വിന്നി മണ്ടേല അന്തരിച്ചു

#

ജൊഹാനസ്ബർഗ് (02-04-2018): വർണ്ണവിവേചനത്തിന് എതിരെ ദക്ഷിണാഫ്രിക്കയിലെ കറുത്ത വർഗ്ഗക്കാർ നടത്തിയ ഐതിഹാസിക സമരത്തിന്റെ നായിക വിന്നി മണ്ടേല (82) അന്തരിച്ചു. നെൽസൺ മണ്ടേലയുടെ ജീവിത സഖിയായിരുന്ന വിന്നി, മണ്ടേല ജയിലിലായിരുന്ന കാലം മുഴുവൻ വർണ വിവേചനത്തിനെതിരായ സമരത്തിന് ഉജ്ജ്വലമായ നേതൃത്വം നല്കി. നെൽസൺ മണ്ടേലയുടെ ജയിൽ വിമോചനം സാധ്യമാക്കിയതിൽ വിന്നിക്ക് സുപ്രധാന സ്ഥാനമുണ്ട്. "സഹനത്തിന്റെ കറുത്ത നക്ഷത്രം" എന്നും "പുതിയ ദക്ഷിണാഫ്രിക്കയുടെ മാതാവ് " എന്നും വിന്നാ അറിയപ്പെട്ടു.

ദീർഘ കാലമായി അസുഖ ബാധിതയായി ആശുപത്രി വാസത്തിലായിരുന്നു അവരെന്നും വളരെ നാളായി അലട്ടിയിരുന്ന രോഗങ്ങൾ മൂലമാണ് മരണമെന്നും കുടുംബ വക്താവ് വാർത്താ കുറിപ്പിൽ അറിയിച്ചു.

1936 ൽ ജനിച്ച വിന്നി 1958 ൽ തന്റെ ഇരുപത്തിരണ്ടാം വയസിലാണ് നെൽസൺ മണ്ടേലയെ വിവാഹം കഴിച്ചത്. നെൽസൺ മണ്ടേല ജയിലിൽ അടക്കപ്പെട്ടതിനെ തുടർന്ന് വർണ്ണ വിവേചനത്തിനെതിരായ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്ത അവർ നെൽസൺ മണ്ടേല ജയിൽ മോചിതനാകുന്ന 1990 വരെ സമരത്തെ മുന്നോട്ടു നയിച്ചു. 1992 ൽ മണ്ടേലയുമായി വേർപിരിഞ്ഞു. 1996 ൽ വിവാഹ മോചിതരായെങ്കിലും തന്റെ പേരിനോടൊപ്പമുള്ള മണ്ടേല ഒഴിവാക്കാൻ അവർ തയ്യാറായിരുന്നില്ല. ഈ ബന്ധത്തിൽ 2 കുട്ടികളുണ്ടായിരുന്നു.

വർണ്ണ വിവേചനരഹിത ദക്ഷിണാഫ്രിക്ക എന്ന ആശയത്തിന് പുത്തൻ ദിശാബോധം പകർന്ന വിന്നി മണ്ടേലയുടെ ദേഹ വിയോഗത്തിൽ ലോക നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.