വയല്‍കിളികളും ലോങ്മാര്‍ച്ചും ചെങ്ങന്നൂരും

#

(27-03-18) : വേണ്ടിവന്നാല്‍ മഹാരാഷ്ട്ര മാതൃകയില്‍ കേരളത്തിലും ലോങ്മാര്‍ച്ച് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് വയല്‍കിളികളുടെ നേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞതിനോട് അനുകൂലവും പ്രതികൂലവുമായ ശക്തമായ പ്രതികരണങ്ങളുണ്ടായി. "എരണ്ടകളും കഴുകന്മാരും ചെങ്ങന്നൂര്‍ ആകാശത്ത് പാറി പറക്കാതിരിക്കട്ടെ" എന്ന സുരേഷ് കീഴാറ്റൂരിന്റെ ഫെയ്സ്ബുക് പോസ്റ്റും വളരെ അധികം ചര്‍ച്ച ചെയ്യപ്പെട്ടു. ആ പോസ്റ്റ് കൊണ്ട് സുരേഷ് ഉദ്ദേശിച്ചത് എന്താണെന്ന് വ്യക്തമല്ല. ഒരു ജനകീയ പ്രശ്‌നവുമായി ബന്ധപ്പെട്ട് സമരമുഖത്ത് നില്‍ക്കുന്ന വ്യക്തിയും ആ സമരത്തിന്റെ വക്താവുമാണ് സുരേഷ്. വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ക്ക് ഇട നല്‍കുന്ന തരത്തില്‍ അവ്യക്തതയുള്ള ഒരു പ്രസ്താവന ഫെയ്‌സ്ബുക് പോസ്റ്റ് എന്ന നിലയില്‍ ജനങ്ങളിലെത്തിക്കാന്‍ സുരേഷ് ശ്രമിച്ചതിന്റെ കാരണമറിയില്ല.

സമരരൂപം എന്ന നിലയിലും പ്രചരണമാര്‍ഗം എന്ന നിലയിലും ലോങ്മാര്‍ച്ച് നടത്താന്‍ ആര്‍ക്കും അവകാശമുണ്ട്. തങ്ങള്‍ ഉന്നയിക്കുന്നത് ഒരു ചെറിയ പ്രദേശത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്ന പ്രശ്‌നമല്ലെന്നാണ് വയല്‍കിളികളുടെ വാദം. കുറച്ചുപേരുടെ ഉടമസ്ഥതയിലുള്ള ഏതാനും ഏക്കര്‍ വയല്‍ നഷ്ടപ്പെടുന്നു എന്നതിനപ്പുറം നമ്മളെ നാശത്തിലേക്ക് തള്ളിയിടുന്ന വികസന നയവുമായി ബന്ധപ്പെട്ട അടിസ്ഥാനപ്രശ്നം എന്ന നിലയില്‍ കീഴാറ്റൂര്‍ സമരത്തെ കാണണം എന്ന വയല്‍കിളികളുടെയും അവരെ പിന്തുണയ്ക്കുന്നവരുടെയും വാദം തള്ളിക്കളയാന്‍ കഴിയുന്നതല്ല. പക്ഷേ, അത്തരം ഒരു പ്രശ്‌നം ഉന്നയിക്കുന്നതിന് സുരേഷ്‌ഗോപിയെയും പി.സി.ജോര്‍ജ്ജിനെയും കൂട്ടുപിടിക്കാന്‍ കഴിയുന്നതെങ്ങനെ എന്ന ചോദ്യമാണ് വയല്‍കിളികളെ വികസന വിരോധികളായി കാണുന്നവര്‍ മുന്നോട്ട് വെയ്ക്കുന്നത്.

