ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റൻ ജയം: പരമ്പര നേട്ടം

#

ജോഹന്നാസ്ബർഗ്(03-04-2018): ദ്വിരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിൽ ഓസ്‌ട്രേലിയക്കു നാണക്കേടിനൊപ്പം കൂറ്റൻ തോൽവിയും. പന്ത് ചുരണ്ടൽ വിവാദം നിറംകെടുത്തിയ പരമ്പരയിലെ നാലാം മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഓസ്‌ട്രേലിയയ്ക്ക് 492 റൺസിന്റെ വമ്പൻ പരാജയം. 612 റൺസിന്റെ വൻ വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്സിൽ 119 റൺസിന്‌ കാലിടറി വീഴുകയായിരുന്നു.

പന്ത് ചുരണ്ടൽ വിവാദത്തിലകപ്പെട്ട സ്റ്റീവൻ സ്മിത്തും ഡേവിഡ് വാർണറും ഇല്ലാതെ ടിം പെയ്‌നിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ഓസ്‌ട്രേലിയൻ ടീം മുന ഒടിഞ്ഞ അമ്പ് പോലെയായിരുന്നു. കളിയുടെ എല്ലാ മേഖലകളിലും നിറം മങ്ങിയ അവർ ശരിക്കും മത്സരം ദക്ഷിണാഫ്രിക്കയ്ക്കയോട് അടിയറവു പറയുകയായിരുന്നു. മത്സരത്തിന് മുൻപ് തന്നെ ഏതാണ്ട് പരാജയപ്പെട്ട അവസ്ഥയിലായിരുന്നു ഓസ്‌ട്രേലിയ. വിവാദം ഓരോ താരങ്ങളെയും എത്രത്തോളം പ്രതികൂലമായി ബാധിച്ചു എന്നത് ശരീര ചലനങ്ങളിൽ നിന്നും സമീപനത്തിൽ നിന്നും വ്യകതമായിരുന്നു.

എന്നാൽ മറുവശത്തു പതിവിലേറെ വീര്യവുമായി ഉണർന്നു കളിച്ച ദക്ഷിണാഫ്രിക്കൻ കളിക്കാർ പേരുകേട്ട ഓസ്‌ട്രേലിയൻ ബാറ്റിംഗ് നിരയെ കൃത്യവും വേഗതയാർന്നതുമായ പന്തുകളാൽ വരിഞ്ഞു മുറുക്കി. 3 വിക്കറ്റിന് 88 റൺസ് എന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഓസ്‌ട്രേലിയ ശേഷിച്ച 7 വിക്കറ്റുകൾ 31 റൺസിനിടെ കളഞ്ഞു കുളിക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കക്കായി ഫിലാൻഡർ 21 റൺസിന്‌ 6 വിക്കറ്റുകൾ നേടിയപ്പോൾ അവസാന ടെസ്റ്റ് മത്സരം കളിക്കുന്ന മോർണേ മോർക്കൽ 2 വിക്കറ്റു നേടി. പരമ്പരയിലൂടെ നീളം മികച്ച പ്രകടനം കാഴ്ച വെച്ച കാഗിസോ റബാധ പരമ്പരയുടെ താരമായും അവസാന മത്സരത്തിൽ 2 ഇന്നിങ്‌സുകളിലുമായി 9 വിക്കറ്റ് നേടിയ ഫിലാൻഡർ കളിയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.