ജാതിയും മതവുമില്ലാത്ത ഒന്നേകാല്‍ ലക്ഷം

#

(28-03-18) : 2017-18 അദ്ധ്യയനവര്‍ഷം കേരളത്തിലെ സ്‌കൂളുകളില്‍ ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ പഠിക്കുന്ന കുട്ടികളില്‍ 123,630 പേര്‍ ജാതി, മത കോളങ്ങള്‍ പൂരിപ്പിച്ചിട്ടില്ല. കഴിഞ്ഞ ദിവസം നിയമസഭയില്‍ ഒരു ചോദ്യത്തിന് വിദ്യാഭ്യാസമന്ത്രി പൊഫ.സി.രവീന്ദ്രനാഥ് നല്‍കിയ മറുപടിയിലാണ് ഈ വിവരമുള്ളത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ ആളുകളെ വിഭജിക്കാനും തമ്മിലടിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ മുമ്പെങ്ങുമില്ലാത്ത തരത്തില്‍ വര്‍ദ്ധിക്കുമ്പോഴാണ് പ്രതീക്ഷാനിര്‍ഭരമായ ഈ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ജാതി,മത വിഭാഗീയ ശക്തികള്‍ കൂടുതല്‍ അക്രമാസക്തമായി സംഘടിക്കുന്നതോടൊപ്പം അതിനെതിരായ ശക്തികളും ഇവിടെ കരുത്താര്‍ജ്ജിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് ഇത്.

ഒന്നു മുതല്‍ പത്ത് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളുടെ ജാതി, മത കോളങ്ങള്‍ പൂരിപ്പിക്കേണ്ടതില്ല എന്ന് തീരുമാനിക്കുന്നത് കുട്ടികളല്ല, അവരുടെ രക്ഷകര്‍ത്താക്കളാണ്. അതിന്റെയര്‍ത്ഥം യുവതലമുറയില്‍ പെട്ടവരും വാര്‍ദ്ധക്യം ബാധിച്ചിട്ടില്ലാത്തവരുമായ നല്ലൊരു പങ്ക് ആളുകള്‍ ജാതി, മതങ്ങള്‍ക്ക് പുറത്ത് ജീവിക്കാന്‍ ഇഷ്ടപ്പെടുന്നു എന്നാണ്. സ്വന്തം കുട്ടികളുടെ ജാതി, മത കോളങ്ങളില്‍ ജാതിയും മതവും എഴുതാന്‍ തയ്യാറാകാത്ത രക്ഷകര്‍ത്താക്കള്‍ അവരെ ജാതിയുടെയും മതത്തിന്റെയും സ്വാധീനമില്ലാത്ത അന്തരീക്ഷത്തില്‍ വളര്‍ത്താനാകും ശ്രമിക്കുക. ജാതിയുടെയും മതത്തിന്റെയും സ്വാധീനമില്ലാതെ വളര്‍ത്താന്‍ ശ്രമിക്കുന്നതോടൊപ്പം ജാതി മതചിന്തകള്‍ക്കെതിരായ ചിന്തയും മനോഭാവവും കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ കൂടി അവര്‍ ശ്രമിക്കുകയാണെങ്കില്‍ കേരളത്തിന്റെ ഭാവിയെക്കുറിച്ച് നമുക്ക് പ്രതീക്ഷകള്‍ വച്ച് പുലര്‍ത്താനവകാശമുണ്ട്.

തങ്ങള്‍ക്ക് ജാതിയും മതവുമില്ലെന്ന് ഉറച്ചുവിശ്വസിക്കുന്ന രക്ഷകര്‍ത്താക്കളുടെ കുട്ടികളായിരിക്കും ഈ ഒന്നേകാല്‍ ലക്ഷം. അതില്‍ ജാതിയും മതവും നോക്കാതെ വിവാഹം കഴിച്ചവരുടെ കുട്ടികള്‍ ഉള്ളതുപോലെ തന്നെ സമൂഹത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ജാതി, മത പരിഗണനകള്‍ പാലിച്ച് വിവാഹം കഴിച്ചവരുടെ കുട്ടികളുമുണ്ടാകും. യഥാര്‍ത്ഥത്തില്‍ ജാതിയോടും മതത്തോടും എതിര്‍പ്പുള്ള വലിയൊരു കൂട്ടം രക്ഷകര്‍ത്താക്കള്‍ ജാതി, മത കോളങ്ങള്‍ പൂരിപ്പിച്ചവരായും ഉണ്ടാകും. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍, പിന്നോക്ക സമുദായങ്ങള്‍, മതന്യൂനപക്ഷങ്ങള്‍ എന്നിവയില്‍ പെട്ട രക്ഷകര്‍ത്താക്കള്‍, തങ്ങളുടെ കുട്ടികള്‍ക്ക് ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി ജാതിയുടെയും മതത്തിന്റെയും കോളങ്ങള്‍ പൂരിപ്പിച്ചിട്ടുണ്ടാകുമെന്ന് തീര്‍ച്ച.