ഒരു പരിസ്ഥിതി ദുര്‍ബ്ബല പ്രദേശമെന്ന് കേരളത്തെ മൊത്തത്തില്‍ വിശേഷിപ്പിക്കാം. 44 നദികളും നിരവധി കായലുകളും മറ്റു ജലാശയങ്ങളുമുള്ള, രണ്ടു കാലവര്‍ഷങ്ങളിലായി ധാരാളം മഴ ലഭിക്കുന്ന കേരളത്തിന്റെ പ്രകൃതിസമ്പത്തിനെ കുറിച്ചുള്ള അവകാശവാദങ്ങള്‍ക്കൊന്നിനും അര്‍ത്ഥമില്ലാതായി മാറിയിരിക്കുന്നു. ഗണ്യമായി കുറഞ്ഞ വനസമ്പത്തും, വനനശീകരണവും മണ്ണൊലിപ്പും ഒരു കണക്കും ക്രമവുമില്ലാത്ത മണലൂറ്റൂം കൊണ്ട് നാമാവശേഷമായി തീര്‍ന്ന നദികള്‍, വികസനഭ്രാന്ത് തലയില്‍ കയറി മണ്ണിട്ടുമൂടിയ മറ്റു ജലാശയങ്ങള്‍, മഴവെള്ളത്തെ ഭൂമിക്കടിയില്‍ സംഭരിച്ചു സംരക്ഷിച്ചിരുന്ന വയലുകള്‍ നികത്തി അവിടെയെല്ലാം പടുത്തുയര്‍ത്തിയ വികസന സ്തംഭങ്ങള്‍... മരൂഭൂവത്കരണത്തിലേക്ക് അതിവേഗം നീങ്ങുകയാണ് കേരളം. പാരിസ്ഥിതികവും സാമൂഹികവുമായ പ്രത്യാഘാതങ്ങള്‍ സൂക്ഷ്മമായി പഠിക്കാതെ ഒരു "വികസനപദ്ധതി"യും ഇനി തുടങ്ങാന്‍ പാടില്ലെന്ന വാദം വികസന വിരോധത്തില്‍ നിന്നുണ്ടാകുന്നതല്ല. ശരിയായ വികസന സങ്ക്‌ലപത്തില്‍ നിന്നുണ്ടാകുന്നതാണ്.

യഥാര്‍ത്ഥ വികസനം എങ്ങനെയാകണം എന്ന പ്രശ്‌നമുയര്‍ത്തി, ഇന്നത്തെ രൂപത്തിലുള്ള വികസനത്തിന്റെ ഇരകള്‍ ഒരു ലോങ്മാര്‍ച്ചിനു തയ്യാറാകുകയാണെങ്കില്‍ അതിന് മുഖം തിരിഞ്ഞു നില്‍ക്കാന്‍ കേരള ജനതയ്ക്കാവില്ല. കേരളത്തിന്റെ കിഴക്കന്‍ മലയോരങ്ങളിലെ പാറകള്‍ മുഴുവന്‍ ലാഭക്കൊതിയന്മാരായ കോണ്‍ട്രാക്ടര്‍ പൊട്ടിച്ചുമാറ്റി കോടികള്‍ കൊയ്തതിന്റെ പങ്ക്, ഇവിടെ എല്ലാ ചേരികളിലും പെട്ട മുഖ്യധാരാരാഷ്ട്രീയക്കാരുടെ പോക്കറ്റിലുണ്ട്. കാറ്റിന്റെ ഗതിയെ നിയന്ത്രിച്ചിരുന്ന പാറമലകളും കുന്നുകളും ഇടിച്ചുനിരത്തുന്നതിന് കൂട്ടുനിന്നവര്‍ തന്നെയാണ് കേരളത്തിന്റെ കാലാവസ്ഥ മാറുന്നു, ഇവിടെ ജീവിക്കാന്‍ കൊള്ളാതായിരിക്കുന്നു എന്നു പറയുന്നത്. പാറഖനനം പൂര്‍ണ്ണമായും പൊതുമേഖലയിലാക്കും എന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ എഴുതിവെച്ച ഇടതുമുന്നണിയുടെ നേതാക്കളാണ് പാറമാഫിയയുടെ വക്താക്കളായി പരസ്യമായി രംഗത്തു വരുന്നത്. പാറമാഫിയയുടെ വക്താക്കളാണ് ഭൂരിപക്ഷം യു.ഡി.എഫുകാര്‍ എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല.

