അമൃത ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു

#

കൊല്ലം (22-03-18) : ഹോസ്റ്റലിലെ നിലവാരമില്ലാത്ത ഭക്ഷണത്തിന് എതിരേ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്ന് കരുനാഗപ്പള്ളി വള്ളിക്കാവ് അമൃതക്യാമ്പസിലെ മുന്നു കോളേജുകളും അനിശ്ചിതകാലത്തേക്ക് അടച്ചു. 20 ന് രാത്രി ഹോസ്റ്റലില്‍ നല്‍കിയ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടതിനെത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ആരംഭിച്ചത്. പ്രതിവര്‍ഷം 5 ലക്ഷത്തോളം രൂപ ഹോസ്റ്റല്‍ ഫീസും 64000 രൂപ മെസ് ഫീസുമിനത്തില്‍ ഈടാക്കിയതിനു ശേഷം വൃത്തിയോ ഗുണമോ ഇല്ലാത്ത ഭക്ഷണമാണ് തങ്ങള്‍ക്ക് നല്‍കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു. ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുക തുടങ്ങി വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങളോട് അനുകൂലമായി പ്രതികരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല.

അമൃത കോളേജ് ഒഫ് എഞ്ചിനിയറിംഗ്, അമൃത കോളേജ് ഒഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ്, അമൃത കോളേജ് ഒഫ് ബയോടെക്‌നോളജി എന്നീ 3 സ്ഥാപനങ്ങളിലുമായി 7000 ഓളം വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ താമസിക്കണമെന്നത് നിര്‍ബ്ബന്ധമാണ്. പുറത്തു താമസിക്കാന്‍ അനുമതി നല്‍കുക, പുറത്തുപോയി ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുക തുടങ്ങി വിദ്യാര്‍ത്ഥികളുടെ ഒരാവശ്യവും അംഗീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഒരു തരത്തിലുള്ള സംഘടനാ പ്രവര്‍ത്തനവും ക്യാമ്പസില്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുമായി ധാരണയുണ്ടാകാത്തതിനെ തുടര്‍ന്ന് കോളേജുകള്‍ അടച്ചിടാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. രക്ഷകര്‍ത്താക്കളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി വിദ്യാര്‍ത്ഥികളെ വരുതിയിലാക്കാനാണ് അധികൃതരുടെ ശ്രമം.