ജാതി-മത കോളങ്ങള്‍ പൂരിപ്പിക്കാതിരിക്കുക എന്നതിനെ ജാതിയില്ലായ്മയുടെയും മതമില്ലായ്മയുടെയും പ്രഖ്യാപനമായി അംഗീകരിക്കണമെന്ന കേവലവാദം നമ്മുടെ സാമൂഹ്യയാഥാര്‍ത്ഥ്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടുള്ളതല്ല. ജാതിയുടെയും മതത്തിന്റെയും പേരില്‍ പ്രത്യേക അവകാശങ്ങളില്ലാത്തയാളുകള്‍ ജാതി, മത കോളങ്ങള്‍ പൂരിപ്പിക്കാതിരിക്കുന്നത് അഭിനന്ദനാര്‍ഹമായ കാര്യം തന്നെ. അതേസമയം തങ്ങളുടെ കുട്ടികളുടെ ഭരണഘടനാപരമായ അവകാശം സംരക്ഷിക്കാന്‍ വേണ്ടി ജാതി, മത കോളങ്ങള്‍ പൂരിപ്പിക്കുന്നവരെ ജാതി-മതവാദികളായി മുദ്രകുത്തുന്നത് അനീതിയാണ്. ഭരണഘടനാപരമായ ആവശ്യകത എന്ന നിലയില്‍ മാത്രം ജാതി-മത കോളങ്ങള്‍ പൂരിപ്പിക്കുന്ന, ജാതിമതങ്ങള്‍ ഇല്ലാത്തവരും, ആ കോളങ്ങള്‍ പൂരിപ്പിക്കാത്തവരും ചേരുമ്പോള്‍ ജാതിയെയും മതത്തെയും തള്ളിപ്പറയുന്നവര്‍, കേരളത്തില്‍ അവഗണിക്കാനാകാത്ത ശക്തിയാണെന്ന് മനസ്സിലാക്കാം.

ജാതിയെയും മതത്തെയും വില മതിക്കാത്ത വലിയൊരു കൂട്ടം ജനങ്ങള്‍ ഈ നാട്ടിലുണ്ട് എന്ന് ഇനിയും മനസ്സിലാക്കിയിട്ടില്ലാത്തവര്‍ നമ്മുടെ നാട്ടിലെ രാഷ്ട്രീയ നേതാക്കളാണ്. ഇടതുപക്ഷപ്പാര്‍ട്ടികളില്‍ പെട്ടവര്‍പോലും ജാതിസംഘടനാ നേതാക്കളുടെയും മതമേലദ്ധ്യക്ഷന്മാരുടെയും മുമ്പില്‍ചെന്ന് കുമ്പിട്ടു നില്‍ക്കുന്നത് തെരഞ്ഞെടുപ്പ് കാലത്ത് സ്ഥിരം കാഴ്ചയാണ്. മതങ്ങളുടെയും ജാതിസംഘടനകളുടെയും തലപ്പത്തിരിക്കുന്നവര്‍ എന്തു നിയമനിഷേധം കാട്ടിയാലും ഒരു നടപടിയും ഉണ്ടാകില്ലെന്നത് എല്ലാവര്‍ക്കുമറിയാവുന്ന രഹസ്യമാണ്. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ആഘോഷങ്ങള്‍ക്കും ആള്‍ക്കൂട്ടങ്ങള്‍ക്കും അധികാരികളും മാധ്യമങ്ങളുമെല്ലാം പൂര്‍ണ്ണപിന്തുണയാണ് നല്‍കുന്നത്. അധികാരികളുടെയും മാധ്യമങ്ങളുടെയുമൊന്നും പിന്തുണയില്ലാതെ തന്നെ, ജാതിരഹിതവും മതനിരപേക്ഷവുമായ ജീവിതം നയിക്കുന്നവരുടെ എണ്ണം ഇവിടെ കൂടിവരുന്നു എന്നത് നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികുടെ, പ്രത്യേകിച്ച് ഇടതുപക്ഷത്തിന്റെ എങ്കിലും കണ്ണു തുറപ്പിക്കേണ്ടതാണ്.

ജാതിരഹിത-മതനിരപേക്ഷ ചിന്ത പുലര്‍ത്തുന്നവര്‍ക്ക് ഉത്സാഹവും ഊര്‍ജ്ജവും പകരുന്നതാണ് വിദ്യാഭ്യാസമന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടി. ഔദ്യോഗിക സ്ഥാപനങ്ങളും ഔദ്യോഗിക ചടങ്ങുകളും മതാചാര മുക്തമാക്കുക തുടങ്ങി നമ്മുടെ സമൂഹത്തെ പരിഷ്‌കൃതവും പുരോഗമനപരവുമാക്കുന്നതിനുള്ള പ്രയത്‌നങ്ങള്‍ക്ക് ഈ വാര്‍ത്ത ഉത്തേജനം പകരും. നമ്മുടെ സാമൂഹ്യജീവിതത്തില്‍ മതാന്ധതയുടെയും ജാതിവെറിയുടെയും ഇരുട്ട് പരത്താന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പും താക്കീതും കൂടിയാണ് ഒന്നേകാല്‍ ലക്ഷം മലയാളികളുടെ ധീരമായ ഈ നിലപാട്.