സൽമാൻ ഇന്നും ജയിലിൽ : ജാമ്യാപേക്ഷയിൽ വിധി നാളെ

#

ന്യൂഡൽഹി (06.04.2018) : സൽമാൻഖാന്റെ ജാമ്യഅപേക്ഷയിൽ ജോധ്പൂർ സെഷൻസ് കോടതി നാളെ വിധി പറയും. ഇന്ന് ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായ സൽമാനെ ജയിലിൽ സഹോദരിമാരായ അർപിതയും അൽവിരയും സന്ദർശിച്ചു. ഇന്നലെ സ്വന്തം വസ്ത്രം ധരിക്കാൻ അനുവദിച്ചെങ്കിലും ഇന്ന് സൽമാന് ജയിൽ വസ്ത്രങ്ങൾ നൽകി. നടിയും അടുത്ത സുഹൃത്തുമായ പ്രിറ്റി സിൻറ്റ്യയും ജയിലിലെത്തി സൽമാൻ ഖാനെ കണ്ടു.

കൃഷ്ണമൃഗവേട്ടയുമായി ബന്ധപ്പെട്ട കേസിൽ 1998, 2006, 2007 വർഷങ്ങളിൽ മൂന്നു തവണയായി 18 ദിവസങ്ങൾ സൽമാൻ ഖാൻ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. സൽമാന് ജാമ്യത്തിനുവേണ്ടി ഹാജരാകരുതെന്ന് ആവശ്യപ്പെടുന്ന ഭീഷണി എസ്.എം.എസുകളും ഇന്റർനെറ്റ് കാളുകളും തനിക്ക് ലഭിച്ചതായി സൽമാൻഖാന് വേണ്ടി കോടതിയിൽ ഹാജരാകുന്ന അഭിഭാഷകരിൽ ഒരാളായ മഹേഷ് ബോറ പറഞ്ഞു. നാളെ ജോധ്പൂർ സെഷൻസ് കോടതിയിൽനിന്ന് സൽമാന് ജാമ്യം ലഭിക്കുമെന്ന്തന്നെയാണ് അഭിഭാഷകരുടെ പ്രതീക്ഷ.