വയല്‍കിളികളുടെ നേതാവ് സൂചിപ്പിക്കുന്ന ലോങ്മാര്‍ച്ചില്‍, കേരളത്തില്‍ തെറ്റായ വികസനനയത്തിന്റെ ഇരകളായ മുഴുവന്‍ ആളുകളും പങ്കെടുക്കുകയാണെങ്കില്‍ അത് ഒരു ചരിത്രസംഭവമായി മാറും. അമിതവും അനിയന്ത്രിതവുമായ പാറഖനനത്തിന് എതിരേ സമരം ചെയ്യുന്ന മുഴുവന്‍ ആളുകളും ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ആ ലോങ്മാര്‍ച്ചില്‍ പങ്കെടുക്കുകയാണെങ്കില്‍ അത് കേരളത്തിന്റെ വികസനത്തെക്കുറിച്ച് ശരിയായ കാഴ്ചപ്പാട് അവതരിപ്പിക്കുന്ന മാര്‍ച്ചായി മാറും. പക്ഷേ, അത്തരമൊരു മാര്‍ച്ചില്‍ പി.സി.ജോര്‍ജിന് സ്ഥാനമുണ്ടാവില്ല. പി.സി.ജോര്‍ജും അതു പോലെയുള്ളവരും പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിന് എതിരായ രാഷ്ട്രീയമായിരിക്കണം ആ മാര്‍ച്ച് ഉയര്‍ത്തിപ്പിടിക്കേണ്ടത്.

എല്ലാ മനുഷ്യരും പരസ്പര സഹകരണത്തോടെ ജീവിക്കുന്ന, പ്രകൃതിവിഭങ്ങള്‍ ന്യായമായി പങ്കുവെയ്ക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥിതിക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമാണ് പരിസ്ഥിതി ചൂഷണത്തിന് എതിരായ സമരം. അങ്ങനെയൊരു സമരത്തില്‍, അധികാരത്തിനുവേണ്ടി, മനുഷ്യരെ തമ്മിലടിപ്പിച്ച് ചോരപ്പുഴയൊഴുകുന്ന ബി.ജെ.പിയുടെ പ്രതിനിധികള്‍ക്ക് എങ്ങനെ സ്ഥാനമുണ്ടാവും? അദാനിക്കും അംബാനിക്കും രാജ്യത്തിന്റെ പൊതുസ്വത്ത് മുഴുവന്‍ തീറെഴുതി കൊടുക്കുന്ന ഒരു പാര്‍ട്ടി മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയത്തിന് എതിരായിരിക്കും ഇത്തരമൊരു മാര്‍ച്ച്. സുരേഷ്‌ഗോപിയും മതഭ്രാന്തനായ ഗോപാലകൃഷ്ണനും ആ മാര്‍ച്ചില്‍ സ്ഥാനമുണ്ടാകില്ല.

ചെങ്ങന്നൂരിനെക്കുറിച്ചുള്ള സുരേഷ് കീഴാറ്റൂരിന്റെ പരാമര്‍ശം അപക്വവും നിരുത്തരവാദപരവുമാണ്. വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ അടിസ്ഥാനപരമായ വ്യത്യസമില്ലാത്ത മുഖ്യധാര പാര്‍ട്ടികള്‍ പരസ്പരം മത്സരിക്കുന്ന ഒരു നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ആരുടെ പക്ഷത്ത് നില്‍ക്കുമെന്ന സൂചനയാണ് വയല്‍കിളികള്‍ നല്‍കുന്നത്? കോണ്‍ട്രാക്ടര്‍മാരും കങ്കാണികളും അഴിമതിക്കാരായ ഒരു വിഭാഗം ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയക്കാരും ചേര്‍ന്ന് നടത്തുന്ന വികസനകൊള്ളയ്‌ക്കെതിരെ, നടപ്പ് വികസന നയത്തോട് വിയോജിക്കുന്നവരും അതിന്റെ ഇരകളുമായ മനുഷ്യരെ അണിനിരത്തി ജനകീയമുന്നേറ്റം ആവശ്യമാണ്. പക്ഷേ, ആ മുന്നേറ്റത്തിന്റെ രാഷ്ട്രീയം കൃത്യമായിരിക്കണം. രാഷ്ട്രീയമായ ഒരു ചെറിയ പിഴവ് പോലും എത്ര സദുദ്ദേശത്തോടെയുള്ള പ്രസ്ഥാനത്തെയും ചരിത്രത്തിന്റെ ചവറ്റുകുട്ടയിലെറിയും എന്ന് എല്ലാവരുമോര്‍ക്കുന്നത് നന്ന്.