ദരിദ്രവാസികളെ ആർക്ക് വേണം ?

#

(05.04.2018) : കേരള നിയമസഭയിൽ എന്ത് ചെറിയ കാര്യത്തിനും തമ്മിൽ തല്ലുന്ന ഭരണകക്ഷി പ്രതിപക്ഷ അംഗങ്ങൾ എല്ലാ ഭിന്നതകളും മറന്ന് ഒന്നിക്കുന്നത് സ്വന്തം ശമ്പളവും അലവൻസുകളും വർദ്ധിപ്പിക്കുന്ന കാര്യത്തിൽ മാത്രമാണ്. ജനങ്ങളുടെ നികുതിപ്പണം കയ്യിട്ടു വാരുന്നതിൽ ഒരു ഉളുപ്പും രണ്ടു കൂട്ടർക്കുമില്ല. സ്വന്തം ശമ്പളം കൂട്ടുന്ന കാര്യത്തിൽ ചർച്ചയ്ക്ക് വേണ്ടിയൊന്നും സമയം കളയേണ്ടി വരാറില്ല. പതിവുകൾ തെറ്റിച്ചുകൊണ്ട് കഴിഞ്ഞ ദിവസം എം.എൽ.എ മാരുടെ ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കുന്നതല്ലാത്ത ഒരു പ്രശ്നത്തിൽ നിയമസഭയിലെ ഒരാൾ ഒഴികെയുള്ള എല്ലാ അംഗങ്ങളും ഒറ്റക്കെട്ടായി. പാലക്കാട് കരുണ, കണ്ണൂർ മെഡിക്കൽ കോളേജുകളിൽ ദശലക്ഷക്കണക്കിന് രൂപ കോഴ നൽകി വഴിവിട്ട് പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ പ്രവേശനം ക്രമപ്പെടുത്താൻ വേണ്ടിയുള്ള ബിൽ പാസാക്കുന്ന കാര്യത്തിലാണ് ഭരണകക്ഷിയും പ്രതിപക്ഷവും തമ്മിലുള്ള അസാധാരണമായ ഐക്യം കാണാൻ കഴിഞ്ഞത്.

പണത്തിന്റെ ബലത്തിൽ മാത്രം പ്രവേശനം നേടിയ, റാങ്ക് ലിസ്റ്റിൽ വളരെ താഴെയുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി ഇടതുമുന്നണി സർക്കാരിന്റെ വിദ്യാർത്ഥിസ്നേഹം കര കവിഞ്ഞൊഴുക്കുകയായിരുന്നു. സുതാര്യത പുലർത്തുകയോ മാനദണ്ഡങ്ങൾ പാലിക്കുകയോ ചെയ്യാതെ മാനേജ്‌മെന്റുകൾ നടത്തിയ പ്രവേശനം അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിരുന്നു. മെഡിക്കൽ കൗൺസിലിന്റെ നിലപാടിനെ കോടതികൾ ശരി വയ്ക്കുകയും ചെയ്തു. മെഡിക്കൽ കൗൺസിലിനെയും കോടതിയെയും അവഗണിച്ച് സ്വാശ്രയ മാനേജ്‌മെന്റിനോടൊപ്പം പാറ പോലെ ഉറച്ചുനിൽക്കാനാണ് ഇടതുമുന്നണി സർക്കാർ തീരുമാനിച്ചത്. വിദ്യാർത്ഥികളുടെ ഭാവിയെ കരുതിയാണ് തങ്ങൾ കോടതിയെ വെല്ലുവിളിക്കുന്നതെന്നാണ് സർക്കാർ പറഞ്ഞത്. ഇക്കാര്യത്തിൽ പ്രതിപക്ഷം സർക്കാരിന് പൂർണ്ണ പിന്തുണ നൽകി. എല്ലാം വിദ്യാർത്ഥികളുടെ ഭാവിയെ കരുതി മാത്രം !

