നടൻ ജയസൂര്യയുടെ അനധികൃത നിർമ്മാണം പൊളിക്കുന്നു

#

കൊച്ചി (04.04.2018) : നടൻ ജയസൂര്യ ചെലവന്നൂർ കായൽ കൈയേറി നടത്തിയ അനധികൃത നിർമാണം പൊളിച്ചു മാറ്റാനുള്ള നടപടി കൊച്ചി കോർപ്പറേഷൻ ആരംഭിച്ചു. ബോട്ടുജെട്ടിയും ചുറ്റുമതിലുമാണ് പൊളിക്കുന്നത്.

കൈയേറ്റം പൊളിക്കുന്നതിനെതിരായി തദ്ദേശ ട്രൈബ്യൂണലിൽ ജയസൂര്യ നൽകിയ ഹർജി കഴിഞ്ഞ മാസം തള്ളിയിരുന്നു. കായൽതീരത്ത് സ്ഥലം വാങ്ങുന്നതിനും കെട്ടിടം നിർമ്മിക്കുന്നതിനും തീരദേശ പരിപാലന അതോറിറ്റിയുടെ മുൻ‌കൂർ അനുമതി ആവശ്യമാണ്. കെട്ടിടം നിർമ്മിക്കാൻ തീരദേശ പരിപാലന അതോറിറ്റി അംഗീകാരം നൽകിയിരുന്നില്ല.

ജയസൂര്യ കായല്‍ കൈയേറി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നതായി ഒന്നര വര്‍ഷം മുമ്പ് എറണാകുളം സ്വദേശി ബാബു പരാതിനല്‍കിയതിനെ തുടർന്ന് വിജിലൻസ് കോടതി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തെങ്കിലും കേസിൽ തുടർനടപടികൾ ഉണ്ടായില്ല.