കോടതിയും സവർണ്ണ പൊതുബോധത്തിന്റെ തടവിൽ : സണ്ണി കപിക്കാട്

#

(22-03-18) : (പാര്‍ലമെന്റ് പാസ്സാക്കിയ പട്ടികജാതി-പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമത്തിന്റെ അന്തസ്സത്ത തകര്‍ക്കുന്നതാണ് സുപ്രീംകോടതി ഡിവിഷന്‍ ബഞ്ചിന്റെ നീരീക്ഷണമെന്ന് പ്രമുഖ ചിന്തകനും ദളിത് ആക്ടിവിസ്റ്റുമായ സണ്ണി കപിക്കാട്. ദളിത് വിഭാഗത്തിനെതിരായ പൊതുബോധത്തിന് അടിപ്പെട്ടാണ്  കോടതി ഇത്തരത്തില്‍ തീര്‍ത്തും ദളിത് വിരുദ്ധമായ  അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നതെന്ന് അദ്ദേഹം ലെഫ്റ്റ് ക്ലിക്‌ന്യൂസിനോട് പറഞ്ഞു. മാര്‍ച്ച് 20 ന് ജസ്റ്റിസ് യു.യു.ലളിത്, ജസ്റ്റിസ് ആദര്‍ശ് ഗോയൽ എന്നിവരടങ്ങിയ സുപ്രീംകോടതി ബഞ്ച് നടത്തിയ നിരീക്ഷണങ്ങളെക്കുറിച്ച് സണ്ണി കപിക്കാട് സംസാരിക്കുന്നു).

പട്ടികജാതി-പട്ടികവര്‍ഗ്ഗവിഭാഗത്തില്‍പെട്ട ഒരാള്‍ ജാതീയമായ കാരണങ്ങളാല്‍ പരസ്യമായി അപമാനിക്കപ്പെട്ടാല്‍ അദ്ദേഹത്തിന്റെ പരാതി ഏറ്റവും കുറഞ്ഞത് ഡി.വൈ.എസ്.പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നത് 1989 ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ പട്ടികജാതി-പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമത്തിന്റെ പ്രധാന വ്യവസ്ഥകളിലൊന്നാണ്. ജാമ്യമില്ലാ വകുപ്പ് ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്യണം. നിലവിലുള്ള നിയമനടപടികളിലൂടെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവര്‍ നേരിടുന്ന അതിക്രമങ്ങള്‍ നേരിടാന്‍ കഴിയില്ല എന്നതുകൊണ്ടാണ് ഇങ്ങനെ ഒരു നിയമം വേണ്ടിവന്നത്. നിലവിലുള്ള നിയമങ്ങള്‍ ഉപയോഗിച്ച് ജാതീയ പീഡനങ്ങള്‍ തടയാന്‍ കഴിയില്ല എന്ന് ബോധ്യപ്പെട്ടിരുന്നു. ആ നിയമം ഇന്ത്യയുടെ ചരിത്രത്തില്‍ പ്രധാനപ്പെട്ട ഒന്നായാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്.

പട്ടികജാതി-പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമമുള്ളതുകൊണ്ട് പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗ്ഗക്കാര്‍ക്കുമെതിരായ അതിക്രമങ്ങള്‍ നിലച്ചുവെന്ന് കരുതരുത്. പീഡനങ്ങളെ ഏറെക്കുറേ ഫലപ്രദമായി നേരിടാന്‍ സഹായകമായ ഒരു നിയമമുണ്ടായി എന്നതാണ് ഇതിന്റെ പ്രാധാന്യം. ഭരണഘടന നിലവില്‍ വന്നപ്പോള്‍ ഭരണഘടനയുടെ 17-ാം വകുപ്പനുസരിച്ച് അയിത്തം നിയമം മൂലം നിരോധിച്ചിരുന്നു. നിയമംമൂലം നിരോധിച്ചിരുന്നെങ്കിലും ആ വകുപ്പ് പ്രകാരം കേസെടുക്കാനൊന്നും സാധ്യമായിരുന്നില്ല. പിന്നീട് മറ്റൊരു നിയമവും വന്നു. അതൊന്നും ഫലപ്രദമായി നടപ്പിലാകുന്നില്ല എന്നതുകൊണ്ടാണ് 1989 ല്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമം കൊണ്ടുവന്നത്.

പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ പെട്ടവരെ പരസ്യമായി അധിക്ഷേപിക്കുന്നതിന് ഒരു പരിധി വരെ തടസ്സം സൃഷ്ടിക്കാൻ ഇങ്ങനെയൊരു നിയമമുണ്ട് എന്നത് കാരണമായിട്ടുണ്ട്. കേസ് ഫ്രെയിം ചെയ്യുന്നതില്‍ വരുത്തുന്ന വീഴ്ചകളുടെയും കോടതിയുടെ സവര്‍ണ്ണാനുകൂല സമീപനത്തിന്റെയും ഫലമായി ഈ നിയമപ്രകാരം എടുക്കുന്ന കേസുകള്‍ പരാജയപ്പെടുകയാണ് പതിവ്. നൂറുകണക്കിന് കേസുകളില്‍ 90 ശതമാനത്തിലധികവും പരാജയപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ഒരു കച്ചിത്തുരുമ്പായി ഈ നിയമം മാത്രമാണുണ്ടായിരുന്നത്. ഈ നിയമമാണ് സുപ്രീംകോടതിയുടെ ഒരു നിരീക്ഷണത്തിലൂടെ റദ്ദു ചെയ്യപ്പെടുന്ന സ്ഥിതിയിലെത്തിയിരിക്കുന്നത്. ജാമ്യമില്ലാവകുപ്പ് അനുസരിച്ച് കേസെടുക്കണമെന്നും പ്രതി അറസ്റ്റ് ചെയ്യപ്പെടണമെന്നുമുള്ള വകുപ്പുകള്‍ പീഡനങ്ങള്‍ക്ക് ഒരു പ്രതിരോധമായിരുന്നു. ഇപ്പോള്‍ കോടതി പറയുന്നത് ഈ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്നാണ്. ദുര്‍ബ്ബലവിഭാഗങ്ങള്‍ക്ക് അനുകൂലമായ എല്ലാ നിയമങ്ങളെക്കുറിച്ചും നമ്മുടെ പൊതുസമൂഹം പുലര്‍ത്തുന്ന ഒരു മനോഭാവം പങ്കുവെയ്ക്കുക മാത്രമാണ് കോടതി ചെയ്തിട്ടുള്ളത്. കേരളത്തില്‍ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാനുള്ള നിയമത്തെക്കുറിച്ച് പറഞ്ഞത്, അത് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട് എന്നാണ്. ദുര്‍ബ്ബലവിഭാഗങ്ങള്‍ക്ക് അനുകൂലമായ എല്ലാ നിയമവും ദുരുപയോഗം ചെയ്യപ്പെടും എന്ന മേല്‍ത്തട്ടിന്റെ ഭയം മാത്രമാണ് ഇതിനു പിന്നില്‍.

ഈ നിയമത്തിന്റെ അന്തസത്ത തന്നെ ചോര്‍ത്തിക്കളയുന്നതാണ് സുപ്രീംകോടതി നീരീക്ഷണമെന്നത് തീര്‍ത്തും നിരാശാജനകമാണ്. ഇന്ത്യയില്‍ പണ്ടെന്നത്തെക്കാളുമധികം പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരായ അക്രമം വര്‍ദ്ധിച്ചുവന്നിരിക്കുന്ന കാലത്താണ് കോടതിയുടെ ഈ നിരീക്ഷണം എന്നത് അതിന്റെ അപകടം വര്‍ദ്ധിപ്പിക്കുന്നു.

സ്ത്രീപീഡന നിരോധന നിയമം, ബാലാവകാശ നിരോധനനിയമം തുടങ്ങി ദുര്‍ബ്ബല വിഭാഗങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന എല്ലാ നിയമങ്ങള്‍ക്കുമെതിരേയും ഉയര്‍ന്നു കേള്‍ക്കുന്നതാണ് ദുരുപയോഗപ്പെടുത്തല്‍ എന്ന ആരോപണം,. ദുര്‍ബ്ബലവിഭാഗങ്ങള്‍ക്ക് അനുകൂലമായ നിയമങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നു എന്നത് സവര്‍ണ്ണ-സമ്പന്ന വിഭാഗങ്ങളുടെ നിരീക്ഷണമാണ്. നിയമവ്യവസ്ഥയ്ക്കുള്ളില്‍ നിന്നുകൊണ്ടല്ല, സാമാന്യബോധത്തിനുള്ളില്‍ നിന്നുകൊണ്ടാണ് കോടതി പട്ടികജാതി-പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമത്തെക്കുറിച്ച് നിരീക്ഷണം നടത്തിയത്. ദുര്‍ബ്ബലര്‍ക്കെതിരായ എന്തു നിരീക്ഷണമുണ്ടായാലും അത് ഉടന്‍ നടപ്പാക്കപ്പെടും. ഇനി രാജ്യത്ത് പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് എതിരായി എന്ത് അതിക്രമമുണ്ടായാലും ഈ കോടതി നിരീക്ഷണമായിരിക്കും പോലീസിനെ നിയന്ത്രിക്കുക. സുപ്രീംകോടതി നിരീക്ഷണം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ റിവിഷന്‍ പെറ്റീഷന്‍ നല്‍കണം. ദുര്‍ബ്ബലവിഭാഗങ്ങള്‍ നിയമങ്ങള്‍ ദുരുപയോഗപ്പെടുത്തുമെന്ന വിശ്വാസമാണ് പൊതുവില്‍ സര്‍ക്കാരുകളും രാഷ്ട്രീയപ്പാര്‍ട്ടികളുമെല്ലാം പങ്കുവെയ്ക്കുന്നത്.

കോടതിനീരീക്ഷണം റദ്ദു ചെയ്യാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കാന്‍ തയ്യാറായില്ലെങ്കില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ സംഘടനകള്‍ കോടതിയില്‍ പോകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഈ നിയമത്തിന്റെയും നിയമത്തിന്റെ അന്തസത്ത ചോര്‍ത്തുന്ന കോടതി നിരീക്ഷണത്തിന്റെയും പ്രാധാന്യം പട്ടികജാതി-പട്ടികവര്‍ഗ്ഗ സംഘടനകള്‍  തിരിച്ചറിയുക തന്നെ ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.