ഇറാക്കില്‍ ഇന്ത്യാക്കാരുടെ മരണം ; സുഷമ സ്വരാജിനെതിരേ അവകാശലംഘന നോട്ടീസ്

#

ന്യൂഡല്‍ഹി (22-03-18) : ഇറാഖില്‍ 39 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ട പ്രശ്‌നത്തില്‍ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെയും പാര്‍ലമെന്റിനെയും തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വാരജിനെതിരേ കോണ്‍ഗ്രസ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കും. ഇറാഖില്‍ 39 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ട വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് സര്‍ക്കാര്‍ കേംബ്രിഡ്ജ് അനലിറ്റിക്ക വിഷയം ഉന്നയിക്കുന്നതെന്ന് രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് സുഷമസ്വരാജിനെതിരേ അവകാശലംഘന പ്രമേയം അവതരിപ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് അംബികാ സോണി അറിയിച്ചത്.

കൊല്ലപ്പെട്ടവരുടെ ഡി.എന്‍.എ ടെസ്റ്റിന്റെ ഫലം തങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഇറാഖില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 പേരും സുരക്ഷിതരാണ് എന്ന് 7 തവണ ഇന്ത്യാ ഗവണ്‍മെന്റ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ഉറപ്പു നല്‍കിയിരുന്നതാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുജൂവാല ഓര്‍മ്മിപ്പിച്ചു.