സംവിധായകനെതിരെ ലൈംഗിക ആരോപണവുമായി നടി ; കള്ളമെന്ന് സംവിധായകൻ

#

ഹൈദരബാദ് (04.04.2018) : പ്രമുഖ തെലുങ്ക് സിനിമാ സംവിധായകൻ ശേഖർ കമ്മുല കിടക്ക പങ്കിടാനായി തന്റെ മേൽ സമ്മർദ്ദം ചെലുത്തിയെന്ന നടി ശ്രീറെഡ്‌ഡി. ആരോപണം കള്ളമാണെന്നും നടിക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും സംവിധായകൻ. തനിക്കും ബന്ധുക്കൾക്കും തന്നെ വിലമതിക്കുന്നവർക്കും കടുത്ത ദുഖമുണ്ടാക്കുന്നതാണ് ആരോപണങ്ങളെന്ന് ശേഖർ കമ്മുല പറഞ്ഞു.

സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിക്കുന്ന ആളാണ് താനെന്ന് കമ്മുല അവകാശപ്പെട്ടു. ശ്രീറെഡ്‌ഡിയെ തനിക്ക് അറിയില്ലെന്നും അവരെ കാണുകയോ ഫോണിലോ നേരിട്ടോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ശേഖർ കമ്മുലയുടെ പ്രതികരണം.

ശേഖർ കമ്മുലയ്ക്ക് എതിരായി വ്യക്തമായ തെളിവുകൾ തന്റെ കൈവശമുണ്ടെന്ന് ശ്രീറെഡ്‌ഡി ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു. പ്രമുഖ സംവിധായകൻ എന്ന അഹങ്കാരമാണ് കമ്മുലയ്ക്കെന്നും എപ്പോഴും കള്ളമാണ് അദ്ദേഹം പറയുന്നതെന്നും റെഡ്‌ഡി പറഞ്ഞു. തെലുങ്ക് സ്ത്രീകൾ, തനിക്ക് കൂടെ കിടക്കാനുള്ളവരാണെന്നാണ് കമ്മുല കരുതുന്നതെന്ന് ശ്രീറെഡ്‌ഡി കുറ്റപ്പെടുത്തി. തന്റെ വീടിനു മുന്നിൽ ഒരു കാവൽക്കാരനെപ്പോലെ കറങ്ങി നടക്കുകയായിരുന്നു കമ്മുലയെന്ന് അവർ ആക്ഷേപിച്ചു.

തെലുങ്ക് സിനിമയിൽ "കാസ്റ്റിങ് കോച്ച്" നിലനിൽക്കുന്നുവെന്നും സിനിമയിലെ 90 ശതമാനം സ്ത്രീകളും അതിന്റെ ഇരകളാണെങ്കിലും ആരും അത് പുറത്തു പറയാറില്ലെന്നുമുള്ള ശ്രീറെഡ്‌ഡിയുടെ തുറന്നു പറച്ചിൽ തെലുങ്ക് സിനിമാരംഗത്ത് കോളിളക്കം സൃഷ്ടിച്ചിരുന്നു. ശേഖർ കമ്മുലയുടെ പേര് പറഞ്ഞതോടെ വിവാദത്തെ പുതിയ തലത്തിലെത്തിച്ചിരിക്കുകയാണ് ശ്രീറെഡ്‌ഡി.