയാണ് ആരോഗ്യവകുപ്പില്‍ നിന്നും ജില്ലാ ആരോഗ്യ വിദ്യാഭ്യാസ ഓഫീസറായി വിരമിച്ച ഈ 80 കാരന്‍. ബദല്‍ കുടിവെള്ള വിതരണപദ്ധതിക്കായി കല്ലടയാറ്റില്‍ നിന്നും ശാസ്താംകോട്ട കായലിലൂടെ സ്ഥാപിക്കേണ്ടിയിരുന്ന ഉയര്‍ന്ന ഗുണമേന്മയുള്ള പെപ്പുകള്‍ കാട് മൂടിക്കിടക്കുന്ന ദൃശ്യം ഞങ്ങള്‍ക്ക് കാട്ടിത്തന്ന് അദ്ദേഹം പറഞ്ഞു ഇതാണ് ശാസ്താംകോട്ട കായലിനോടുള്ള അധികാരവര്‍ഗ്ഗത്തിന്റെ എല്ലാ കാലത്തേയും സമീപനം. ഇതുകൊണ്ടെന്നും തളര്‍ന്ന് പിന്‍വാങ്ങില്ലെന്നും വരുംതലമുറയ്ക്കായി കായലിനെ കരുതിവെയ്ക്കാന്‍ ഏതറ്റംവരെയും പോകുമെന്നും പറയുന്ന ഈ മനുഷ്യന്റെ വാക്കുകളെ നമുക്ക് വിശ്വസിക്കാം. പിന്തുടരാം. എല്ലാ ജലാശയങ്ങള്‍ക്കും പാടശേഖരങ്ങള്‍ക്കും മാമലകള്‍ക്കും ഇതുപോലെയുള്ള കാവലാളുകള്‍ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കാം.