സ്വാശ്രയ മാനേജ്‌മെന്റുകളെയും കോഴ നൽകി പ്രവേശനം നേടിയ കുട്ടികളെയും വഴിവിട്ട് സഹായിക്കുന്ന ബിൽ നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ കോൺഗ്രസ് അംഗം വി.ടി.ബൽറാം ക്രമപ്രശ്‌നത്തിലൂടെ ബില്ലിനെ എതിർത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയിൽവച്ച് കയ്യോടെ തന്നെ ബൽറാമിനെ തള്ളിപ്പറയുകയും ചെയ്തു. സ്വാശ്രയ കോളേജ് എന്ന ആശയത്തെ തന്നെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുകയും സ്വാശ്രയ പ്രവേശന പരീക്ഷാകേന്ദ്രങ്ങളിലേക്ക് രക്തരൂക്ഷിതമായ പ്രകടനങ്ങൾ നടത്തുകയും ചെയ്ത ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ ബില്ലിനെതിരായി ഒരക്ഷരം പറഞ്ഞില്ല. വൻകോഴ കൊടുത്ത് പ്രവേശനം നേടിയ കുട്ടികളിൽ ആരെങ്കിലും ആത്മഹത്യ ചെയ്‌താൽ ആരുത്തരം പറയുമെന്നാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ ചോദ്യം. ബില്ലിനെ എതിർത്ത ഏക രാഷ്ട്രീയ  നേതാവ് വി.എം.സുധീരനാണ്. എ.ഐ.വൈ.എഫ് സംസ്ഥാനക്കമ്മിറ്റിയും ഒരു പ്രസ്താവനയിലൂടെ ബില്ലിനെ എതിർത്തു. ഇങ്ങനെ തീർത്തും ഒറ്റപ്പെട്ട ചില അഭിപ്രായ പ്രകടനങ്ങൾ ഒഴിച്ചാൽ കേരളത്തിലെ ഇടതുപക്ഷത്തും മറുപക്ഷത്തുമുള്ള രാഷ്ട്രീയപാർട്ടികൾ ഒറ്റക്കെട്ടായി സ്വാശ്രയ മാനേജ്‌മെന്റിന്റെ അഴിമതിക്ക് കൂട്ടുനിന്നു എന്നത് നാമെത്തിനിൽക്കുന്ന രാഷ്ട്രീയാവസ്ഥയുടെ ഭീകരത ബോദ്ധ്യപ്പെടുത്തുന്നു.

ആദർശം പറഞ്ഞ് അവസരം നഷ്ടപ്പെടുത്തരുത് എന്നതാണ് ഉമ്മൻചാണ്ടിയുടെ ആപ്തവാക്യം. അതുകൊണ്ടു തന്നെ, കോടതി, ഓർഡിനൻസ് അസാധുവാക്കിയതിന് ശേഷവും സർക്കാരിനെ ഉമ്മൻചാണ്ടി ശക്തമായി ന്യായീകരിക്കുന്നതിൽ അത്ഭുതമില്ല. താൻ ആരുടെ കൂടെയാണെന്ന് വ്യക്തമാക്കിയേ മതിയാകൂ അദ്ദേഹത്തിന്. വിദ്യാർത്ഥികളുടെ താല്പര്യം സംരക്ഷിക്കാനാണ് തങ്ങൾ ബിൽ കൊണ്ടുവന്നതെന്നാണ് കോടതി വിധി വന്നതിനുശേഷവും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നത്. പ്രതികരണത്തിൽ പിശുക്ക് കാണിക്കാത്ത സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇക്കാര്യത്തിൽ എന്തെങ്കിലും പറഞ്ഞതായി കേട്ടില്ല. യു.ഡി.എഫിന്റെ കാര്യം അവിടെ നിൽക്കട്ടെ. വിദ്യാഭ്യാസക്കച്ചവടത്തിന് എതിരായ സമരങ്ങളിലെ രക്തസാക്ഷികളുടെ പേരിൽ ആവേശം കൊള്ളുകയും ഇപ്പോഴും അധരവിപ്ലവം നടത്തുകയും ചെയ്യുന്ന ഇടതുപക്ഷപ്പാർട്ടികളും അവരുടെ വിദ്യാർത്ഥി-യുവജന സംഘടനകളും ജനങ്ങളോട് മാപ്പ് പറയാൻ തയ്യാറാകണം.

വിദ്യാഭ്യാസക്കച്ചവടം എന്നൊക്കെ പണ്ട് പറഞ്ഞത് തെറ്റായിരുന്നു എന്നും പണം ഉള്ളവരുടെ കുട്ടികൾ മാത്രം പഠിച്ചാൽ മതിയെന്നും കച്ചവടത്തിന്റെ വിഹിതം തങ്ങൾക്കും കിട്ടണം എന്നത് മാത്രമാണ് പ്രശ്നമെന്നും ഇടതുപക്ഷം തുറന്നു പറയണം. ഇടതുപക്ഷം എന്ന് അവകാശപ്പെടുന്ന പാർട്ടികളുടെയൊക്കെ പുറകേ, ഇനിയും കൊടി പിടിച്ചു നടക്കുന്ന കുറേ പാവങ്ങളെങ്കിലും രക്ഷപ്പെടട്ടെ. കൊടി പിടിക്കാനും മുദ്രാവാക്യം വിളിക്കാനും തല്ലു കൊള്ളാനും ജയിലിൽ കിടക്കാനും മാത്രം അറിയാവുന്ന ആ പാവങ്ങൾ പോയതുകൊണ്ട് പാർട്ടികൾക്ക് ഒന്നും നഷ്ടപ്പെടാനില്ല. സ്വാശ്രയ മുതലാളിമാരും കോടികൾ കോഴകൊടുക്കാൻ കഴിവുള്ളവരും നാട്ടിലും മറുനാടുകളിലുമുള്ള കള്ളപ്പണക്കാരും കൂടെയുള്ളപ്പോൾ ദരിദ്രവാസികളെ ആർക്ക് വേണം?